ഉറക്കം കൂടിയാലും പ്രശ്നമാണ്, അൽസ്ഹൈമേഴ്സ് സാധ്യത കൂടുതലെന്ന് ഗവേഷകർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഉറക്കം കുറയുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ അതുമാത്രമല്ല ഉറക്കം കൂടുന്നതും ആരോഗ്യം തകരാറിലാക്കും. രാത്രികാലങ്ങളിൽ ഉറക്കം കൂടുന്നത് അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുമെന്നാണ് പഠനം പറയുന്നത്.

ടെക്സാസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ശരാശരി എഴുപതു വയസ്സു പ്രായമുള്ള 2410 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇതിൽ 8.5 മുതൽ ഒമ്പതുമണിക്കൂർ വരെ ഉറങ്ങിയവരിൽ ഫോസിഫോറിലേറ്റഡ് ടൗ 181 എന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരുന്നു. ഇത് അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുന്ന ഘടകമാണ്. ദിവസവും പത്തുമണിക്കൂറിലേറെ കിടന്നുറങ്ങുന്നവരിൽ ഈ പ്രോട്ടീന്റെ കുത്തനെ കൂടുകയാണെന്നും പഠനം പറയുന്നു.

എല്ലായ്പ്പോഴും കൂടുതലുറങ്ങുന്നുവെന്നത് ആരോഗ്യകരമാണെന്ന് കരുതരുതെന്നും മറിച്ച് മസ്തിഷ്കാരോഗ്യത്തെ തകരാറിലാക്കുകയാണ് ചെയ്യുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. വിഷാദം ബാധിച്ചവരിൽ ഉറക്കം കൂടുന്നതിനനുസരിച്ച് അൽസ്ഹൈമേഴ്സ് സാധ്യത വീണ്ടും കൂടുന്നുണ്ടെന്നും ഗവേഷകർ പറയുന്നുണ്ട്.

അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ

മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവിരോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.

നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.

അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന്‌ പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത്‌ ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.

ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട്‌ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.

Content Highlights: Sleeping over 9 hours is linked to higher levels of phosphorylated tau 181 protein., Excessive sleep is not necessarily healthy and can impair brain function., Depression combined with excessive sleep further increases Alzheimer's risk