ഉറക്കം കൂടിയാലും കുറഞ്ഞാലും പ്രശ്നം, വ്യായാമം ചെയ്യാതിരിക്കൽ; ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഘടകങ്ങൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഉറക്കം, ദീർഘസമയമുള്ള ഇരിപ്പ്, വ്യായാമക്കുറവ് എന്നിവയും ഡിമെൻഷ്യ രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി പഠനം. 69 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കാനഡയിലെ യോർക്ക് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, ദീർഘസമയമുള്ള ഇരിപ്പ് തുടങ്ങിയവ ഡിമെൻഷ്യ സാധ്യതയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ ഉറക്കം ലഭ്യമാക്കുന്നതിലൂടെ ഡിമെൻഷ്യ സാധ്യത കുറയ്ക്കാനാവുമെന്ന് ഗവേഷകർ പറയുന്നു. ഇതിനൊപ്പം എട്ടുമണിക്കൂറിലേറെ ഇരിക്കുന്നവരും വ്യായാമം ചെയ്യാത്തതും അപകടസാധ്യതാ ഘടകങ്ങളാണ്. ദിവസവും ഏഴുമണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ഡിമെൻഷ്യയുടെ സാധ്യത പതിനെട്ടു ശതമാനമായി കൂട്ടും. ഉറക്കം കുറയുന്നതു മാത്രമല്ല കൃത്യമായ അളവിനപ്പുറം ഉറങ്ങുന്നതും പ്രശ്നമാണ്. എട്ടുമണിക്കൂറിൽ കൂടുതലാണ് ഉറക്കമെങ്കിൽ അതും ഡിമെൻഷ്യ സാധ്യത ഇരുപത്തിയെട്ടു ശതമാനമായി കൂട്ടും.

ഡിമെൻഷ്യ പ്രതിരോധത്തിൽ ദീർഘസമയം ഇരിക്കുന്നതിൽ മാറ്റം വരുത്തേണ്ടത് പ്രധാനമാണ്. ഇതിനൊപ്പം ആഴ്ചയിൽ 150 മിനിറ്റിൽ കുറയാതെ വ്യായാമം ചെയ്യേണ്ടതും നിർബന്ധമാണ്. ചിട്ടയായ വ്യായാമം, ഉറക്കം എന്നിവയിലൂടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ഇതുവഴി ഡിമെൻഷ്യ സാധ്യത കുറയുകയും ചെയ്യുമെന്നാണ് ഗവേഷകർ കരുതുന്നത്.

എന്താണ് ഡിമെൻഷ്യ?

ലോകത്താകമാനം 55 ദശലക്ഷം ആളുകളാണ് ഡിമെൻഷ്യാബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽസ്ഹൈമേഴ്സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ് 60-70 ശതമാനവും അൽസ്ഹൈമേഴ്സ് ആണ്.

ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്. ഈ രോഗത്തിന് ശാരീരികവും മാനസികയും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.

ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.

Content Highlights: How Sleep and Exercise Habits Impact Your Dementia Risk