ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കും...! അങ്ങനെ ഉറപ്പിക്കേണ്ടെന്ന് പുതിയ പഠനം

പ്രതീകാത്മക ചിത്രം.| Photo credit: Canva
പ്രതീകാത്മക ചിത്രം.| Photo credit: Canva

ശരീരത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഉപ്പ് അല്ലെങ്കില്‍ സോഡിയം അത്യാവശ്യമാണ്. എന്നാല്‍, ഉപ്പ് കൂടുതലടങ്ങിയ ചിപ്‌സ്, ചൈനീസ് നൂഡില്‍സ് പോലുള്ള ഭക്ഷണം കഴിച്ചാല്‍ ദാഹം വര്‍ധിക്കും. ഈ സമയത്ത് ഒരു ഗ്ലാസ് വെള്ളം പോലും നമ്മുടെ ദാഹം ശമിപ്പിക്കില്ല. അമിതമായി ദാഹിക്കുന്ന ഈ പ്രതിഭാസത്തിന് പിന്നില്‍  ശാരീരിക പ്രവര്‍ത്തനങ്ങളുടെ സന്തുലനവുമായി ബന്ധമുണ്ടെങ്കിലും അടുത്തിടെയിറങ്ങിയ ചില പഠനത്തില്‍ ഇതിലെ കൂടുതല്‍ സങ്കീര്‍ണതകള്‍  ചൂണ്ടിക്കാണിക്കുന്നു

ശരീരത്തില്‍ ഉപ്പിന്റെ പ്രവര്‍ത്തനം

പേശികളുടെ പ്രവര്‍ത്തനം, നാഡീ സിഗ്നലുകള്‍, ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം എന്നിങ്ങനെ ഉപ്പ് ആവശ്യമായ പല കാര്യങ്ങളും ഉണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിദിനം അഞ്ച് ഗ്രാമില്‍ (ഒരു ടീ സ്പൂണ്‍) കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ല എന്നാണ്. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് കോശങ്ങളില്‍നിന്ന് വെള്ളം കൂടുതലായി വലിച്ചെടുക്കും. 

സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ വെള്ളത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗം ശരീരത്തിന് നിര്‍ദേശം കൊടുക്കുന്നതിനനുസരിച്ച്  വെള്ളം കുടിക്കാനുള്ള പ്രേരണ ഉണ്ടാവുന്നു.

ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേണലിലാണ് ഉപ്പും ദാഹവുമായുള്ള പുതിയ ബന്ധത്തെക്കുറിച്ച് പറയുന്നത്. ഉപ്പിന്റെ അളവ് കൂടുമ്പോള്‍ ശരീരം അത് യൂറിയയാക്കി മാറ്റുന്നു. അമിതമായ ഉപ്പ് യൂറിയയായി ശരീരത്തില്‍നിന്ന് പുറന്തള്ളുമ്പോള്‍ വെള്ളം നഷ്ടപ്പെടുന്നത് കുറയ്ക്കാന്‍ സാധിക്കും. യൂറിയയായി മാറ്റുന്ന പ്രവര്‍ത്തനത്തിന് ഊര്‍ജം ആവശ്യമാണ്. ഊര്‍ജത്തിന്റെ ഉപയോഗം വിശപ്പിന്‌ കാരണമാവുന്നു. 

ഹെല്‍മ്‌ഹോല്‍ട്‌സ് എന്ന ജര്‍മന്‍ എയ്‌റോസ്‌പെയ്‌സ് സെന്റര്‍ ചൊവ്വ ദൗത്യവുമായി ബന്ധപ്പെട്ട നടത്തിയ പരീക്ഷണങ്ങളില്‍  ഉപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ വെള്ളം കുടിക്കുന്നത് കുറവാണെന്ന് കണ്ടെത്തി. ഉപ്പിന്റെ കൂടിയ തോത്‌ ദാഹം വര്‍ധിപ്പിക്കുന്നതിന് പകരം കിഡ്‌നി, കരള്‍, പേശികള്‍ എന്നിവയുടെ സഹായത്തോടെ ശരീരത്തില്‍ കൂടുതലായി വെള്ളം ഉത്പാദിപ്പിച്ച് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സഹായിച്ചു.

ഇവിടെയും അമിതമായ ഉപ്പ് പുറന്തള്ളുന്നതില്‍ യൂറിയ പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തി. അതായത് ഉപ്പ് ദാഹം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ശരീരത്തിനകത്ത് കൂടുതല്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. ദാഹം വര്‍ധിപ്പിക്കുന്നതില്‍ ഉപ്പിന് മാത്രമല്ല പങ്ക്. പഞ്ചസാര, കഫീന്‍, മദ്യം, സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചൂടുള്ള കാലാവസ്ഥ, ആരോഗ്യാവസ്ഥ എന്നിവയും വെള്ളം കുടിക്കുന്നത്‌ അധികമാക്കുന്നു. 

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള അഞ്ച് മാര്‍ഗങ്ങള്‍ 

1. സ്ഥിരമായി വെള്ളം കുടിക്കുക: ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കി പകരം ഇടവേളകളില്‍ വെള്ളം കുടിക്കുക.
2. ഉപ്പ് കൂടുതലുള്ള ഭക്ഷണത്തോടൊപ്പം ജലത്തിന്റെ അളവ് കൂടുതലുള്ള ഭക്ഷണവും ഉള്‍പ്പെടുത്തുക. 
3. സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. 
4. ദൈനംദിന ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. 
5. പഞ്ചസാരയുടെ അളവ് കുടിയതും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ ഒഴിവാക്കുക. 


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Discover the link between salt intake and increased thirst.