ദിവസവും പതിനഞ്ച് തവണയെങ്കിലും ഛർദിക്കുന്ന അവസ്ഥ, എന്താണ് സൈക്ലിക് വൊമിറ്റിങ് സിൻഡ്രോം?

Representative Image| Photo: Canva.com
Representative Image| Photo: Canva.com

സമ്മർദം അധികരിക്കുമ്പോൾ വിവിധ രീതിയിലാണ് ശരീരം ലക്ഷണങ്ങൾ പ്രകടമാക്കുക. അത്തരത്തിൽ അമിതമായി ഉത്കണ്ഠപ്പെടുന്ന സന്ദർഭങ്ങളിൽ ദിവസത്തിൽ പതിനഞ്ചു തവണയെങ്കിലും ഛർദിക്കുന്ന അവസ്ഥയുമായി ജീവിക്കുകയാണ് ഒരു യുവതി. ഷാരിസ് സെറൂണിയൻ എന്ന ഇരുപത്തിയൊമ്പതുകാരിയാണ് സമ്മർദം കൂടുന്ന സമയങ്ങളിലും ആർത്തവകാലത്തുമൊക്കെ അനിയന്ത്രിതമായ ഛർദി മൂലം വലയുന്നത്. 

ടുഡേ ഡോട്ട്കോമിലാണ് ഷാരിസിന്റെ അവസ്ഥ പുറത്തുവന്നിരിക്കുന്നത്. ഒരാഴ്ച വലിയ കുഴപ്പമില്ലാതെ പോയാലും അടുത്ത ആഴ്ച താൻ അനിയന്ത്രിതമായ ഛർദി മൂലം ആശുപത്രിയിലായിരിക്കും എന്നാണ് ഷാരിസ് പറയുന്നത്. 2021-ലാണ് ഷാരിസിന് ആദ്യമായി ലക്ഷണങ്ങൾ പ്രകടമാകുന്നത്.എൻഡോസ്കോപ്പിയും രക്തപരിശോധനകളുമെല്ലാം ചെയ്തെങ്കിലും തുടക്കത്തിൽ ഷാരിസിന്റെ രോ​ഗം എന്തെന്ന് തിരിച്ചറിയാനായിരുന്നില്ല. എന്നാൽ ദിവസങ്ങളും കടന്ന് ആഴ്ചകളോളം ഛർദി നീണ്ടപ്പോഴും മൈ​ഗ്രേന്റേത് ആയിരിക്കുമെന്നാണ് കരുതിയത്. ഇതിനിടെ വണ്ണം പാടേ കുറയുകയും ജോലി എടുക്കുന്നത് പോലും കഷ്ടമാവുകയും ചെയ്തു. 2023-ൽ വീണ്ടും വിദ​ഗ്ധ പരിശോധന നടത്തിയപ്പോഴാണ് സൈക്ലിക് വൊമിറ്റിങ് സിൻഡ്രോം എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. വൈകാതെ അതിനുള്ള ചികിത്സയും ആരംഭിച്ചുതുടങ്ങി.

എന്താണ് സൈക്ലിക് വൊമിറ്റിങ് സിൻഡ്രോം? 

കടുത്ത ഛർദി അടിക്കടി അനുഭവപ്പെടുകയും മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ലക്ഷണങ്ങൾ പലപ്പോഴും എല്ലാദിവസവും പ്രകടമായില്ലെങ്കിലും ജീവിതത്തിന്റെ ഭാ​ഗമായി നീണ്ടുനിൽക്കാം. ഛർദിയെ ട്രി​ഗർ ചെയ്യുന്ന ഘടകങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും ഓക്കാനത്തിനും ഛർദിക്കുമുള്ള മരുന്ന് കഴിക്കുന്നതും ​മാറ്റമുണ്ടാക്കും. കരുതലെടുത്തില്ലെങ്കിൽ നിർജലീകരണത്തിനും ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും. 

ലക്ഷണങ്ങൾ

ഛർദിക്ക് തൊട്ടുമുമ്പോ മണിക്കൂറുകൾക്ക് മുമ്പോ വിയർപ്പ് അനുഭവപ്പെടും. ചിലപ്പോൾ ഒരുമണിക്കൂറിൽ നിരവധി തവണ ഛർദിക്കും. അത് ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടുനിൽക്കാം. മറ്റൊരാളോട് സംസാരിക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടുകയും അമിതക്ഷീണം അനുഭവപ്പെടുകയും ചെയ്യും. അടിവയറുവേദന, വയറിളക്കം, തലചുറ്റൽ, അമിതമായ ദാഹം, വിശപ്പില്ലായ്മ, വിളറുക, കടുത്ത തലവേ​ദന, നേരിയ പനി തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. 

കാരണങ്ങൾ

ബ്രെയിൻ ​ഗട്ട് ഡിസോർഡർ എന്നാണ് ചില ​ഗവേഷകർ ഈ രോ​ഗത്തെ വിളിക്കുന്നത്. ദഹനനാളത്തിലെ നാഡികളുമായി മസ്തിഷ്കം ആശയവിനിമയം നടത്തുന്നതിലെ പ്രശ്നങ്ങളാണ് ഇതിലേക്ക് നയിക്കുന്നതെന്ന് ​ഗവേഷകർ പറയുന്നു. കൂടാതെ മൈ​ഗ്രേൻ തലവേദനയും നാഡീസംബന്ധമായ മറ്റു തകരാറുകളും ഇതിലേക്ക് നയിക്കാം. കാലാവസ്ഥാ വ്യതിയാനങ്ങൾ, ചോക്ലേറ്റ്, ചീസ്, കഫീൻ തുടങ്ങിയവയോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനം, അമിതമായ വികാരവിക്ഷോഭം, അലർജികൾ, സൈനസ് അണുബാധ, ദീർഘസമയം ഭക്ഷണം കഴിക്കാതിരിക്കൽ, ആർത്തവം, മോഷൻ സിക്നസ് തുടങ്ങിയവയും ട്രി​ഗർ ചെയ്യാറുണ്ട്. 

Content Highlights: Learn about Cyclic Vomiting Syndrome (CVS), its symptoms, causes, and treatment options.