ദഹനക്കുറവിന്റേതെന്ന് കരുതും, പിന്നാലെ അർബുദം സ്ഥിരീകരിക്കും; നിശബ്ദ കൊലയാളിയാണ്, ചികിത്സ വൈകരുത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

യുവാക്കൾക്കിടയിൽ ​ഗ്യാസ്ട്രിക് കാൻസറിനുള്ള സാധ്യത ചൂണ്ടിക്കാട്ടി പഠനം. നേച്വർ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് 2008-നും 2017-നും ഇടയിൽ ജനിച്ചവരിൽ ​ഗ്യാസ്ട്രിക് കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയത്. ആ​ഗോളതലത്തിൽ ഒന്നരക്കോടിയിലേറെ പേർക്ക് അവരുടെ ജീവിതകാലയവിൽ ​ഗ്യാസ്ട്രിക് കാൻസർ സ്ഥിരീകരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ചൈനയ്ക്ക് തൊട്ടുപിന്നാലെ ഇന്ത്യയിലാണ് ​ഗ്യാസ്ട്രിക് കാൻസർ കേസുകൾ വർധിക്കുകയെന്നും പഠനത്തിലുണ്ട്. 

അമേരിക്കയ്ക്കും ആഫ്രിക്കയ്ക്കും പിന്നാലെ ​ഗ്യാസ്ട്രിക് കാൻസർ കേസുകളുടെ മൂന്നിൽ രണ്ടുഭാ​ഗവും ഏഷ്യയിലായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഐഎആർസി( International Agency for Research on Cancer)യിലേയും ലോകാരോ​ഗ്യസംഘടനയിലേയും ​ഗവേഷകരാണ് പഠനം നടത്തിയത്. 185 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. മേൽപ്പറഞ്ഞ പ്രായത്തിൽ വരുന്ന ഒന്നരക്കോടിയിലേറെ ജനങ്ങളിൽ അവരുടെ ജീവിതകാലയളവിൽ ​ഗ്യാസ്ട്രിക് കാൻസർ വന്നേക്കാമെന്നും അതിൽ 76ശതമാനവും വയറിലെ സാധാരണ ബാക്ടീരിയയായ H. pylori(Helicobacter pylori )-യുമായി ബന്ധപ്പെട്ടാണെന്നും പഠനത്തിലുണ്ട്. 

​ഗ്യാസ്ട്രിക് കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ബാക്ടീരിയൽ അണുബാധയാണെന്ന് ​പഠനത്തിൽ പറയുന്നു. ഇത് വയറിൽ ദീർഘകാലത്തേക്ക് വീക്കത്തിനും അത് ചികിത്സിക്കപ്പെടാതെയിരിക്കുന്നത് അർബുദത്തിലേക്കും നയിക്കുന്നുവെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ആ​ഗോളതലത്തിൽ അർബുദസംബന്ധമായ മരണങ്ങളിൽ അഞ്ചാംസ്ഥാനത്താണ് ​ഗ്യാസ്ട്രിക് കാൻസർ. ലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതിനാൽ തന്നെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. പ്രാരംഭഘട്ടങ്ങളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ദഹനക്കുറവിന്റേതെന്ന് നിസ്സാരമാക്കുന്നതാണ് പ്രധാന വെല്ലുവിളിയാവുകയെന്ന് വിദ​ഗ്ധർ പറയുന്നു. 

കാൻസ്‍ സ്ക്രീനിങ്ങുകൾ ഫലപ്രദമാക്കുകയും  H. pylori ബാക്ടീരിയൽ അണുബാധയ്ക്ക് ചികിത്സ വൈകിക്കാതിരിക്കലുമാണ് ​ഗ്യാസ്ട്രിക് കാൻസർ പ്രതിരോധത്തിൽ പ്രധാനമെന്ന് ​ഗവേഷകർ പറയുന്നു. നേരത്തേ കണ്ടെത്തി ചികിത്സ തേടുന്നതിലൂടെ 75ശതമാനം കേസുകളും ഫലപ്രദമായി ചികിത്സിക്കാവുന്നതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.

​ഗ്യാസ്ട്രിക് കാൻസറിന്റെ ലക്ഷണങ്ങൾ

  • വിശപ്പില്ലായ്മ, പെട്ടെന്ന് വയറുനിറഞ്ഞതുപോലെ തോന്നുക
  • അകാരണമായി ഭാരം കുറയൽ
  • സ്ഥിരമായുള്ള ദഹനപ്രശ്നങ്ങളും നെഞ്ചെരിച്ചിലും
  • ഓക്കാനവും ഛർദിയും
  • വയറുവേദന, പ്രത്യേകിച്ച് ഭക്ഷണശേഷം
  • കടുത്ത ക്ഷീണവും തളർച്ചയും
  • മലത്തിലോ ഛർദിയിലോ രക്തത്തിന്റെ അംശം
     

Content Highlights: New study reveals increased gastric cancer risk among young adults