പെട്ടെന്നുള്ള കഠിനമായ പനി, തലവേദന; ഡെങ്കിപ്പനിയും എലിപ്പനിയും തിരിച്ചറിയുന്നതെങ്ങനെ?

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മഴക്കാലത്ത് ഡെങ്കിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്. ചിരട്ടകളിലും വീപ്പകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമൊക്കെ കെട്ടിക്കിടക്കുന്ന വെള്ളം ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി, ആൽബോപിക്ടസ് കൊതുകുകളുടെ താവളമാകുകയാണ്. കൊതുകുകളുടെ ഉറവിട നശീകരണം ഊർജിതമാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടും.

ഡെങ്കിപ്പനിക്കൊപ്പം മഴക്കാലത്ത്  എലിപ്പനിയേയും പേടിക്കണം. താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായാൽ എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ഡെങ്കിപ്പനിയും എലിപ്പനിയും തിരിച്ചറിയാം

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകളുടെ അളവു കുത്തനെ കുറഞ്ഞാൽ സങ്കീർണമാകും.

ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി, ചില ആളുകൾക്കു വിശപ്പില്ലായ്മ, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം തുടങ്ങിയവയാണ് എലിപ്പനി ലക്ഷണങ്ങൾ. ഡെങ്കിപ്പനിയുടെയും എലിപ്പനിയുടെയും ചില ലക്ഷണങ്ങൾ ഒരുപോലെയാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിൽ ചികിത്സ തേടണം.

ഡെങ്കിയെ പ്രതിരോധിക്കാം

  • ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കുക.
  • റെഫ്രിജറേറ്ററിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടികൾക്കിടയിലെ പാത്രം, അലങ്കാരച്ചെടികളുടെ പാത്രം, മൃഗങ്ങൾക്കു തീറ്റകൊടുക്കുന്ന പാത്രം തുടങ്ങിയവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം.
  • വെള്ളം ശേഖരിക്കുന്ന പാത്രം, ടാങ്കുകൾ എന്നിവ ആഴ്ചയിലൊരിക്കൽ കഴുകണം. വെള്ളംശേഖരിച്ചശേഷം കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ടുമൂടുക.
  • കമുകിൻ പാള, ചിരട്ടകൾ, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളംകെട്ടിനിൽക്കാൻ അനുവദിക്കരുത്.
  • റബർ തോട്ടത്തിലെ ചിരട്ടകൾ കമഴ്ത്തിവെക്കുക. ടെറസിലെയും സൺഷെയ്ഡിലെയും വെള്ളം ഒഴുക്കിക്കളയുക.
  • പ്ലാസ്റ്റിക് വേലിയുടെ അടിയിൽ വെള്ളംകെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ഉപയോഗിക്കാത്ത കുളം, കിണർ, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി വളർത്തുക.
  • കൊതുകുവല ഉപയോഗിക്കുക, വെള്ളംനിറച്ചു കുപ്പികളിൽ ചെടി വീടിനകത്ത് വെക്കുന്നത് ഒഴിവാക്കുക

Content Highlights: dengue and leptospirosis symptoms, prevention tips, and treatment