സംസ്ഥാനം ആരോഗ്യ പ്രതിസന്ധിയിലേക്കോ?; ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡോ.ബി ഇക്ബാല്‍

കേരളത്തില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം ശക്തിപ്പെടുകയാണെന്നും സംസ്ഥാനം ആരോഗ്യപ്രതിസന്ധിയിലേക്കെന്ന് സംശയമുണ്ടെന്നും ആരോഗ്യവിദഗ്ദ്ധനായ ഡോ.ബി ഇക്ബാല്‍. പകര്‍ച്ചേതര-പകര്‍ച്ചവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഡോ.ബി ഇക്ബാല്‍ പറയുന്നു.
'വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് കര്‍മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കണം. പകര്‍ച്ചവ്യാധികളുടേയും മറ്റും സാന്നിധ്യം പരിഗണിച്ച് നെഗറ്റീവ് വെയ്‌റ്റേജ് നല്‍കിയാല്‍ കേരളം ആരോഗ്യ മികവില്‍ പുറകിലാവാന്‍ സാധ്യതയുണ്ട്.' ഡോ ഇക്ബാല്‍ പോസ്റ്റില്‍ പറയുന്നു.
ഡോ.ബി ഇക്ബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളം ആരോഗ്യപ്രതിസന്ധിയിലേക്കോ ?
കേരളത്തില്‍ സമീപകാലത്ത് പകര്‍ച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണ്. ഡങ്കി, ചിക്കുന്‍ ഗുനിയ, എച്ച് 1 എന്‍ 1. വയറിളക്ക രോഗങ്ങള്‍, എലിപ്പനി (Leptospirosis), വെസ്റ്റ് നൈല്‍, മസ്തിഷ്‌കജ്വരം (Japanese Encephalitis), സ്‌ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease) തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പ്രാദേശിക രോഗമായി (Endemic) ഏറിയും കുറഞ്ഞും നിലനില്‍ക്കുകയും നിരവധിപേരുടെ ജീവന്‍ വര്‍ഷംതോറും അപഹരിച്ച് വരികയുമാണ്. നീപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനിടെ കോളറ രോഗവും അതു മൂലമുള്ള മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കയാണ് . അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തില്‍ വര്‍ധിച്ച് വരികയാണ്. ഇന്നത്തെ തലമുറയിലെ ഡോക്ടര്‍മാര്‍ വൈദ്യഗ്രന്ഥങ്ങളില്‍ മാത്രം പഠിച്ചിട്ടുള്ള അമീബിയാസിസ് രോഗം തലച്ചോറിനെ ബാധിച്ച ഏതാനും പേരും മരണമടഞ്ഞിരിക്കുന്നു.
രോഗവിഷമ വൃത്തം
പകര്‍ച്ചേതര-പകര്‍ച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കയാണ്. കേരളത്തില്‍ പകര്‍ച്ചേതര രോഗങ്ങള്‍, ജീവിതശൈലിരോഗങ്ങള്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാറുള്ള പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘസ്ഥായി രോഗങ്ങളും വര്‍ധിച്ച് വരുന്നുണ്ട്. പകര്‍ച്ച-പകര്‍ച്ചേതര രോഗങ്ങള്‍ ഒരു വിഷമവൃത്തം പോലെ പരസ്പരം രോഗരൂക്ഷതക്കും കാരണമാവുന്നും,. പകര്‍ച്ചവ്യാധികള്‍ പ്രമേഹം പോലുള്ള രോഗങ്ങളെ മൂര്‍ച്ചിപ്പിക്കുന്നു. പകര്‍ച്ചേതര അനുബന്ധ രോഗമുള്ളവരിലാണ് കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ മരണത്തിനും ഗുരുതരാവസ്ഥകള്‍ക്കും കാരണമാവുന്നത്.
