ഔഷധക്കമ്പനികളുടെ ഭീഷണി; അസോസിയേഷൻ പിന്തുണച്ചില്ല, ഡോ. ശിവരഞ്ജിനി സന്തോഷ് രാജിവെച്ചു

#Health desk
ഡോ. ശിവരഞ്ജനി സന്തോഷ്| ഫോട്ടോ: Instagram/@Dr Sivaranjani Santosh
ഡോ. ശിവരഞ്ജനി സന്തോഷ്| ഫോട്ടോ: Instagram/@Dr Sivaranjani Santosh

ഹൈദരാബാദ്: കുട്ടികൾക്ക് നൽകുന്ന ഇലക്ട്രോലൈറ്റ് പാനീയങ്ങളുടെ വിപണനത്തിനെതിരെ പരസ്യമായി രംഗത്തുവന്ന പ്രശസ്ത പീഡിയാട്രിക്സ് വിദഗ്ധ ഡോ. ശിവരഞ്ജിനി സന്തോഷ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിൽ നിന്ന് രാജിവെച്ചു. ഔഷധക്കമ്പനികളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന നിയമനടപടികളിൽ സംഘടന പിന്തുണ നൽകിയില്ലെന്ന് ആരോപിച്ചാണ് ഡോക്ടറുടെ രാജിയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. 

വിപണിയിൽ ലഭ്യമായ ചില ഇലക്ട്രോലൈറ്റ് പാനീയങ്ങൾ (ORSL, ERZL തുടങ്ങിയവ) കുട്ടികൾക്ക് സാധാരണ പാനീയം പോലെ നൽകുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ഡോ. ശിവരഞ്ജിനി ബോധവൽക്കരണം നടത്തിയിരുന്നു. ഇത് കമ്പനികളുടെ ഉൽപ്പന്നങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ചില പ്രമുഖ കമ്പനികൾ ഡോക്ടർക്ക് ലീഗൽ നോട്ടീസ് അയച്ചിരുന്നു.

47,000-ത്തിലധികം അംഗങ്ങളുള്ള ഐ.എ.പി, കമ്പനികളുടെ നിയമപരമായ ഭീഷണിക്കെതിരെ തന്നെ സംരക്ഷിച്ചില്ലെന്ന് ഡോക്ടർ ആരോപിക്കുന്നു.

ഡോക്ടറെ പിന്തുണയ്ക്കുന്നതിന് പകരം ഐ.എ.പി പുറത്തിറക്കിയ ഒ.ആർ.എസ് സംബന്ധിച്ച പുതിയ പ്രസ്താവന പല സംശയങ്ങൾക്കും ഇടയാക്കി. ദശാബ്ദങ്ങളായി ഉപയോഗത്തിലുള്ള ഒ.ആർ.എസിനെക്കുറിച്ച് ഇപ്പോൾ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത് ഔഷധക്കമ്പനികളെ സഹായിക്കാനാണെന്ന് അവർ ആരോപിക്കുന്നു.

കുട്ടികളുടെ ഭക്ഷണത്തിൽ കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നതിനെ ആഗോള മെഡിക്കൽ സൊസൈറ്റികൾ എതിർക്കുമ്പോൾ ഐ.എ.പി അതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഡോ. ശിവരഞ്ജിനി ചൂണ്ടിക്കാട്ടി.

മെഡിക്കൽ കോൺഫറൻസുകൾക്കും മറ്റും ഔഷധക്കമ്പനികൾ നൽകുന്ന വൻതുകയിലുള്ള സ്പോൺസർഷിപ്പുകൾ സംഘടനയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് തെറ്റാണെങ്കിൽ, ആ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ശിവരഞ്ജിനി സന്തോഷ് ദ ഹിന്ദുവിനോട് പ്രതികരിച്ചു. 

വ്യാജ ആരോഗ്യ പ്രചരണങ്ങൾക്കെതിരെയും ഭക്ഷണത്തിലെ അശാസ്ത്രീയതകൾക്കെതിരെയും ശക്തമായി നിലകൊണ്ടിട്ടുള്ള വ്യക്തിയാണ് ഡോ. ശിവരഞ്ജിനി സന്തോഷ്. ഡോക്ടർക്കെതിരെയുള്ള നിയമ നടപടിക്കെതിരെ രാജ്യത്തെ മറ്റ് വിവിധ മെഡിക്കൽ അസോസിയേഷനുകൾ രംഗത്തെത്തിയിട്ടുണ്ട്.


Content Highlights: Dr. Shivaranjini Santhosh resigned from the Indian Academy of Pediatrics (IAP) in 2026., The resignation follows the lack of organizational support against legal notices from pharmaceutical companies.