നേത്ര പരിശോധനയിലൂടെ സ്‌ട്രോക്കിനുള്ള സാധ്യത തിരിച്ചറിയാമെന്ന് പഠനം

നേത്രപരിശോധന നടത്തുന്നതിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പഠനം. ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് കണ്ണിന്റെ സ്‌കാനിങ്ങിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയുവാന്‍ കഴിയുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും മനസിലാക്കി സ്‌ട്രോക്കിന്റെ സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.
റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്‌ട്രോക്ക് അപകടസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
റെറ്റിനയിലെ രക്തക്കുഴലുകളുടെ ശൃംഖല തലച്ചോറിന്റേതുമായി സാമ്യമുള്ളതായി പഠനം സൂചിപ്പിക്കുന്നു. അതിനാല്‍ തലച്ചോറിലെ രക്തക്കുഴലുകളുടെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ റെറ്റിനയിലെ രക്തക്കുഴലുകളുടെ ആരോഗ്യം വിലയിരുത്തിയാല്‍ മതിയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒരു ലളിതമായ റെറ്റിന സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളുടെ നീളം, വ്യാസം, സാന്ദ്രത തുടങ്ങിയ സവിശേഷതകള്‍ വിശകലനം ചെയ്യാന്‍ സാധിക്കും. 12.5 വര്‍ഷത്തെ നിരീക്ഷണ കാലയളവില്‍ 749 പേര്‍ക്ക് സ്‌ട്രോക്കുണ്ടായി. ഇതില്‍ പ്രായമേറിയവരും പുകവലിക്കുന്നവരും പ്രമേഹം, രക്തസമ്മര്‍ദ്ദം ഉളളവരും പുരുഷന്മാരുമാണ് ഉള്‍പ്പെട്ടത്.
സ്‌ട്രോക്ക് തടയുന്നതിനുള്ള പ്രതിവിധിയായി റെറ്റിന സ്‌കാനുകളുടെ ഫലങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് പഠനത്തിന്റെ കണ്ടെത്തലുകള്‍ എടുത്തുകാണിക്കുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് സ്‌ട്രോക്ക് അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി അത്തരം സ്‌കാനുകള്‍ പതിവ് ആരോഗ്യ പരിശോധനകളില്‍ ഉള്‍പ്പെടുത്താം.
Content Highlights: Study finds retinal scans can predict stroke risk by analyzing blood vessel structure.