ഹാന്റാ വൈറസ്; കേസുകൾ ഉയരാൻ സാധ്യത, രോഗവ്യാപനം തടയാൻ കപ്പലിൽ നടപടികൾ സ്വീകരിക്കുന്നു- WHO

എം.വി ഹോൺഡിയസ് കപ്പൽ| Photo: AFP
എം.വി ഹോൺഡിയസ് കപ്പൽ| Photo: AFP

എംവി ഹോണ്ടിയസ് എന്ന കപ്പലിലെ ഹാന്റാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ കേസുകൾ പുറത്തുവരാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ ആൻഡീസാണ് നിലവിലെ വ്യാപനത്തിന് പിന്നിൽ. രോഗവ്യാപനം തടയാൻ കപ്പലിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.

അടുത്ത സമ്പർക്കത്തിലൂടെ പടരാനിടയുള്ള വകഭേദമാണ് ആൻഡീസ്. ഇതിന്റെ പകർച്ചാകാലയളവ് ആറാഴ്ച വരെയാകാം. അതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ഹാന്റാ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പുണ്ടായിട്ടുള്ള ഹാന്റാ വൈറസ് കേസുകളിലെല്ലാം രോഗബാധിതർ അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ടതുവഴിയാണ് രോഗവ്യാപനമുണ്ടായിട്ടുള്ളത്. പങ്കാളികൾ, കുടുംബാംഗങ്ങൾ, വൈദ്യസഹായം നൽകുന്നവർ തുടങ്ങിയവരിലാണ് കൂടുതലും രോഗപ്പകർച്ച സാധ്യതയുള്ളത്. കപ്പലിലെ യാത്രികരിലും ഇതിനുള്ള സാഹചര്യമുണ്ടെന്നത് കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്.

ആദ്യമായി രോഗബാധിതനായ വ്യക്തിക്ക് ഏപ്രിൽ 6-നാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിത്. ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് മരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ രോഗലക്ഷണങ്ങൾ മറ്റ് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് സമാനമായിരുന്നതിനാൽ തുടക്കത്തിൽ ഹാന്റാ വൈറസ് സംശയിച്ചിരുന്നില്ല. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും രോഗബാധിതയാവുകയും ഏപ്രിൽ 25-ന് വിമാനയാത്രയ്ക്കിടെ നില വഷളായതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ വെച്ച് മരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങൾ പ്രകടമായി ദിവസങ്ങൾക്കുള്ളിൽ മേയ് 2-ന് മൂന്നാമത്തെ യാത്രക്കാരനും മരണപ്പെട്ടു.

രോഗവ്യാപനം തടയാൻ കപ്പലിൽ നിരവധി നിയന്ത്രണ നടപടികൾ നടപ്പാക്കിയിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു. ഐസൊലേഷൻ, ശുചീകരണ നടപടിക്രമങ്ങൾ, അണുനശീകരണം, രോഗലക്ഷണ നിരീക്ഷണം, എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും വൈദ്യ പരിശോധന എന്നിവ ഉൾപ്പെടെയാണിത്. കപ്പൽ സ്പെയിനിൽ എത്തുന്നതുവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നെതർലൻഡ്‌സിലെയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിലെയും വിദഗ്ധരോടൊപ്പം ഡബ്ല്യുഎച്ച്ഒ വിദഗ്ധനും കപ്പലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകം സുരക്ഷിതമായിരിക്കേണ്ടതിനാൽ വൈറസ് സംബന്ധിച്ച വിവരങ്ങളെല്ലാം കൃത്യമായി പങ്കുവെക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുണ്ടാകുന്നത് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. വൈറസുകളുടെ കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ഐക്യദാർഢ്യം ആവശ്യമായ സാഹചര്യമാണ് ഇതെന്നും ഡോ.ടെഡ്രോസ് കൂട്ടിച്ചേർത്തു.

2018-2019 കാലയളവിൽ അർജന്റീനയിൽ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ വിഭാഗം അലർട്ട് ആൻഡ് റെസ്പോൺസ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് പറഞ്ഞു. അന്ന് രോഗലക്ഷണങ്ങളുള്ള ഒരാൾ നിരവധിപേർ പങ്കെടുത്ത ഒരുപരിപാടിയിൽ പോയതാണ് പലർക്കും രോഗം ബാധിക്കാൻ കാരണമായത്. പൊതുസമൂഹവുമായി സമ്പർക്കമില്ലാത്ത വിഭാഗമാണ് കപ്പലിലുള്ളത്. സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും സാമൂഹിക അകലം പാലിക്കുകയും ക്വാറന്റൈൻ നിർദേശിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാനാവും. വലിയൊരു പകർച്ചവ്യാധിയാകുമെന്ന് കരുതുന്നില്ലെന്നും ഡോ. മുഹമ്മദ് വ്യക്തമാക്കി.

ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.

കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.

എന്താണ് ഹാന്റാ വൈറസ്?

എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.

1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.

ലക്ഷണങ്ങൾ

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.

ചികിത്സ

ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.

Content Highlights: WHO warns of potential new Hantavirus cases on the MV Hondius., The outbreak is caused by the rare Andes strain of Hantavirus.