കോവിഡിനേക്കാൾ മാരകം, പക്ഷേ അത്രത്തോളം വ്യാപനശേഷിയില്ല; മറ്റൊരു മഹാമാരിയാവുമോ ഹാന്റാ വൈറസ്?

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് വ്യാപനത്തേത്തുടർന്ന് മൂന്നുപേർ മരിച്ചത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനുപിന്നാലെ എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ മറ്റൊരു കോവിഡ് മഹാമാരിയാകുമോ ഹാന്റാ വൈറസ് എന്ന ആശങ്ക നിരവധിപേർക്കുണ്ട്. എന്നാൽ ഹാന്റാ വൈറസ് കോവിഡിനേപ്പോലെയല്ലെന്ന് പറയുകയാണ് ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. മരിയ വാൻ കെർക്കോവ്.

വ്യത്യസ്തമായാണ് ഹാന്റാ വൈറസ് പടരുന്നത്. അടുത്ത സമ്പർക്കം പുലർത്തിയ സാഹചര്യങ്ങളി‍ൽ മാത്രമാണ് ഹാന്റാ വൈറസിന്റെ വകഭേദമായ ആൻഡീസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നിട്ടുള്ളതെന്ന് മുൻകാല കേസുകൾ ചൂണ്ടി മരിയ പറഞ്ഞു. 

"ഇത് കൊറോണ വൈറസല്ല. വളരെ വ്യത്യസ്തമായ ഒരു വൈറസാണ്, വളരെക്കാലമായി നിലവിലുള്ള ഒന്നുമാണ്. ഒരു മഹാമാരിയുടെ തുടക്കവുമല്ല. ഒരു കപ്പലിൽ പരിമിതമായ പ്രദേശത്താണ് വൈറസ് പടരുന്നത്."- ഡോ. മരിയ വാൻ കെർക്കോവ് പറയുന്നു.

ഹാൻ്റാ വൈറസ് പ്രധാനമായും എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു സൂണോട്ടിക് രോഗമാണ്, അതേസമയം കോവിഡ്-19 ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന വളരെ പകർച്ചവ്യാധിയുള്ള വൈറസാണ് എന്നതാണ് ഈ രണ്ട് വൈറസുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ന് മരിയ പറയുന്നു. രണ്ടും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും ഹാൻ്റാ വൈറസ് കൂടുതൽ മാരകമാണ്. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് കാര്യമായി പടരാത്തതിനാൽ മഹാമാരിക്ക് കാരണമാകാനുള്ള സാധ്യത വളരെ കുറവാണ്.

2018-2019 കാലയളവിൽ അർജൻ്റീനയിൽ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ വിഭാഗം അലേർട്ട് ആൻഡ് റെസ്പോൺസ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് പറഞ്ഞു. അന്ന് രോഗലക്ഷണങ്ങളുള്ള ഒരാൾ നിരവധിപേർ പങ്കെടുത്ത ഒരുപരിപാടിയിൽ പോയതാണ് പലർക്കും രോഗം ബാധിക്കാൻ കാരണമായത്. പൊതുസമൂഹവുമായി സമ്പർക്കമില്ലാത്ത വിഭാഗമാണ് കപ്പലിലുള്ളത്. സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും സാമൂഹിക അകലം പാലിക്കുകയും ക്വാറന്റൈൻ നിർദേശിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാനാവും. വലിയൊരു പകർച്ചവ്യാധിയാകുമെന്ന് കരുതുന്നില്ലെന്നും ഡോ. മുഹമ്മദ് വ്യക്തമാക്കി.

കൃത്യമായ നടപടികളിലൂടെ ഹാന്റാ വൈറസിന്റെ പകർച്ച നിയന്ത്രിക്കാൻ കഴിയുകയും ഇതോടെ വ്യാപനം കുറയുകയും ചെയ്യുമെന്നും ഡോ. മുഹമ്മദ് പറഞ്ഞു

വായുവിൽ തങ്ങിനിൽക്കാനും അടച്ചിട്ട മുറിയിൽ വലിയ വ്യാപനത്തിനും കാരണമാകുന്നതാണ് കോവിഡ് വൈറസ്. എന്നാൽ ഹാന്റാ വൈറസിൽ ദീർഘകാലം അടുത്ത സമ്പർക്കമുണ്ടാകുന്നതിലൂടെ മാത്രമേ രോഗം പടരൂ. അതുകൊണ്ടാണ് ഹാന്റവൈറസ് പലപ്പോഴും പ്രാദേശികമായി മാത്രം വ്യാപിക്കുന്നത്.

അതിനിടെ ആൻഡീസ് വൈറസിൻ്റെ ഇൻക്യുബേഷൻ കാലയളവ് ആറ് ആഴ്ചവരെ ആയതിനാൽ, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നും എന്നാൽ പൊതുജനാരോഗ്യത്തിന് അപകടമാവാനുള്ള സാധ്യത നിലവിൽ കുറവാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രെസൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.

കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോകുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.

എന്താണ് ഹാന്റാ വൈറസ്?

എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേരുലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീര വേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.

ചികിത്സ

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.

Content Highlights: Hantavirus is a zoonotic disease primarily spread by rodents, not human-to-human like COVID-19., The WHO confirms the MV Hondius outbreak is localized and not the start of a global pandemic