യൂട്യൂബ് വീഡിയോ കണ്ട് വണ്ണംകുറയ്ക്കാൻ ശ്രമം; മധുരയിൽ പത്തൊമ്പതുകാരി മരിച്ചു

മധുര: അശാസ്ത്രീയമായ രീതിയിൽ വണ്ണംകുറയ്ക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. മധുര മീനാംബൽപുരത്തുനിന്നുള്ള പത്തൊമ്പതുകാരിയായ കലൈയരസിക്കാണ് ജീവൻ നഷ്ടമായത്. യൂട്യൂബിൽ കണ്ട വീഡിയോയിൽ പറയുന്നതനുസരിച്ച് ബോറാക്സ് കഴിച്ചാണ് പെൺകുട്ടി വണ്ണംകുറയ്ക്കാൻ ശ്രമിച്ചത്.
ജനുവരി പതിനാറിനാണ് പെൺകുട്ടി ഈസ്റ്റ് മസി സ്ട്രീറ്റിലെ മെഡിക്കൽ ഷോപ്പിൽനിന്നു ബോറാക്സ് വാങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി പതിനേഴിന് രാവിലെ ഒമ്പതു മണിയോടെയാണ് പെൺകുട്ടി ബോറാക്സ് ഉപയോഗിച്ചത്. കഴിച്ചയുടൻ കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെട്ട പെൺകുട്ടിയെ മുനിച്ചാലൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സ നൽകി വീട്ടിലെത്തിക്കുകയും ചെയ്തു. എന്നാൽ, വൈകുന്നേരമായതോടെ ലക്ഷണങ്ങൾ കൂടുകയും അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രാത്രി പതിന്നൊന്നുമണിയോടെ ആരോഗ്യനില വഷളാവുകയും രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അടുത്തിടെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽനിന്നു സമാനമായ വാർത്ത പുറത്തുവന്നിരുന്നു. വണ്ണംകുറയ്ക്കാൻ മൂന്നു മാസത്തോളം ജ്യൂസ് മാത്രം കുടിച്ച പതിനേഴുകാരനാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ പതിനെട്ടുകാരിയായ ശ്രീനന്ദജ മരിച്ചതും യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിനേത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ്.
വിദഗ്ധരുടെ മേൽനോട്ടത്തോടെയും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയും മാത്രമാണ് വണ്ണംകുറയ്ക്കേണ്ടത്. തിരിച്ചറിയപ്പെടാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ എല്ലാ ആഹാരരീതിയും അനുയോജ്യമാകണമെന്നില്ല.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
- ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: A 19-year-old girl died after attempting unscientific weight loss by consuming borax, as seen on YouTube.