പനി പടരുന്നു, ആശുപത്രികളി‍ൽപ്പോലും മാസ്കിടാതെ ജനം; ജാഗ്രത വേണം

#അനുഷ ഗോവിന്ദ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഒ.പി.യിൽ ഡോക്ടർമാരെ കാണാനെത്തിയവരുടെ പൂരത്തിരക്ക്. കൂട്ടത്തിലിരുന്ന ഒരാൾ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നു. പെട്ടെന്ന് അടുത്തുണ്ടായിരുന്നവരിൽ ജാഗ്രതയുണരുന്നു. ചിലർ അൽപ്പം മാറിനിൽക്കുന്നു, മറ്റുചിലർ ഷാളുകൊണ്ട് മുഖംമറയ്ക്കുന്നു. ചുമയ്ക്കുന്ന ആളും മാസ്കിട്ടിരുന്നില്ല. ഒ.പി.യിൽ ഡോക്ടർമാരെ കാണാനെത്തിയ രോഗികൾ ഉൾപ്പെടെയുള്ളവരിൽ വിരലിലെണ്ണാവുന്നവരൊഴികെയുള്ളവരും മാസ്കിട്ടിരുന്നില്ല.

നിപയുടെയും കോവിഡിന്റെയും ജാഗ്രതക്കാലം കഴിഞ്ഞതോടെ ആശുപത്രികളിൽപ്പോലും മാസ്കിടാതെ ജനം. മഴക്കാലത്ത് പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് ഒരുജാഗ്രതയുമില്ലാതെ ആളുകൾ ആശുപത്രികൾ കയറിയിറങ്ങുന്നത്. മെഡിക്കൽ കോളേജിൽ അതീവ ശ്രദ്ധവേണ്ട വിഭാഗങ്ങളിൽപ്പോലും ആരും മാസ്ക് ധരിക്കുന്നില്ല. സാനിറ്റൈസറും മിക്കയിടത്തുമില്ല. ജൂലായിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ മെഡിക്കൽ കോളേജിൽ മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും ആശങ്കയകന്നപ്പോൾ അത് ഉപേക്ഷിച്ചു.

മുൻപ് കേട്ടിട്ടില്ലാത്ത പലരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആശുപത്രികളിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. മഴക്കാലം തുടങ്ങിയപ്പോൾ മുതൽ 11-ഓളം പകർച്ചവ്യാധികളാണ് കേരളത്തിൽ പടർന്നുപിടിക്കുന്നത്. ഇതിൽ വായുവിലൂടെ പകരുന്നവയുടെ എണ്ണം കുറവാണെങ്കിലും അതിജാഗ്രതവേണം. ഇൻഫ്‌ലുവൻസ് എ വൈറസ് മൂലമുണ്ടാകുന്ന പനിയും മറ്റുമായി ഒട്ടേറെപ്പേർ ചികിത്സതേടുന്ന സാഹചര്യത്തിൽ മാസ്കില്ലാതെ ആശുപത്രികളിലെത്തുന്നവർ അസുഖം ചോദിച്ചുവാങ്ങുകയാണെന്ന് ഡോക്ടർമാർ പറയുന്നു.

മാസ്ക് ഒഴിവാക്കരുത്

ഇൻഫ്ലുവൻസ പോലുള്ളവ കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള രോ​ഗികളുണ്ടാവാൻ സാധ്യതയുള്ള ആശുപത്രികളിൽ പോകുന്നവർ മാസ്ക് ധരിക്കുന്നത് നല്ലതാണ്.

ഡോ. എ.എസ്. അനൂപ് കുമാർ 
ആസ്റ്റർ മിംസ് ക്രിട്ടിക്കൽ കെയർ വിഭാ​ഗം ഡയറക്ടർ
കോഴിക്കോട്

നിപ കൂടുതൽപ്പേരിലേക്ക് പടർന്ന 2018-ലും 2023-ലും ആശുപത്രിയിൽ നിന്നാണ് കൂടുതൽപേർക്ക് രോ​ഗം പിടിപെട്ടത്. ഇവിടങ്ങളിൽ മാസ്ക് ഇടുന്നതുതന്നെയാണ് നല്ലത്. മഞ്ചേരി മെഡിക്കൽ കോളേജിലൊക്കെ മാസ്ക് നിർബന്ധമായും ഉപയോ​ഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

ഡോ. ടി.പി. അഷ്റഫ് 
ഐ.എം.എം. സെക്രട്ടറി

Content Highlights: fever spreading in kerala