മുഖം നോക്കി ശരീരത്തിലെ അയേൺ നില തിരിച്ചറിയാനാവുമോ? വൈറലായി ഫെറിറ്റിൻ ഫേസ് ട്രെൻഡ്

സാമൂഹികമാധ്യമത്തിൽ പലതരത്തിലുള്ള ട്രെൻഡുകൾ വൈറലാകാറുണ്ട്. അവയിൽ പലതും അശാസ്ത്രീയവും വിദഗ്ദധരുടെ മേൽനോട്ടം ഇല്ലാത്തതുമായിരിക്കും. അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നൊരു ട്രെൻഡാണ് ഫെറിറ്റിൻ ഫേസ് ട്രെൻഡ്. മുഖം നോക്കി ശരീരത്തിലെ അയേണിന്റെ അളവു നിശ്ചയിക്കുന്ന രീതിയാണിത്. ടിക്ടോക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ആളുകൾ ഫോട്ടോകൾ പങ്കുവെച്ച് അയേൺ നില മെച്ചപ്പെടുത്തി മുഖത്തിലും മാറ്റം വരുത്തിയെന്നു പങ്കുവെച്ചത്. എന്നാൽ വെറും കാഴ്ചയിൽ നിന്നു മാത്രം അയേൺ നില കണ്ടെത്താനാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
അയേൺ നില കുറവായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ പങ്കുവെച്ചാണ് ഫെറിറ്റിൻ ഫേസ് ട്രെൻഡ് വൈറലാകുന്നത്. കണ്ണിനടിയിൽ കറുപ്പുനിറം, ചർമം വിളറുക, മുടികൊഴിച്ചിൽ, വരണ്ട ചുണ്ടുകൾ തുടങ്ങിയവയാണ് അയേൺ കുറയുന്നതിന്റെ ലക്ഷണങ്ങളെന്നും ഫെറിറ്റിൻ ഫേസ് ട്രെൻഡിന്റെ ഭാഗമായി പങ്കുവെക്കുന്നുണ്ട്. ശരീരത്തിൽ ഇരുമ്പ് സംഭരിച്ചുവെക്കാൻ സഹായിക്കുന്ന ഫെറിറ്റിൻ എന്ന പ്രോട്ടീന്റെ അളവുകുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ഫെറിറ്റിൻ ഫേസ് ട്രെൻഡ് എന്ന പേരുനൽകിയത്.
എന്നാൽ ട്രെൻഡിന്റെ ഭാഗമായി പങ്കുവെക്കപ്പെടുന്ന പല ലക്ഷണങ്ങളും മറ്റു സാധാരണ രോഗാവസ്ഥകളുടെ ഭാഗമായി വരാമെന്നാണ് വിദഗ്ധർ പറയുന്നത്. ബാഹ്യരൂപം കണ്ട് ഫെറിറ്റിന്റെ അളവ് കൃത്യമായി കണക്കാക്കാനാവില്ല. ഉറക്കക്കുറവ്, അലർജി, പാരമ്പര്യം, പ്രായമാവുക തുടങ്ങിയവയുടെ ഭാഗമായി കണ്ണിനു ചുറ്റും കറുത്തനിറമുണ്ടാകാം. പോഷകാഹാരക്കുറവ്, അണുബാധകൾ തുടങ്ങിയവ വരണ്ട ചുണ്ടുകൾക്കു കാരണമാകും. മുടി കൊഴിച്ചിലിനും ചർമത്തിന്റെ നിറവ്യത്യാസങ്ങൾക്കും ഇതുപോലെ പല കാരണങ്ങളുമുണ്ടാകും.
ശരീരത്തിൽ അയേൺ കുറയുമ്പോൾ സാധാരണമായ ക്ഷീണത്തിനും വിളറിയ ചർമത്തിനുമപ്പുറം പല ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അവ പരിശോധിക്കാം:
വീങ്ങിയ നാവ്
വായുടെയും നാവിന്റെയും ഭാഗത്തുള്ള പേശികളുടെയും കോശങ്ങളുടെയും ആരോഗ്യം നിലനിർത്താൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതോടെ, നാവിൽ നീർവീക്കം ഉണ്ടാകുകയും അത് മിനുസമുള്ളതായിത്തീരുകയും അല്ലെങ്കിൽ അസാധാരണമായ ചുവപ്പ് നിറം കാണിക്കുകയും ചെയ്യുന്നു. Glossitis എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നാവിൽ അസാധാരണമായ മാറ്റങ്ങളോ വേദനയോ ഉണ്ടാകുന്നെങ്കിൽ ഒരു ഡോക്ടറെ കണ്ട് ഇരുമ്പിന്റെ അളവ് പരിശോധിക്കേണ്ടതാണ്.
റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം (RLS)
ആളുകളുടെ കാലുകളിൽ അനിയന്ത്രിതമായ ചലനങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം. തലച്ചോറിലെ അയണിന്റെ കുറവ് ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമൈനിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇത് ആർഎൽഎസ് ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
മുടികൊഴിച്ചിലും നഖങ്ങൾ പൊട്ടുന്നതും
ഇരുമ്പിന്റെ കുറവ് മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തെ ബാധിച്ചേക്കും. ഇരുമ്പിന്റെ അളവ് കുറയുന്നതോടെ, ശരീരം പ്രധാന അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് പ്രഥമ പരിഗണന നൽകുന്നു. കൂടാതെ, മുടിയുടെ ഫോളിക്കിളുകളെയും നഖങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ കനം കുറയാനും അമിതമായി കൊഴിയുന്നതിനും കാരണമാകുന്നു. സമാനമായി, നഖങ്ങൾ ദുർബലവും കനം കുറഞ്ഞതുമാകുന്നു.
ചെവിയിൽ മൂളൽ
ചെവിയിൽ അസാധാരണമായി ഉണ്ടാകുന്ന മൂളലോ ഇരമ്പലോ പോലുള്ള ശബ്ദങ്ങൾ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച കാരണം ഓക്സിജൻ വേണ്ടത്ര ലഭിക്കാതെ വരുന്നത് ചെവികളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇരുമ്പിന്റെ അളവ് കുറയുന്നത് ചെവിക്ക് സമീപമുള്ള രക്തയോട്ടത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കാരണമില്ലാതെ ചെവിയിൽ ഇത്തരം ശബ്ദങ്ങൾ കേൾക്കുന്ന ആളുകൾ, അവരുടെ വൈദ്യപരിശോധനയുടെ ഭാഗമായി ശരീരത്തിലെ ഇരുമ്പിന്റെ അളവ് പരിശോധിക്കേണ്ടതാണ്.
Content Highlights: Explore the ferritin face trend, its viral rise on social media, and the iron deficiency symptoms it highlights, according to experts.