ഫുട്ബോൾ താരങ്ങൾക്ക് പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത കൂടുതൽ, ഹെഡിങ് പ്രധാന കാരണമെന്ന് ഗവേഷകർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകമെങ്ങും ഫുട്ബോൾ ഫീവറിലാണ്. ഇഷ്ടപ്പെട്ട ടീമുകളുടെയും താരങ്ങളുടെയും കളിക്കായി കാത്തിരിക്കുന്നവർ ഏറെയുണ്ട്. വിനോദത്തേക്കാളേറെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ഫുട്ബോളിന് വലിയ പങ്കുണ്ട്. ഫുട്ബോൾ കളിക്കുന്നത് ശരീരത്തെ സജീവമാക്കുകയും ഹൃദയാരോഗ്യം കാക്കുകയും ചെയ്യും. എന്നാൽ ഗുണത്തോടൊപ്പംതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യവുമുണ്ടെന്ന് പറയുകയാണ് ഗവേഷകർ. ഫുട്ബോളും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ഗവേഷകർ വിശദമാക്കുന്നത്.

ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഇതേക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. മുൻകാല ഫുട്ബോൾ കളിക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. സ്വീഡനിലെ ഒരു പഠനത്തിലും ഫുട്ബോൾ കളിക്കാർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊതുവേ പ്രായ, ജനിതകഘടകങ്ങൾ തുടങ്ങിയവ ഡിമെൻഷ്യയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെങ്കിലും ഇവയ്ക്കൊപ്പം തലയ്ക്കേൽക്കുന്ന ആഘാതങ്ങളും അപകടസാധ്യതാഘടകമാണെന്നാണ് ഗവേഷകർ പറയുന്നത്. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (TBI) അഥവാ തലയ്ക്കേൽക്കുന്ന ഗുരുതരമായ പരിക്കുകൾ ഡിമെൻഷ്യ സാധ്യത കൂട്ടും. റഗ്ബി, ഫുട്ബോൾ പോലുള്ള കായികവിനോദങ്ങൾക്കിടെ തലയ്ക്കേൽക്കുന്ന പരിക്കുകളാണ് രോഗസാധ്യത കൂട്ടുന്നത്.

ഫുട്‌ബോളിൽ പതിവായി വേണ്ടി വരുന്ന ഹെഡ്ഡിങ്ങാണ്‌ പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത കൂട്ടുന്നത്. ഇതിലൂടെ ഫുട്ബോളിൽ ആവർത്തിച്ച് തലയ്ക്ക് ആഘാതം ഏൽക്കുന്ന സാഹചര്യമുണ്ടാവാം. വർഷങ്ങളോളം ആവർത്തിച്ച് തലകൊണ്ട് പന്ത് തട്ടുന്നത് കളിക്കാർക്കിടയിൽ പിൽക്കാലത്ത് ഡിമെൻഷ്യ സാധ്യത കൂട്ടും. ജെഫ് ആസ്റ്റിൽ, നോബി സ്റ്റൈൽസ്, ഗോർഡൻ മക്വീൻ തുടങ്ങിയ ഫുട്ബോൾ താരങ്ങൾ പിൽക്കാലത്ത് അൽസ്ഹൈമേഴ്സ് ബാധിതരായി മരിച്ചതും സമാനസാഹചര്യങ്ങൾ മൂലമാവാമെന്ന് ഗവേഷകർ പറയുന്നുണ്ട്.

ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന് കണ്ടെത്തുകയും അതുവഴി തലച്ചോറിൻ്റെ ദീർഘകാല അപകടസാധ്യത കുറച്ച് ആസ്വദിക്കാനും എങ്ങനെ കഴിയുമെന്ന് പരിശോധിക്കണമെന്നാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. അതേസമയം ഫുട്ബോൾ കളിക്കാർക്കിടയിൽ തലകൊണ്ട് പന്ത് തട്ടുന്നത് ഡിമെൻഷ്യ സാധ്യതയെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്താണ് ഡിമെൻഷ്യ?

ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യാബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

Content Highlights: Studies from Glasgow and Sweden indicate higher dementia risks for former footballers., Repeated heading of the ball is identified as a primary contributor to head trauma., Traumatic Brain Injury (TBI) is a significant risk factor for long-term cognitive decline