മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? മഞ്ഞക്കരു വില്ലനോ?; കാർഡിയോളജിസ്റ്റ് പറയുന്നു

#Health Desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പോഷകങ്ങളുടെ പവർ ഹൗസ് എന്നാണ് മുട്ട അറിയപ്പെടുന്നത്‌. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് അവ. എന്നാൽ പലരും കൊളസ്ട്രോളിനെ ഭയന്ന് മുട്ടയുടെ വെള്ള മാത്രം കഴിക്കുകയും മഞ്ഞക്കരു ഒഴിവാക്കുകയും ചെയ്യുന്നു. ഈ രീതിയ യഥാർഥത്തിൽ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ? ഇപ്പോഴിതാ, മുട്ടയുടെ മിക്ക പോഷകങ്ങളും മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ടെന്ന് പറയുകയാണ് ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. അലോക് ചോപ്ര. വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ വൈറ്റമിൻ എ, വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ വലിയൊരു പങ്കും മഞ്ഞക്കരുവിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണോ?

മിക്കവാറും ആരോഗ്യവാന്മാരായ ആളുകൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ലെന്നാണ് ഡോക്ടർ പറയുന്നു. പകരം, ആരോഗ്യകരമായ ഡയറ്റിന്റെ ഭാഗമാക്കാൻ സാധിക്കുന്ന ഒന്നാണ് മഞ്ഞക്കരു. മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോൾ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. കൊളസ്ട്രോൾ വർധിപ്പിക്കുകയാണെങ്കിൽ അത് നല്ല കൊളസ്ട്രോളായിരിക്കും(HDL cholesterol (high-density lipoprotein)). ഇത് ചീത്ത കൊളസ്ട്രോളിനെ(Low-density lipoprotein (LDL) cholesterol) പ്രതികൂലമായി ബാധിക്കാൻ കാരണമാകുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

തെറ്റിദ്ധാരണകൾ

കൊളസ്ട്രോളിനെക്കുറിച്ച് പൊതുവെ പല തെറ്റിദ്ധാരണകളുമുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. കോശങ്ങളുടെ ഘടനയ്ക്കും ഹോർമോൺ ഉത്പാദനത്തിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും ആരോഗ്യകരമായ പ്രതിരോധ സംവിധാനത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. ശരീരത്തിലെ കൊളസ്ട്രോളിൻ്റെ ഏകദേശം 85% ഉത്പാദിപ്പിക്കുന്നത് കരൾ ആണ്.

എല്ലാ കൊളസ്ട്രോളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയില്ല. ശരീരത്തിലെ കൊളസ്ട്രോൾ രണ്ട് തരം ലിപ്പോപ്രോട്ടീനുകളിലൂടെയാണ് ഉണ്ടാകുന്നത്. ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL)സ ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) എന്നിവയാണ് അവ. ഉയർന്ന അളവിലുള്ള LDL ഹൃദയാരോഗ്യത്തെ ബാധിക്കും. എന്നാൽ, HDL ആരോഗ്യപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

ശരീരത്തിലെ മോശം കൊളസ്ട്രോളിൻ്റെ അളവ് വർധിപ്പിക്കുന്നത് ട്രാൻസ് ഫാറ്റുകളും അമിതമായ സാച്ചുറേറ്റഡ് ഫാറ്റുകളുമാണ്. കൂടാതെ, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി, ചില ജനിതക ഘടകങ്ങൾ എന്നിവയും കാരണമാകാം.

ആരാണ് ശ്രദ്ധിക്കേണ്ടത്?

മിക്കവർക്കും സുരക്ഷിതമാണെങ്കിലും ചിലർ ഡയറ്റിന്റെ കാര്യത്തിൽ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.

  • ഹൃദ്രോഗമുള്ള വ്യക്തികൾ
  • പ്രമേഹ രോഗികൾ
  • സന്ധിവാത പ്രശ്നങ്ങളുള്ളവർ.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Eggs are considered a nutritional powerhouse, rich in high-quality protein, healthy fats, vitamins, and minerals.