രോഗപ്രതിരോധത്തിനായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷകൂടാതെ ജനങ്ങള്‍ നടപ്പിലാക്കുന്നതോടൊപ്പം വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഉണര്‍ന്ന് പ്രവത്തിക്കേണ്ടതുണ്ട്. കേരളത്തിലെ പകര്‍ച്ച-പകര്‍ച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് ബ്രഹത്തായ കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി കൊതുക് നശീകരണം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഈഡിസ് ഈജിപ്‌റ്റൈ കൊതുകുകളുടെ സാന്ദ്രത കുറക്കാന്‍ കഴിയാതിരുന്നാല്‍ മാരകമായ മഞ്ഞപ്പനിയും (Yellow Fever) കേരളത്തില്‍ എത്താന്‍ സാധ്യതയുണ്ട്. പ്രാണീജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹാചര്യത്തില്‍ ആരോഗ്യ-തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ സംയുക്തമായി വെക്ടര്‍ കണ്ട്രോള്‍ പ്രോഗ്രാം ഫലവത്തായി നടപ്പിലാക്കേണ്ടതുണ്ട്. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവര്‍ത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നീപ, സ്‌ക്രബ് ടൈഫസ്, കരിമ്പനി, കുരങ്ങ്പനി എന്നിവ നിയന്ത്രിക്കുന്നതിനായി അതത് രോഗങ്ങളുടെ സവിശേഷ രോഗഉറവിട വ്യാപനരീതികള്‍ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഭക്ഷ്യമാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് തെരുവ് നായ്ക്കളുടെ വര്‍ധനക്കുള്ള പ്രധാനകാരണം. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു.
ഫ്‌ലൂ വാക്‌സിനും രോഗം ബാധിച്ചാല്‍ ചികിത്സക്കായുള്ള ആന്റി വൈറല്‍ മരുന്നും ലഭ്യമാണെങ്കിലും എച്ച് 1 എന്‍ 1 മൂലം വര്‍ഷം തോറും കുറഞ്ഞത് അന്‍പത് പേരെങ്കിലും മരണമടയുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. ഫ്‌ലൂ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇതേപോലെ രോഗപ്രതിരോധത്തിനും ചികിത്സക്കും മരുന്ന് ലഭ്യമായ എലിപ്പനിമൂലമുള്ള മരണങ്ങളും തടയേണ്ടതാണ്. എലികളെ നിയന്ത്രിച്ചും പാടത്തും കന്നുകാലിതൊഴുത്തിലും മറ്റും ജോലിചെയ്യുന്നവര്‍ ഷൂസും കൈയുറയും ധരിച്ചും എലിപ്പനി പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതാണ്. കേരളീയര്‍ കൂടുതലായുപയോഗിക്കുന്ന കിണര്‍ വെള്ളത്തിലെ ജൈവമാലിന്യം വളരെ കൂടുതലാണ്. വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായ ഇ കോളൈ (Escherichia coli) കിണര്‍ വെള്ളത്തില്‍ വ്യാപകമായി കാണുന്നുണ്ട്. കക്കൂസ് നിര്‍മ്മാണത്തിലെ അപാകതകളാണ് ഇതിനൊരു കാരണം. ഇക്കാര്യം വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തേണ്ടതാണ്.
