എബോള ഭീതി; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO, മരണം 90

#Health Desk
World Health Organization (WHO) sign | Photo by Fabrice COFFRINI / AFP
World Health Organization (WHO) sign | Photo by Fabrice COFFRINI / AFP

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (ഡി.ആർ.സി.) അയൽരാജ്യമായ യുഗാണ്ടയിലും വീണ്ടും എബോള രോഗം പടർന്നുപിടിക്കുകയും വൈറസ് ബാധിച്ച് തൊണ്ണൂറോളം പേർ മരിക്കുകയും ചെയ്തതിനെ തുടർന്ന് ലോകാരോഗ്യസംഘടന "അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ" പ്രഖ്യാപിച്ചു. കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ ഉത്ഭവിച്ച ഈ രോഗബാധയ്ക്ക് കാരണം അപൂർവമായ ബുന്ദിബുഗ്യോ ഇനത്തിൽപെട്ട എബോള വൈറസാണ്. ഈ വകഭേദത്തിന് അംഗീകൃത വാക്സിനോ ചികിത്സയോ നിലവിലില്ല. ഇതിന് 50 ശതമാനത്തോളം മരണനിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡി.ആർ.സി. ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ വ്യക്തമാക്കി. ഏപ്രിൽ 24-ന് ഇട്ടൂരിയുടെ തലസ്ഥാനമായ ബുനിയയിലെ ഒരു ആരോഗ്യകേന്ദ്രത്തിൽ എബോള ലക്ഷണങ്ങളോടെ എത്തിയ ഒരു നഴ്സാണ് രോഗം ആദ്യമായി പ്രകടിപ്പിച്ച വ്യക്തി.

ആഫ്രിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കുകൾ പ്രകാരം ഇതിനകം 88 പേർ മരിക്കുകയും 336 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും (ഒരു മരണം ഉൾപ്പെടെ 2 കേസുകൾ) രോഗം എത്തിയിട്ടുണ്ട്.

എന്നാൽ ഇതൊരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ആയിട്ടില്ലാത്തതിനാൽ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടായില്ല. അതിർത്തികൾ അടയ്ക്കുകയോ വ്യാപാരം നിയന്ത്രിക്കുകയോ ചെയ്യരുതെന്ന് ഈ ഐക്യരാഷ്ട്രസഭാ ഏജൻസി രാജ്യങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇട്ടൂരി പ്രവിശ്യയിലുള്ള സായുധ കലാപങ്ങളും ജനങ്ങളുടെ തുടർച്ചയായ പീഡനങ്ങളും/പലായനവും ദുർബലമായ ആരോഗ്യസംവിധാനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

എന്താണ് എബോള?

രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന അതിഗുരുതരമായ ഒരു വൈറൽ രോഗമാണ് എബോള. പനി, ഛർദ്ദി, അതിസാരം, പേശിവേദന, ക്ഷീണം, ആന്തരികവും ബാഹ്യവുമായ രക്തസ്രാവം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വന്യമൃഗങ്ങളിൽ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. 1976-ൽ കോംഗോയിൽ എബോള നദിയുടെ തീരത്തായിരുന്നു ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. മുൻപ് 2018 മുതൽ 2020 വരെ കോംഗോയിലുണ്ടായ എബോള വ്യാപനത്തിൽ 2300-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

Content Highlights: The World Health Organization has declared a public health emergency following a deadly resurgence of the rare Bundibugyo Ebola virus in the Democratic Republic of Congo and Uganda, which has already claimed nearly 90 lives.