ഡാർക്ക് ചോക്ലേറ്റ് ഓർമശക്തി വർധിക്കാൻ സഹായിക്കുമോ?; പുതിയ പഠനം പറയുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചോക്ലേറ്റ് പ്രേമികളില്‍ ഭൂരിഭാഗം പേരും മധുരപ്രേമികളാണ്. എന്നാല്‍ ഇതിന് പകരം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. കൊക്കോ ചെടിയുടെ കായയില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇത് കഴിക്കുന്നത് കൊണ്ട് ഗുണമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ, ഡാര്‍ക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോളുകൾ ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 'കറന്റ് റിസർച്ച് ഇൻ ഫുഡ് സയൻസ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫ്ലാവനോളുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കാര്യങ്ങൾ ഓർമിച്ചെടുക്കാൻ സഹായിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

പഠനം പറയുന്നത്

എലികളിലായിരുന്നു ഗവേഷകർ പഠനം നടത്തിയത്. അതിന്റെ ഭാഗമായി അവർ എലികൾക്ക് ഫ്ലാവനോളുകൾ നൽകി. തുടർന്നുള്ള പരിശോധനകളിൽ അവയുടെ ഓർമശക്തി 30 ശതമാനം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എന്നാൽ, ഓർമയുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ ഭാഗമായ ഹിപ്പോകാമ്പസ് സജീവമാകുന്ന ഒരു മണിക്കൂറോളം മാത്രമേ ഈ ഫലം നീണ്ടുനിന്നുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരുമണിക്കൂറിനുള്ളിൽ ഈ മാറ്റം പ്രകടമായിരുന്നു.

Content Highlights: Discover how dark chocolate, rich in flavanols, can enhance memory and cognitive function. Learn about a new study showing significant improvements in recall. Click to learn more!