ശരീരത്തിന് മുറുക്കം, നടക്കാൻ ബുദ്ധിമുട്ട്; സ്‌ട്രെസായി അവഗണിച്ചു, 38കാരന് പാർക്കിൻസൺസ്

ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് പാർക്കിൻസൺസ്. 35 മുതൽ മുകളിലേക്ക് പ്രായമുള്ളവരിൽ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിർണ്ണയം നടക്കാറുള്ളത് 50-കളിലാണ്. ഇപ്പോഴിതാ, 38-ാം വയസ്സിൽ പാർക്കിൻസൺസ് ബാധിച്ച ഒരു അധ്യാപകനെക്കുറിച്ചാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ക്ലാസിലേക്ക് പോകുന്ന വഴിയിൽ ഒരു ദിവസം അധ്യാപകനായ ദിവ്യാംശുവിന് നടക്കാൻ ബുദ്ധിമുട്ട് തോന്നിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് തണുപ്പിന്റേതാകുമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. കൈയക്ഷരം ചെറുതായപ്പോൾ അത് ജോലിഭാരംകൊണ്ടാകുമെന്നും ശരീരത്തിന് മുറുക്കം അനുഭവപ്പെട്ടപ്പോൾ അത് മാനസിക സമ്മർദ്ദത്താലായിരിക്കുമെന്നും അദ്ദേഹം വിചാരിച്ചു. എന്നാൽ, പിന്നീട് ചലനശേഷിയും പ്രശ്നത്തിലായതോടെയാണ് ദിവ്യാംശു ഒരു ഡോക്ടറെ സമീപിക്കുന്നതും രോഗനിർണയം നടത്തുന്നതും.
'അദ്ദേഹം ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, ഇത്തരം കേസുകൾ ഇപ്പോൾ അപൂർവമല്ല. ചെറുപ്പക്കാരായ ഇന്ത്യക്കാരിൽ പാർക്കിൻസൺസ് കൂടുതലായി കണ്ടുവരുന്നുണ്ട്. പലരും രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദമായി തെറ്റിദ്ധരിക്കുന്നു. ഇത് രോഗനിർണയം വൈകുന്നതിന് കാരണമാകും', അധ്യാപകനെ ചികിത്സിച്ച ഡോ. സഞ്ജയ് പാണ്ഡെ പറഞ്ഞു.
നേരത്തെ ചികിത്സ ആരംഭിച്ചത് ദിവ്യാംശുവിനെ സംബന്ധിച്ച് നിർണായകമായതായി ഡോക്ടർ പറയുന്നു. പിന്നീട്, കൃത്യമായ മരുന്നും ഫിസിയോതെറാപ്പിയും അദ്ദേഹത്തിന് നൽകി. 'ഡീപ്-ബ്രെയിൻ സ്റ്റിമുലേഷൻ' എന്ന ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. മാസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിന്റെ മുറുക്കം അയഞ്ഞതായും ചലനം നേരെയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർക്കിൻസൺസ് രോഗം
മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികൾക്ക് ക്ഷയം സംഭവിച്ച് മനുഷ്യന്റെ ചിന്തയേയും ഓർമയേയുമെല്ലാം ബാധിക്കുന്ന ഗുരുതര രോഗമാണ് പാർക്കിൻസൺസ്. പ്രാരംഭ ഘട്ടത്തിൽ ആളുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന രോഗം കാലക്രമേണ മനുഷ്യന്റെ ചലനങ്ങളെ ബാധിച്ചുതുടങ്ങുന്നു. വിഷാദം, ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും പാർക്കിൻസൺസ് രോഗികളിൽ കാണാനാകും. ഡോപ്പമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ അളവ് കുറയുന്നതിനാലാണ് പാർക്കിൻസൺസ് ഉണ്ടാകുന്നത്.
