‘ഇൻസുലിൻ വെറും മരുന്നല്ല, ജീവൻ രക്ഷാമാർഗമാണ്’; 26 വയസ്സുകാരന് ജീവൻ നഷ്ടപ്പെട്ടതിനേക്കുറിച്ച് ഡോക്ടർ

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജീവിതശൈലീരോഗങ്ങൾ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരുകയാണെന്നാണ് കണക്കുകൾ പറയുന്നത്. രക്തസമ്മർദവും പ്രമേഹവുമൊക്കെ സാധാരണ രോഗങ്ങൾ പോലെയായി. മരുന്നിലൂടെ ഇവ കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവാനുള്ള സാധ്യത വളരെയധികമാണ്. അത്തരത്തിൽ പ്രമേഹമുണ്ടായിട്ടും മരുന്ന് മുടക്കി ഒടുവിൽ ജീവൻതന്നെ നഷ്ടമായ യുവാവിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഒരു ഡോക്ടർ. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ ഇന്റേണൽ മെഡിസിൻ വിദഗ്ധനായ ഡോ. പ്രിയം ബോർദൊലോയ് ആണ് മുന്നറിയിപ്പ് പങ്കുവെച്ചത്.

ഇരുപത്തിയാറു വയസ്സുള്ള യുവാവിനേക്കുറിച്ചാണ് ഡോ. പ്രിയം കുറിച്ചത്. അനിയന്ത്രിതമായ പ്രമേഹമാണ് യുവാവിന്റെ ജീവനെടുത്തത്. ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തിലോ, അല്ലെങ്കിൽ അതിൻ്റെ പ്രവർത്തനത്തിലോ വരുന്നതടസ്സം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കണ്ണുകൾ, വൃക്ക, നാഡി, ഹൃദയം തുടങ്ങിയവയെയെല്ലാം ബാധിക്കുകയും മരണകാരണമാവുകയും ചെയ്യും. ടൈപ് 1 ഡയബറ്റിസ് സ്ഥിരീകരിച്ച യുവാവാണ് തനിക്കരികിൽ എത്തിയതെന്ന് ഡോ.പ്രിയം പറയുന്നു. ഇൻസുലിൻ കുത്തിവെക്കാൻ മടികാണിക്കുകയും പകരം മരുന്നുമാത്രം കഴിക്കുകയുമാണ് ചെയ്തത്. അത് വലിയ തെറ്റായിരുന്നുവെന്ന് ഡോക്ടർ കുറിക്കുന്നു.

ഗുരുതരാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്നുവെന്ന് മാത്രമല്ല ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമുണ്ടായിരുന്നു. തുടർന്ന് രക്തം പരിശോധിച്ചപ്പോൾ ഗ്ലൂക്കോസ് നില 600 mg/dL ആണെന്ന് കണ്ടെത്തി. ചികിത്സ വൈകിയതുകൊണ്ടുതന്നെ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ലെന്നും ഡോ.പ്രിയം പറഞ്ഞു.

ടൈപ് 1 ഡയബറ്റിസ് രോഗികളിൽ ഇൻസുലിൻ എന്നത് വെറുമൊരു മരുന്നുമാത്രമല്ലെന്നും ജീവൻ കാക്കാനുള്ള അവശ്യമരുന്നാണെന്നും അദ്ദേഹം പറയുന്നു. കഴിക്കുന്ന രൂപത്തിലുള്ള മരുന്നുകളോ, ആയുർവേദ ഉത്പന്നങ്ങളോ, പ്രകൃതിദത്ത മരുന്നുകളോ, ആഹാരരീതിയിലെ മാറ്റമോ ഇൻസുലിൻ ഇഞ്ചക്ഷനു പകരമാവില്ലെന്നും ഡോ.പ്രിയം പറയുന്നു. ഇവയ്ക്കൊന്നിനും ശരീരത്തിൽ ഇൻസുലിന് പകരമാവാൻ കഴിയില്ല.

ടൈപ്1 ഡയബറ്റിസ് രോഗികളിൽ പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദനം ഇല്ലാതാവുകയും ശരീരത്തിന് സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇൻസുലിൻ പാടെ കുറയുന്നതിനാൽ മരുന്നുകളിലൂടെമാത്രം പ്രമേഹം നിയന്ത്രിക്കാനാവില്ല. അത്തരംസാഹചര്യങ്ങളിൽ ഇൻസുലിൻ കുത്തിവെക്കുന്നതിലൂടെ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, തുടർച്ചയായുള്ള ഛർദി, അടിവയറിൽ കലശലായ വേദന, ശ്വസിക്കുമ്പോൾ പഴത്തിന്റെ മണം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ചികിത്സ വൈകിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഇൻസുലിൻ എന്തിന്?

ശരീരത്തിലെ ഒരു സാധാരണ ഹോർമോണാണ് ഇൻസുലിൻ. പ്രമേഹമില്ലാത്തവരുടെ ശരീരത്തിൽ അത് ആവശ്യാനുസരണം ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാൽ പ്രമേഹരോഗികളിൽ ഇൻസുലിൻ ഹോർമോണിന്റെ ഉത്പാദനം കുറവായിരിക്കും. ഇവരിൽ തുടക്കത്തിൽ മരുന്നുകൾ കൊണ്ട് ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ കഴിയും. കാലക്രമേണ ഇൻസുലിൻ ഉത്പാദനം ഗണ്യമായി കുറയുകയും മരുന്നുകൾ കൊണ്ട് മാത്രം ചികിത്സ സാധ്യമാകാതെ വരുകയും ചെയ്യും. ഈ സന്ദർഭത്തിൽ ഇൻസുലിൻ ചികിത്സ ആരംഭിച്ചാൽ മാത്രമേ രക്തത്തിലെ ഷുഗർനില സാധാരണഗതിയിൽ വീണ്ടും എത്തിക്കാനാകൂ.

Content Highlights: Type 1 diabetes requires exogenous insulin as the pancreas fails to produce it., Oral medications and alternative remedies cannot replace insulin therapy., Neglecting insulin leads to severe complications like DKA and organ failure., Early symptoms like excessive thirst and confusion require immediate medical attention.