‘അഞ്ചുവയസ്സിനു താഴെയുള്ളവരും 65-നു മുകളിലുള്ളവരും ശ്രദ്ധിക്കണം’; എച്ച്1എൻ1, ലക്ഷണങ്ങളും പ്രതിരോധവും

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എച്ച്1എൻ1 പടരുകയാണ്. നിലവിലെ വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പുതിയ വകഭേദമല്ല രോഗകാരണമാകുന്നതെന്നും ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ പ്രൊഫ. നിർമൽ കുമാർ ഗാംഗുലി പറഞ്ഞു.
നിലവിൽ പടരുന്ന ഇൻഫ്ലുവൻസ വ്യാപനം പുരാതനകാലം മുതലേയുള്ളതാണ്. ഒന്നാം ലോകമഹായുദ്ധ കാലത്താണ് ഇത്തരത്തിലുള്ള ഇൻഫ്ലുവൻസ വൈറസ് വ്യാപനം ആദ്യമായി ശ്രദ്ധിക്കുന്നത്. അന്ന് സ്പെയിനിൽ സ്ഥിരീകരിച്ച രോഗത്തെ സ്പാനിഷ് ഫ്ലൂ എന്നാണ് വിളിച്ചിരുന്നത്. സ്പെയിനിലും ഫ്രാൻസിലും വലിയൊരു മഹാമാരിയായി പൊട്ടിപ്പുറപ്പെടുകയും നിരവധി പേർ മരിക്കുകയും ചെയ്തു. അതിനുശേഷം പതിവായി പൊട്ടിപ്പുറപ്പെടുകയും ജനിതകവ്യതിയാനം സംഭവിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തേത് പുതിയ വൈറസല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സീസണിലെ 98 ശതമാനവും എച്ച്1എൻ1 ഫ്ലൂ കേസുകളാണെന്നും പനിക്കൊപ്പം നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടാൽ ചികിത്സ വൈകിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം കാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഇക്കാലത്ത് പ്രധാനമാണ്. ഇത് പുതിയ വൈറസായിരുന്നെങ്കിൽ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയേനെ എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികൾ അറുപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും നിർമൽ കുമാർ പറഞ്ഞു. കീമോതെറാപ്പി രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, അവയവമാറ്റം കഴിഞ്ഞവർ തുടങ്ങിയ വിഭാഗവും അതീവജാഗ്രത പുലർത്തണം.
എന്താണ് എച്ച്1 എൻ1?
ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളിൽ ശക്തമായ ലക്ഷണങ്ങൾ ഉണ്ടാകാം. ഇവരിൽ അസാധാരണമായ പനി, ശ്വാസംമുട്ടൽ എന്നിവയൊക്കെ കാണാൻ സാധിക്കും. എന്നാ,ൽ മറ്റുള്ളവരിൽ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിൽ വൈദ്യശാസ്ത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികൾ പരിപൂർണ്ണ വിശ്രമം എടുക്കുക. പനിയുള്ളവർ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ പോകാതിരിക്കുകയും വീട്ടിൽതന്നെ വിശ്രമിക്കുകയും വേണം. കൈകൾ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ- വൃക്കരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാൽ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളിൽ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
മരുന്നുകൾ
വൈറസിനെ നശിപ്പിക്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്നാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നവരിൽ രോഗപ്രതിരോധത്തിനും ഈ മരുന്ന് നൽകാറുണ്ട്. ചികിത്സയ്ക്കായി അഞ്ചുദിവസത്തേക്കും പ്രതിരോധത്തിനായി 10 ദിവസത്തേക്കുമാണ് മരുന്ന് നൽകുന്നത്. ഡോക്ടറുടെ നിർദേശപ്രകാരംമാത്രം ഉപയോഗിക്കണം.
പ്രതിരോധം എങ്ങനെ?
വീടുകളിൽ
- രോഗലക്ഷണങ്ങളുള്ളവർ എത്രയും വേഗം വൈദ്യസഹായം തേടണം.
- രോഗലക്ഷണങ്ങൾ കുറയുന്നതുവരെ വീടുകളിൽത്തന്നെ തുടരണം. യാത്രകളും മറ്റും ഒഴിവാക്കുക.
- വീട്ടിലുള്ള മറ്റുള്ളവരുമായും പുറത്തുള്ളവരുമായുള്ള സമ്പർക്കം കഴിവതും കുറയ്ക്കുക
- കൈകൾ വൃത്തിയായി കഴുകുക. രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഓരോ തവണയും കൈകഴുകാൻ മറക്കരുത്.
- രോഗബാധിത മേഖലകളിലേക്കുള്ള യാത്രകളും രോഗം ബാധിച്ചവരെ സന്ദർശിക്കുന്നതും പറ്റുമെങ്കിൽ ഒഴിവാക്കുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും കവർചെയ്യുക. രോഗാണുക്കൾ പകരാതിരിക്കാൻ ഇത് സഹായിക്കും.
- ആരോഗ്യവകുപ്പിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക
- ഗുരുതരമായ അസുഖത്തിന്റെ ലക്ഷണങ്ങൾ രോഗിയിൽ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക
- അപകടസാധ്യത കൂടുതലുള്ള ആളുകൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുക.
സ്കൂളുകളിൽ
- രോഗം പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായാൽ സ്കൂൾ അസംബ്ലി അത്യാവശ്യമുള്ളപ്പോൾ മാത്രം നടത്തുക
- കുട്ടികളിൽ രോഗലക്ഷണങ്ങളുണ്ടോ എന്ന് അധ്യാപകർ ശ്രദ്ധിക്കണം
- അധ്യാപകർക്കോ മറ്റു ജീവനക്കാർക്കോ അസുഖം വന്നാൽ വീട്ടിൽത്തന്നെയായിരിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണമുള്ളവർ സ്കൂളുകളിൽ പോകരുത്
- കുട്ടികൾ കൈ വൃത്തിയായി കഴുകുന്നത് ശീലമാക്കണം
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാൻ പഠിപ്പിക്കണം
- ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിക്കണം. കുട്ടികൾക്ക് വായിക്കാൻ ചെറിയ ലീഫ് ലെറ്റുകൾ കൊടുക്കണം
Content Highlights: ICMR confirms the current H1N1 flu spread is not a new viral strain., Children under five and adults over 65 are at higher risk., Symptoms include high fever, body aches, chest pain, and breathing difficulty.