ആദ്യഘട്ടത്തിൽ സാധാരണയായി ശ്രദ്ധയിൽപ്പെടാത്ത ലക്ഷണങ്ങളായിരിക്കും രോഗികളിൽ കാണപ്പെടുക. ശരീരത്തിന്റെ ഒരുവശത്ത് വിറയൽ, നടക്കുന്ന രീതിയിൽ ചെറിയ വ്യത്യാസമുണ്ടാവുക, മുഖത്തിൽ ഭാവമാറ്റങ്ങൾ എന്നിവയായിരിക്കും ഈ പ്രാരംഭഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടമാകുന്നതോടെ, ശരീരത്തിന്റെ ഇരുവശങ്ങളും ബാധിച്ചുതുടങ്ങും. ലക്ഷണങ്ങളും കൂടുതൽ വഷളാകും. ഈ ഘട്ടമെത്തുന്നതോടെ സ്വന്തം ദിനചൈര്യ നിലനിർത്തുന്നതിൽ രോഗിക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുന്നു.
മൂന്നാംഘട്ടത്തോടെ വ്യക്തിക്ക് ബാലൻസ് നഷ്ടമാകുന്നതും വീഴുന്നതും പതിവാകും. എന്നാൽ, ഈ ഘട്ടത്തിലും ഒരുപരിധി വരെ സ്വതന്ത്രമായി സ്വന്തംകാര്യങ്ങൾ നോക്കി ജീവിക്കാനാകും. നാലാംഘട്ടമെത്തുന്നതോടെയാണ് പാർക്കിൻസൺസ് രോഗിയെ സംബന്ധിച്ച് കാര്യങ്ങൾ വഷളാകുന്നത്. ഈ അവസ്ഥയിൽ സ്വന്തമായി നിൽക്കുന്നതിന് പോലും ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. സ്വന്തം ദിനചര്യ നിലനിർത്തുന്നതിന് ഒരു സഹായിയുടെ ആവശ്യവും ഇവർക്ക് വന്നേക്കും.
പാർക്കിൻസൺസ് രോഗത്തിന്റെ അവസാനത്തേയും ഗുരുതരവുമായ ഘട്ടമാണ് അഞ്ചാമത്തേത്. രോഗിക്ക് നടക്കാനോ നിൽക്കാനോ പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇവർ കിടപ്പിലാകുകയോ വീൽചെയറിലാകുകയോ ചെയ്യുന്നതോടെ ഇവർക്ക് പരിചരണം അത്യാവശ്യമാണ്. കൂടാതെ, ഈ ഘട്ടത്തിൽ മരുന്നുകൾ ശരീരത്തോട് പ്രതികരിക്കാതിരിക്കാനും സാധ്യതയുണ്ട്.
രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതിന് വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്‍ക്കിന്‍സണ്‍ രോഗം ഉണ്ടാകാം. 40 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്‍ക്കിന്‍സണ്‍ രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.
- അടിക്കടി തലയ്ക്കു ക്ഷതം എല്‍ക്കുന്നത്. പ്രത്യേകിച്ച് boxersല്‍
- ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ച് കോപ്പര്‍, manganese , lead എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍
- കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍
- അമിതവണ്ണം, ഡയബറ്റിസ് രോഗം ഉള്ളവര്‍
- Tricholoroethylene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നവര്‍
- വിറ്റാമിൻ ഡി യുടെ അഭാവം ഉള്ളവര്‍
- അയേൺ കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍
- കുടുംബത്തില്‍ പാര്‍ക്കിന്‍സണ്‍ രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍
രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്‍ക്കിന്‍സണ്‍ രോഗത്തിനുള്ളത്.
1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും. രോഗത്തിന്റെ കാലദൈര്‍ഘ്യം കൂടുന്നത് അനുസരിച്ച് വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു, മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
2. പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു ദൃഢത അനുഭവപ്പെടുകയും ചെയ്യും. ഏതെങ്കിലും ഒരു വശത്തെ കൈയ്യിലോ കാലിലോ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെല്ലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂന് ഉണ്ടാകാം.
3. പ്രവര്‍ത്തികളില്‍ പതുക്കെ
പഴയൊരു സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരറിയിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും പതുക്കെ പ്രകടമാകും.
4. ബാലന്‍സില്ലായ്മ
പാര്‍ക്കിന്‍സണ്‍ രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ട് എഴുനേല്‍ക്കുമ്പോഴോ, പെട്ടന്ന് തിരിയുമ്പോഴോ, നിരപ്പല്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: A 38-year-old teacher`s initial symptoms of stiffness & walking difficulty were mistaken for stress. Learn about early Parkinson`s detection & treatment.