ഫാറ്റി ലിവർ പ്രതിരോധിക്കാൻ രോഗം തുടക്കത്തിൽ കണ്ടെത്തുന്ന ഗോവ മോഡൽ, നടക്കുേമാ കേരളത്തിലും?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ പ്രതിരോധിക്കാൻ സ്ക്രീനിങ് പരിശോധനകൾ നടത്താൻ ഗോവയിലെ സർക്കാർ തയ്യാറെടുക്കുന്നു. ലക്ഷണങ്ങളില്ലാതെ നിശ്ശബ്ദമായി പുരോഗമിക്കുന്ന രോഗം തുടക്കത്തിൽ കണ്ടെത്തി ഭാവിയിലെ അപകടം ഒഴിവാക്കുകയാണ് ‘ലിവർ ഫോർ എവർ’ എന്നുപേരിട്ട പദ്ധതിയുടെ ലക്ഷ്യം. മൂന്നുലക്ഷം മുതിർന്ന പൗരന്മാരെയാണ് സ്ക്രീനിങ്ങിന് വിധേയമാക്കുക. ഔഷധനിർമാണ കമ്പനിയുടെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്. മദ്യപിക്കാത്തവരിൽ വന്നെത്തുന്ന നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉൾപ്പെടെ കേരളത്തിൽ ചെറുപ്പക്കാരിലടക്കം വളരെ വ്യാപകമായതിനാൽ അനുകരിക്കാവുന്ന മാതൃകയാണിത്.
ഫാറ്റി ലിവർ രണ്ടുതരത്തിൽ
അമിത മദ്യപാനംമൂലമുണ്ടാകുന്ന 'ആൽക്കഹോളിക് ഫാറ്റി ലിവർ'. മദ്യപാനശീലം ഇല്ലാത്തവരിൽ ഉണ്ടാകുന്ന 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. 40 കഴിഞ്ഞ രണ്ടിലൊരാളിൽ ഫാറ്റി ലിവറിന്റെ ഏതെങ്കിലും ഘട്ടം കാണപ്പെടുന്നു എന്നതാണ് കേരളത്തിലെ സ്ഥിതി.
സ്ക്രീനിങ്ങിന്റെ പ്രസക്തി
ഫാറ്റി ലിവർ രണ്ടു പതിറ്റാണ്ടോളം ലക്ഷണങ്ങൾ പ്രകടമാക്കില്ല. പിന്നെ കരൾ കോശങ്ങൾ വീർക്കും. ക്രമേണ വടുക്കൾ രൂപപ്പെടും (ഫൈബ്രോസിസ്). കരളിന്റെ പ്രവർത്തനശേഷി കുറയും. അത് സിറോസിസിലേക്കും കാൻസറിലേക്കും നയിക്കും. സിറോസിസ് വന്നാൽ ചികിത്സിക്കാൻ പ്രയാസകരമാണ്. കരൾ മാറ്റിവെക്കലൊക്കെ വേണ്ടിവരും. അതിനാൽ ഫാറ്റി ലിവർ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തലാണ് മുന്നിലെ വഴി.
രോഗ കാരണങ്ങൾ
അമിതഭാരവും പൊണ്ണത്തടിയും, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, വ്യായാമമില്ലായ്മ, ജങ്ക്ഫുഡുകളുടെ അമിതോപയോഗം, ചില ജനിതകഘടകങ്ങൾ.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. രോഗം മൂർച്ഛിക്കുമ്പോൾ വയറിന്റെ വലതുഭാഗത്ത് അസ്വസ്ഥത, വേദന, അമിതമായ ക്ഷീണം, കണ്ണിലും ചർമത്തിലും മഞ്ഞനിറം, വിശപ്പില്ലായ്മ, ഭാരം കുറയൽ.
പ്രതിരോധം
ഫാറ്റി ലിവർ തടയാൻ ജീവിതശൈലി മാറേണ്ടതുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി പിന്തുടരുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ ശീതളപാനീയങ്ങൾ, അമിതമായി സംസ്കരിച്ച് നാരുകൾ നീക്കിയവ, ബീഫ്, മട്ടൺ മുതലായ ചുവന്ന മാംസം, വനസ്പതി പോലുള്ള ട്രാൻസ്‍ഫാറ്റ് എന്നിവ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴവർഗങ്ങൾ, നട്സ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അമിതവണ്ണമുള്ളവർ ശരീരഭാരം ക്രമീകരിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. മദ്യപാനം ഒഴിവാക്കുക. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കുക.
Content Highlights: Goa launches 'Liver Forever' to screen 300,000 adults for fatty liver., Early detection is critical as fatty liver is often asymptomatic for two decades., Progression leads to fibrosis, cirrhosis, and potential liver cance