സബ് സെന്ററുകള്‍ ശക്തിപ്പെടുത്തുക
രോഗചികിത്സ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നോട്ട് പോയിട്ടുണ്ട്. ആര്‍ദ്രം മിഷന്റെ ഭാഗമായി പകര്‍ച്ചേതര രോഗങ്ങള്‍, മാനസികരോഗം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കായി പ്രത്യേക ക്‌ളിനിക്കുകള്‍ സ്ഥാപിച്ചും അവശ്യമരുന്നുകളെല്ലാം ലഭ്യമാക്കിയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടൂണ്ട്. നമ്മുടെ പല താലൂക്ക്, ജില്ലാ, മെഡിക്കല്‍ കോളേജ് ആശുപത്രികളും ഏത് സ്വകാര്യ ചെറുകിട വന്‍കിട ആശുപത്രികളെയും അതിശയിക്കുന്നതരത്തില്‍ ആധുനിക സാങ്കേതിക വിദ്യകളുടേയും മനുഷ്യവിഭവശേഷിയുടെയും ലഭ്യതയുടെയും കാര്യത്തില്‍ വികസിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രി സേവനം സ്വീകരിക്കുന്നവര്‍ 60-70 ശതമാനത്തോളമായി കുതുച്ചുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വിവിധതലങ്ങളിലായി നമുക്കുള്ള സാധ്യതകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യവിദ്യാഭ്യാസത്തിനും ആരോഗ്യപോഷണത്തിനുമായി പ്രവര്‍ത്തിക്കേണ്ട താഴെതട്ടിലുള്ള സബ്‌സെന്ററുകളുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. സബ്‌സെന്ററുകളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ് അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ വെല്‍നസ് ക്‌ളിനിക്കുകള്‍ 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍'' എന്ന പേരില്‍ സബ്‌സെന്ററുകളെ കേന്ദ്രീകരിച്ചു നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കയുമാണ്. സബ്‌സെന്ററുകള്‍ ഏതുപേരിലറിയപ്പെട്ടാലും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സാവിഭാഗങ്ങളുടെ അനുബന്ധങ്ങളായി മാറാതെ രോഗപ്രതിരോധത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കേന്ദ്രങ്ങളാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുജനാരോഗ്യ ഇടപെടലുകള്‍ പ്രധാനം
ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യ ഇടപെടലുകളും കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികള്‍ പരിഹരിക്കാനാവശ്യമാണ്. മെഡിക്കല്‍ കോളേജുകളിലെ സാമൂഹ്യാരോഗ്യവിഭാഗം, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ സാമൂഹ്യാരോഗ്യവിഭാഗം ഇവിടെയെല്ലാം ലഭ്യമായ നൂറുകണക്കിനുള്ള പൊതുജനാരോഗ്യവിദഗ്ദരുടെ സേവനം പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ സംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മപഠനങ്ങള്‍ നടത്തുന്നതിനും പൊതുജനാരോഗ്യ ഇടപെടലിനുമായി ഇവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വിവിധ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രാദേശിക ആരോഗ്യപ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനും ആരോഗ്യ പ്രോജക്ടും മറ്റും തയ്യാറാക്കാന്‍ അവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനപരിപാടി തയ്യാറാക്കണം.
രോഗപ്രതിരോധത്തോടൊപ്പം രോഗനിരീക്ഷണവും ((Monitoring and Surveillance) ഫലവത്തായി നടത്തേണ്ടതുണ്ട്. ഇതിലേക്കായി ഇപ്പോള്‍ തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പി ഇ ഐ ഡി സെല്ലിന്റെ ( PEID Cell: Prevention of Epidemic and Infectious Diseases) കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി അമേരിക്കയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന സിഡിസി (CDC: Centers for Disease Control and Prevention) യുടെ മാതൃകയില്‍ കേരളത്തിലും ഒരു കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.
കേരളീയര്‍ നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്‌നങ്ങള്‍ പഠനവിധേയമാക്കുന്നതിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആരോഗ്യസര്‍വകലാശാല ഇനിയും വൈകരുത്.
ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയില്‍ വികസിതരാജ്യങ്ങള്‍ക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാല്‍ വികസ്വരരാജ്യങ്ങളില്‍ നിന്നും, ആരോഗ്യമേഖലയില്‍ മികച്ച് നില്‍ക്കുന്ന ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍ തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകര്‍ച്ചവ്യാധികള്‍ പലതും കേരളത്തില്‍ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. പകര്‍ച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരീഗണന (നെഗറ്റീവ് വെയ്‌റ്റേജ്) നല്‍കിയാല്‍ കേരളം ആരോഗ്യമികവില്‍ മറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ പുറകിലാവാന്‍ സാധ്യതയുണ്ട്.
Content Highlights: dr b ekbals facebook post about the spread of epidemics in kerala