കെനിയയിൽ ആശങ്കയുയർത്തി എബോള: എട്ടാമത്തെ കേസും സ്ഥിരീകരിച്ചു

നെയ്റോബി: കെനിയയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കേസാണിത്. കഴിഞ്ഞ ദിവസം നടത്തിയ 38 സാമ്പിൾ പരിശോധനകളിൽ ഒന്നാണ് പോസിറ്റീവായതെന്ന് ഹെൽത്ത് ഡയറക്ടർ ജനറൽ പാട്രിക് അമോത്ത് അറിയിച്ചു.
ആശുപത്രിയിൽ രോഗികളുടെ പാത്രങ്ങളും വസ്ത്രങ്ങളും വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന 49-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒക്ടോബർ മാസമാദ്യം കെനിയയിൽ റിപ്പോർട്ട് ചെയ്ത ആദ്യ എബോള രോഗിയിൽ നിന്നാകാം ഇയാൾക്കും വൈറസ് പടർന്നതെന്നാണ് കരുതുന്നത്. ശനിയാഴ്ച പനിയും തലവേദനയും പ്രകടമായതിനെ തുടർന്ന് ഇയാളെ ക്വാറന്റീനിലേക്ക് മാറ്റി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അതിനിടെ, രാജ്യത്ത് രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ആദ്യ രോഗിയെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രത്യേക വാക്സിനുകളോ ചികിത്സയോ ലഭ്യമല്ല
നിലവിൽ പടർന്നുപിടിക്കുന്ന ബുണ്ടിബുഗ്യോ (Bundibugyo) എന്ന ഇനത്തിൽപ്പെട്ട എബോള വൈറസിനെതിരെ നിർദ്ദിഷ്ട വാക്സിനുകളോ പ്രത്യേക ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ലെന്നത് വെല്ലുവിളിയാകുന്നുണ്ട്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി.) മാസങ്ങളായി തുടരുന്ന എബോള വ്യാപനമാണ് അയൽരാജ്യമായ കെനിയയിലേക്കും പടർന്നത്. കൂടുതൽ ഭാഗങ്ങളിലേക്ക് രോഗം പടരുന്നത് തടയാൻ അതിർത്തികളിൽ കർശന പരിശോധനയും യാത്രാവിലക്കുകളും ഉൾപ്പെടെയുള്ള മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചുവരുന്നു.
എബോള വൈറസ് വ്യാപനം
വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പടരാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.
സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസംമാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടെന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.
Content Highlights: Kenya confirms its 8th Ebola case involving a 49-year-old hospital worker.