DR കോംഗോയിലെ എബോള വ്യാപനം: മരണം 80; കാരണമായത് അപൂർവ വകഭേദമായ ബൂൻഡിബുഗോ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ ഇടുറി പ്രവിശ്യയിൽ എബോള രോഗബാധയെത്തുടർന്ന് 80 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എബോള വൈറസിന്റെ അപൂർവ വകഭേദമായ ബൂൻഡിബുഗോ ഇനത്തിൽപ്പെട്ട എട്ട് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സാമുവൽ റോജർ കംബാ മുലംബ പറഞ്ഞു.

വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഡ്വിംപാര, മോംഗ്‍വാലു, ബുനിയ എന്നിവിടങ്ങളിലെ ആരോഗ്യമേഖലകളിൽ ഇതുവരെ 246 സംശയിക്കപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ബുനിയയിലെ ഇവാഞ്ചലിക്കൽ മെഡിക്കൽ സെന്ററിൽ മരിച്ച ഒരു നഴ്സാണ് ആദ്യത്തെ രോഗബാധിത എന്നാണ് കരുതുന്നത്. പനി, രക്തസ്രാവം, ഛർദ്ദി, കഠിനമായ ക്ഷീണം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് നഴ്സിനെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടിക്രമങ്ങൾ കൈക്കൊണ്ടതായി ഡി.ആർ. കോംഗോ സർക്കാർ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയിക്കപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1976 ൽ എബോള ആദ്യമായി തിരിച്ചറിഞ്ഞതിന് ശേഷം കോംഗോയിലെ 17-ാമത്തെ രോഗബാധയാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് കോംഗോയിൽ ഇതിനുമുമ്പ് എബോള റിപ്പോർട്ടുചെയ്തത്. അന്ന് 34 പേർ മരിച്ചു. 2018-2020 കാലത്ത് എബോള വൈറസ് ബാധിച്ച് 2300 പേരാണ് ഇവിടെ മരിച്ചത്.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗംകാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾ രോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാൽ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയാ മുൻകരുതൽ രോഗംപകരുന്നത് തയാൻ കഴിയും.

രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.

Content Highlights: Ebola Outbreak in Congo: 80 Dead as Authorities Race to Contain