ഗുരുതരരോഗങ്ങളാൽ വലയുന്നവർക്ക് ഡോക്ടറുടെ സഹായത്തോടെയുള്ള മരണം നിയമവിധേയമാക്കി ഫ്രാൻസ്

#Health Desk
പ്രതീകാത്മക ചിത്രം | Photo: Metal AI
പ്രതീകാത്മക ചിത്രം | Photo: Metal AI

പാരീസ്: ഭേദമാക്കാനാകാത്ത ഗുരുതരരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രായപൂർത്തിയായവർക്ക് കർശന വ്യവസ്ഥകളോടെ അസിസ്റ്റഡ് ഡൈയിങ് അനുവദിക്കുന്ന ബില്ലിന് ഫ്രാൻസിന്റെ ദേശീയ അസംബ്ലി അന്തിമ അംഗീകാരം നൽകി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 2023-ൽ പ്രഖ്യാപിച്ച ദയാവധത്തിന് അനുകൂലമായ നിയമനിർമാണത്തിന്റെ പ്രധാന ഭാഗമാണിത്.

സെനറ്റ് ബിൽ തള്ളിയെങ്കിലും ഫ്രഞ്ച് നിയമപ്രകാരം ദേശീയ അസംബ്ലിക്കാണ് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം. എന്നാൽ, ബിൽ പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ഭരണഘടനാസമിതിയുടെ പരിശോധനകൂടി പൂർത്തിയാകണം.

പുതിയനിയമപ്രകാരം രോഗിക്ക് മരണംവരിക്കുന്നതിനുള്ള മരുന്ന് ഡോക്ടറുടെ നിർദേശമനുസരിച്ച് സ്വയമേവ സ്വീകരിക്കാം. 18 വയസ്സ് പൂർത്തിയായ ഫ്രഞ്ച് പൗരർക്കും നിയമപരമായി ഫ്രാൻസിൽ താമസിക്കുന്നവർക്കുമാണ് നിയമം ബാധകം. സ്വന്തം ഇഷ്ടപ്രകാരമാണ് അപേക്ഷ നൽകേണ്ടത്. ഗുരുതര മാനസികരോഗമുള്ളവർക്കും അൽസ്ഹൈമേഴ്‌സ് പോലുള്ള രോഗമുള്ളവർക്കും ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല.

അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം ആരോഗ്യവിദഗ്ധർ പരിശോധിക്കും. അനുമതി ലഭിച്ചാൽ രോഗിക്ക് വീട്ടിലോ ആരോഗ്യസ്ഥാപനത്തിലോ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മരുന്ന് സ്വീകരിക്കാം. ഡോക്ടറോ നഴ്സോ സമീപത്തുണ്ടാകണം. ഇതിന്റെ മുഴുവൻ ചെലവും ഫ്രാൻസിന്റെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഹിക്കും.

നിലവിലെ നിയമപ്രകാരം മരണാസന്നരായ രോഗികൾക്ക് ഡീപ്പ് സെഡേഷൻ അനുവദിച്ചിരുന്നെങ്കിലും അസിസ്റ്റഡ് ഡൈയിങ്ങോ ദയാവധമോ അനുവദിച്ചിരുന്നില്ല. അതിനാൽ പല ഫ്രഞ്ച് പൗരരും അയൽരാജ്യങ്ങളിലേക്ക് പോയാണ് ഇത്തരം സേവനങ്ങൾ തേടിയിരുന്നത്.

2023-ലെ റിപ്പോർട്ട് പ്രകാരം ഫ്രാൻസിലെ ഭൂരിഭാഗം ജനങ്ങളും അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ, ഇത് പ്രായമായവരിലും ഭിന്നശേഷിക്കാരിലും സമ്മർദം സൃഷ്ടിക്കുമെന്ന ആശങ്ക ഉയർത്തി മത-സാമൂഹിക സംഘടനകൾ ബില്ലിനെ എതിർക്കുന്നു.

Content Highlights: Assisted dying approved for terminally ill adults in France., Patients must be 18+ and legal residents to qualify., Excludes those with severe mental illnesses or Alzheimer's