സില്‍വര്‍ ലീഫ് ഡിസീസ് മനുഷ്യരിലും; ചെടികളിലുണ്ടാവുന്ന ഫംഗസ് ബാധ ഇന്ത്യന്‍ കര്‍ഷകനില്‍ സ്ഥിരീകരിച്ചു

ചെടികളില്‍ സില്‍വര്‍ ലീഫ് ഡിസീസ് എന്ന രോഗമുണ്ടാക്കുന്ന ഫംഗസുകളെ ലോകത്താദ്യമായി മനുഷ്യനില്‍ കകണ്ടെത്തി. 61 വയസ്സുള്ള ഇന്ത്യന്‍ കര്‍ഷകനിലാണ് ഫംഗസ്ബാധ സ്ഥിരീകരിച്ചത്. കൂണ്‍കൃഷി നടത്തിയിരുന്ന കര്‍ഷകന് മൂന്ന് മാസമായി വിട്ടുമാറാത്ത പനിയും ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആദ്യം നടത്തിയ സ്‌കാനിങുകളില്‍ ഇയാളുടെ ശ്വാസനാളത്തില്‍ അണുബാധയുണ്ടായിട്ടുള്ളതായാണ് സൂചിപ്പിക്കുന്നത്. പഴുപ്പ് പുറത്തെടുത്ത് സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ചെടികളില്‍ സില്‍വര്‍ ലീഫ് ഡിസീസ് ഉണ്ടാക്കുന്ന 'കോണ്‍ഡ്രോസ്റ്റീറിയം പര്‍പ്യൂറിയം' എന്ന ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് ചെടികളെ ബാധിക്കുമ്പോള്‍ അതിന്റെ ഇലകളെ മെറ്റാലിക്ക് ആക്കിമാറ്റുകയും പിന്നീട് അതിനെ കൊല്ലുകയും ചെയ്യും.
കൂണുകളും പൂപ്പലും യീസ്റ്റുമൊക്കെയായി നിത്യസമ്പര്‍ക്കത്തിലുള്ളയാളായിരുന്നതിനാലാണ് ഇയാള്‍ക്ക് ഫംഗസ് ബാധയുണ്ടായതെന്നാണ് വിലയിരുത്തല്‍. കൂണുകളും മറ്റ് പ്ലാന്റ് ഫംഗസുകളുമായി സമ്പര്‍ക്കമുള്ള ആളായിരുന്നു രോഗിയെന്നും അതിനാല്‍ ഈ അസുഖം ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ആരോഗ്യമുള്ളവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും ഇത് ഒരുപോലെ ബാധിക്കുന്നുവെന്നതും വലിയൊരു പ്രശ്‌നമാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
'സില്‍വര്‍ ലീഫ് ഡിസീസി'ന്റെ ലക്ഷണങ്ങള്‍
മൂന്നുമാസമായി വിട്ടുമാറാത്ത ചുമയും തൊണ്ടയ്ക്ക് ബുദ്ധിമുട്ടും ക്ഷീണവുമൊക്കെയായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സിലെ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, എന്നാണ് ഇയാലെ അഡ്മിറ്റ് ചെയ്തത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇയാളുടെ നെഞ്ചിന്റെ എക്‌സ്‌റേ ദൃശ്യങ്ങള്‍ പ്രകാരം എല്ലാം നോര്‍മലായിരുന്നുവെന്നും എന്നാല്‍ സിടി സ്‌കാന്‍ ചെയ്തപ്പോള്‍ കഴുത്തില്‍ പാരാട്രക്കിയല്‍ ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതായും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പെട്ടന്ന് കണ്ടുപിടിച്ചില്ലെങ്കില്‍ ഇത് അതീവഗുരുതരമാകും. ആന്റി-ഫംഗല്‍ മെഡിക്കേഷനുകളും സര്‍ജറിയുമാണ് ഈ രോഗത്തിന്റെ ചികിത്സാരീതികള്‍. പഴുപ്പ് എടുത്തുകളഞ്ഞശേഷം രണ്ട് മാസത്തേക്ക് ആന്റി-ഫംഗല്‍ മരുന്നാണ് ഇയാള്‍ക്ക് കഴിക്കാന്‍ നല്‍കിയതും.
ഈ ലോകത്ത് ലക്ഷക്കണക്കിന് ഫംഗസുകളുണ്ടെങ്കിലും മനുഷ്യരേയും മൃഗങ്ങളേയും ആക്രമിക്കുന്ന ഇനങ്ങള്‍ വളരെ കുറച്ചുമാത്രമാണ്. അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ ഇത്തരം ഫംഗസുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുകയും അതുവഴി ഈ മരുന്നുകള്‍ ഏല്‍ക്കാതെ വരികയും ചെയ്യും. അതിനാല്‍, കൂടുതല്‍സമയം ഇവ മനുഷ്യശരീരത്തില്‍ വസിക്കാന്‍ ഇത് ഇടയാക്കും.
Content Highlights: fungus causing silver leaf disease confirmed in indian farmer for the first time