നടുവ് വേദനയുടെ കാരണം തേടുകയാണോ? നിർജലീകരണവും പ്രശ്നമാകാം, മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കണം

നടുവ് വേദന മൂലം ദുരിതം അനുഭവിക്കുന്ന പലരും കരുതുന്നത് ഇരിക്കുന്നതിന്റെ രീതിയും കിടക്കയുമൊക്കെയാവും കാരണമാവുന്നതെന്നാണ്. എന്നാൽ അതുമാത്രമല്ല ശരീരത്തിൽ വെള്ളംകുറയുന്നുണ്ടെങ്കിൽ അതും നടുവ് വേദനയ്ക്ക് കാരണമാകുമെന്നാണ് ന്യൂറോസർജനായ ഡോ. അരുൺ എൽ നായിക് പറയുന്നത്. എയിംസിൽ നിന്നുള്ള ഡോക്ടറായ ഇദ്ദേഹം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് വിശദമാക്കുന്നത്.
നടുവ് വേദനയ്ക്കു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് നിർജലീകരണം ആകാമെന്നാണ് ഡോക്ടർ പറയുന്നത്. നട്ടെല്ലിന്റെ പ്രവർത്തനത്തിൽ പ്രധാനപങ്കുവഹിക്കുന്ന ഇന്റർവെർട്രിബൽ ഡിസ്ക്കുകളുടെ 75ശതമാനവും വെള്ളമാണ്. ചെറിയതോതിൽ പോലും നിർജലീകരണമുണ്ടാകുന്നത് ഡിസ്ക്കുകളിലെ ഈർപ്പം കുറയ്ക്കുകയും അവ ചുരുങ്ങാനും പേശീവലിവിനും കാരണമാകും. കൂടാതെ ഡിസ്ക് ബൾജിന് വരെ കാരണമാകാനും ഇടയുണ്ട്. അതിനാൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഡോ.അരുൺ പറയുന്നു.
നിർജലീകരണം നട്ടെല്ലിനെ മാത്രമല്ല കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. മസ്തിഷ്കവും ശരീരവും തമ്മിലുള്ള പ്രധാന ആശയവിനിമയപാതയാണ് സുഷുമ്നാനാഡി, ചെറിയ തോതിലുള്ള നിർജലീകരണം പോലും പേശീവലിവിന് കാരണമാകും. ഇതൊഴിവാക്കാനുള്ള വഴികളേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. അതിലൊന്ന് ഒരു ഗ്ലാസ് വെള്ളത്തോടെ ഒരുദിവസം ആരംഭിക്കുക എന്നതാണ്. വെള്ളംകുടിക്കുന്നതിന് ദാഹംവരുന്നത് വരെ കാത്തിരിക്കാതെ ദിവസംമുഴുവൻ ഇടയ്ക്കിടെ വെള്ളംകുടിക്കുക, ദിവസവും കുറഞ്ഞത് മൂന്നുലിറ്റർ വെള്ളമെങ്കിലും കുടിക്കുക( വ്യായാമം ചെയ്യുകയോ, വിയർക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ), സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉൾക്കൊള്ളിക്കുക എന്നിവയാണ് പ്രധാനമായും അദ്ദേഹം നിർദേശിക്കുന്നത്.
ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലെന്ന് എങ്ങനെ മനസ്സിലാക്കാം?
ആവശ്യത്തിന് ജലാംശം ഇല്ലെങ്കിൽ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകും. മൂത്രത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസമാണ് അതിലൊന്ന്. ആരോഗ്യമുള്ള ഒരാളുടെ മൂത്രത്തിന് ഇളംമഞ്ഞ നിറമാണുണ്ടാവുക. എന്നാൽ ഇതിനുപകരം മൂത്രത്തിന്റെ നിറം ഇരുണ്ടതായി കാണുന്നുവെങ്കിൽ നിർജലീകരണത്തിന്റേത് ആണെന്ന് തിരിച്ചറിയണം.
കടുത്ത നിർജലീകരണം അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ തലകറക്കത്തിനും ദിശാബോധം നഷ്ടപ്പെടാനും കാരണമാകും. വായ, ചർമം തുടങ്ങിയ ഭാഗങ്ങൾ വരണ്ട് കാണുകയും ചെയ്യും. കടുത്ത തലവേദനയും ശരീരത്തിൽ വെള്ളം കുറയുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്.
കൂടാതെ തൊണ്ട വറ്റിവരളുക, പേശീവലിവ്, വിശപ്പ് കുറയുക, ശരീരഭാഗങ്ങളിൽ വേദന, അപസ്മാരം, ഓർമക്കുറവ് തുടങ്ങിയവയും ശരീരത്തിൽ വെള്ളം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
Content Highlights: Dehydration and Back Pain: A Doctor Explains the Connection