ഹൃദയാഘാതം: പ്രശസ്ത സൈക്ലിസ്റ്റ് അനിൽ കാഡ്സുർ അന്തരിച്ചു

ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തുന്നതിന്റെ പേരിൽ പ്രശസ്തനായ സൈക്ലിസ്റ്റ് അനിൽ കാഡ്സുർ (45) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം.
ലോകമെമ്പാടുമുള്ള സൈക്കിൾ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്നു വ്യക്തിത്വമായിരുന്നു അനിൽ. 100 കി.മീ സവാരി ദിനചര്യയുടെ ഭാഗമാക്കിയതിന്റെ ആഘോഷം നടത്തിയത് അടുത്തിടേയാണ്. തന്റെ നേട്ടം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച അതേദിവസം തന്നെയാണ് ശാരീരികാസ്വാസ്ഥ്യം മൂലം അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സൈക്ലിങ് രംഗത്തെ ദ്രോണാചാര്യ എന്നായിരുന്നു അനിലിനെ പലരും വിശേഷിപ്പിച്ചിരുന്നത്. 2022 ഓഗസ്റ്റിലാണ് അനിൽ തന്റെ സൈക്കിൾ സവാരി ആരംഭിക്കുന്നത്. പത്തുദിവസം നൂറു കിലോമീറ്റർ സൈക്കിൾ സവാരി ചെയ്തായിരുന്നു തുടക്കം. മെഡൽ കിട്ടിയതോടെ മറ്റു സൈക്കിൾ സവാരിക്കാർ യജ്ഞം അവസാനിപ്പിച്ചെങ്കിലും അനിൽ വീണ്ടും തുടർന്നു. അങ്ങനെ 100 കി.മീ സൈക്കിൾ സവാരി ദിനചര്യയുടെ ഭാഗമാക്കുകയും ചെയ്തു.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: fitness enthusiast and cyclist anil kadsur dies of heart attack