മദ്യം മാത്രമല്ല, എനർജി ഡ്രിങ്കുകളും ഹൃദയാഘാതസാധ്യത കൂട്ടും, കരുതലില്ലെങ്കിൽ അപകടം ഉറപ്പ്

ഹൃദയാഘാതസാധ്യത കൂട്ടുന്നതിൽ മദ്യപാനത്തിന്റെ പങ്കിനേക്കുറിച്ച് നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ, മദ്യം മാത്രമല്ല, എനർജി ഡ്രിങ്കുകളും ഹൃദയാഘാത സാധ്യത കൂട്ടുമെന്നു പറയുകയാണ് ടെക്സസിൽ നിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ. ജയിംസ് സ്റ്റോൺ. അമേരിക്കൻ ബിവറേജ് അസോസിയേഷൻ്റെ റിപ്പോർട്ട് അനുസരിച്ച് 8.4 ഔൺസ് എനർജി ഡ്രിങ്ക് കാനിൽ ഏകദേശം 80 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഫീനൊപ്പം ഒരു പാനീയത്തിൽ ഒന്നിലധികം ഉത്തേജക ഘടകങ്ങൾ ഒരുമിച്ച് കഴിക്കുന്നതാണ് അപകടകരമാകുന്നതെന്ന് ഡോക്ടർ പറഞ്ഞു. പതിവായി ഇവ വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിൽ സമ്മർദം സൃഷ്ടിക്കും. എനർജി ഡ്രിങ്കുകളിൽ കഫീനും പഞ്ചസാരയ്ക്കുമൊപ്പം ടോറിൻ, ഗ്വാറാന, എൽ-കാർണിറ്റൈൻ പോലുള്ള ഉത്തേജകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ ഉത്തേജകങ്ങൾ നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുകയും അമിതമായി കഴിച്ചാൽ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാവുകയും ചെയ്യും. ഇതാണ് ഹൃദ്രോഗികളിൽ എനർജി ഡ്രിങ്കുകൾ കൂടുതൽ അപകടകരമാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരം എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ക്രമരഹിതമായ ഹൃദയമിടിപ്പിനും പെട്ടെന്നുള്ള ഹൃദയാഘാതത്തിനും മരണത്തിനുംവരെ കാരണമാകുകയും ചെയ്യും. ആരോഗ്യമുള്ള ആളുകളിൽ പോലും എനർജി ഡ്രിങ്കുകൾ ഉപയോഗിച്ചശേഷം ഹൃദയംമിടിപ്പ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. ജയിംസ് പറഞ്ഞു. മധുരവും രുചിയുമുള്ളതിനാൽ ഇവയോട് അടിമപ്പെടാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എനർജി ഡ്രിങ്കുകൾ എങ്ങനെ വില്ലനാകുന്നു?
വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകളുള്ള, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കളും കൃത്രിമവസ്തുക്കളും ധാരാളം അടങ്ങിയ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീനടങ്ങിയ പാനീയങ്ങളാണിവ. കുടിക്കുന്ന സമയത്ത് ഊർജവും ഉന്മേഷവും തോന്നുന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
എനർജി ഡ്രിങ്കുകളിലെ കഫീൻ, നയാസിൻ, ഹെർബൽ ചേരുവകൾ എന്നിവ കരളിന്റെ ആരോഗ്യം തകരാറിലാക്കും. ദീർഘകാലമായുള്ള ഉപയോഗം കരൾവീക്കം, കരളിൽ കൊഴുപ്പടിയുക തുടങ്ങിയവയ്ക്ക് കാരണമാവും. ക്രമേണ ഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ് തുടങ്ങിയവയിലേക്കും നയിക്കാം.
എനർജി ഡ്രിങ്കുകളിൽ ഉയർന്നതോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂടും. ഇതുരണ്ടും ഹൃദയാരോഗ്യം വളരെപെട്ടെന്ന് മോശമാക്കും. ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് എനർജി ഡ്രിങ്കിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തുവിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
രക്തസമ്മർദത്തിനും ഹൃദ്രോഗപ്രശ്നങ്ങൾക്കും പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരമമാകുന്നുണ്ട്. എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് അതിനു കാരണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇതിലൂടെ ടൈപ്പ് 2 ഡയബറ്റിസിന് വഴിവെക്കുകയും ചെയ്യും.
കൂടാതെ, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ്. എനർജി ഡ്രിങ്കുകളിൽ കലോറിയുടെ അളവ് കൂടുതലായതും പൊണ്ണത്തടിക്ക് കാരണമാകും. പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.
മാനസികാരോഗ്യം മോശമാകുന്നതിലും എനർജി ഡ്രിങ്കുകൾക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും 250 മില്ലി ലിറ്ററിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാവുമെന്നും ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനങ്ങൾ പറയുന്നുണ്ട്.
Content Highlights: Energy drinks contain high levels of caffeine and sugar that trigger irregular heartbeats., Combined stimulants like taurine and guarana place excessive stress on the nervous system., Long-term consumption is linked to liver damage, obesity, and Type 2 diabetes