ഇറച്ചി കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കില്ല, കാന്‍സറിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നും പഠനം

പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതോ ചീത്തയോ? സംശയം ശക്തമാണ്. ആശങ്കകളും. എന്നാല്‍ അത്തരം ആശങ്കളെ ഭയക്കേണ്ടതില്ല എന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കില്ലെന്നും പറയുന്നു ഈ പഠനം.

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവര്‍ട്ട് എം. ഫിലിപ്‌സ് എന്നിവർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 19 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള 16,000-ത്തോളം പേരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഇവർ ഈ നിഗമനത്തിലെത്തിയത്. അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യന്‍ ആന്‍ഡ് മെറ്റബോളിസം എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

മൃഗങ്ങളില്‍ നിന്നോ സസ്യങ്ങളില്‍ നിന്നോ ഉള്ള പ്രോട്ടീന്‍ സാധാരണഗതിയില്‍ എത്രത്തോളമാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്ന വിവരമാണ് ഗവേഷകര്‍ പരിശോധിച്ചത്. കൂടാതെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉള്‍പ്പെടെയുള്ള മരണസാധ്യതയുമായി ഇവരുടെ ഡയറ്റ് പ്ലാനിന് ബന്ധമുണ്ടോ എന്നും ഗവേഷകര്‍ പരിശോധിച്ചു. 

മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കില്ല എന്നാണ് ഗവേഷകര്‍ ഒടുവില്‍ കണ്ടെത്തിയത്. ഇറച്ചി കൂടുതല്‍ കഴിക്കുന്നവരില്‍ കാന്‍സര്‍ കാരണമുള്ള മരണനിരക്ക് കുറവുള്ളതായും ഗവേഷകര്‍ കണ്ടെത്തി. മൃഗങ്ങളില്‍ നിന്നുള്ളതായാലും സസ്യങ്ങളില്‍ നിന്നുള്ളതായാലും ഏതുതരം പ്രോട്ടീന്‍ കഴിച്ചാലും അത് ഏതെങ്കിലും തരത്തിലുള്ള മരണസാധ്യത വര്‍ധിപ്പിക്കുന്നില്ല എന്നും പഠനത്തില്‍ പറയുന്നു. 

Content Highlights: Eating meat not related to higher death risk, may lower cancer mortality, says study