എനർജി ഡ്രിങ്കുകൾ സ്ഥിരമാക്കിയവരറിയാൻ, വൃക്കയുടെ ആരോഗ്യം തകരാറിലാക്കുമെന്ന് ഡോക്ടർ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഉന്മേഷം ലഭിക്കാൻ എനർജി ഡ്രിങ്കുകളിൽ അഭയം തേടുന്നവരുണ്ട്. യുവാക്കളിൽ പലരും ഇവയോട് ആസക്തിയുള്ളവരുമാണ്. എന്നാൽ എനർജി ഡ്രിങ്കുകൾ അത്ര സേഫല്ലെന്നും ഇവ പതിവായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യം തകരാറിലാക്കുമെന്നും പറയുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യനായ ഡോ. കുനാൽ സൂദ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. എനർജി ഡ്രിങ്കുകൾ സ്ഥിരമാക്കുന്നത് രക്തസമ്മർദ്ദം കൂട്ടുകയും വൃക്ക പോലുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുമെന്നും പറയുകയാണ് ഡോ. കുനാൽ.

മിക്ക എനർജി ഡ്രിങ്കുകളിലും കഫീൻ, ടോറിൻ തുടങ്ങിയ സ്റ്റിമുലന്റുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ അവ ശരീരത്തിലെത്തുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും നിർജ്ജലീകരണം കൂട്ടുകയും വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇത് വൃക്കകൾക്ക് കേടുപാടുകൾ വരുത്താനും പ്രമേഹമോ, ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണെങ്കിൽ അപകടസാധ്യത വീണ്ടും കൂടുകയും ചെയ്യുമെന്നും ഡോക്ടർ പറയുന്നു.

എനർജി ഡ്രിങ്കുകളിലുള്ള അമിതമായ പഞ്ചസാരയും ആരോഗ്യം തകരാറിലാക്കുമെന്ന് അദ്ദേഹം പറയുന്നു. ഇത് നിർജ്ജലീകരണം കൂട്ടുകയും യൂറിക് ആസിഡ് വർധിപ്പിക്കുകയും അപകടസാധ്യത കൂട്ടുകയും ചെയ്യുന്നു. എനർജി ഡ്രിങ്കുകൾ സ്ഥിരമാക്കിയ യുവാക്കളിൽ ഗുരുതരമായ വൃക്കരോഗം റിപ്പോർട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?

വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമ വസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.

എനർജി ‍ഡ്രിങ്കുകളിലെ കഫീൻ, നയാസിൻ, ഹെർബൽ ചേരുവകൾ എന്നിവ കരളിന്റെ ആരോഗ്യം തകരാറിലാക്കും. ദീർഘകാലമായുള്ള ഉപയോഗം കരൾവീക്കം, കരളിൽ കൊഴുപ്പടിയുക തുടങ്ങിയവയ്ക്ക് കാരണമാവും. ക്രമേണ ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് തുടങ്ങിയവയിലേക്കും നയിക്കാം.

എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാകും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരമമാകുന്നുണ്ട്. അതിനുകാരണം എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.

കൂടാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. കൂടാതെ പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.

മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250മില്ലിയിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.

Content Highlights: High caffeine and stimulant content in energy drinks can spike blood pressure., Regular consumption leads to dehydration and reduced blood flow to kidneys