‘ബോധംപോലും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥ, എന്നിട്ടും നടന്നാണ് ആ സ്ത്രീ ക്ലിനിക്കിലെത്തിയത്’

#Health
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോഗ്യം വഷളാകുന്നത് സംബന്ധിച്ച് ശരീരം പലതരം സൂചനകൾ തരുമെങ്കിലും മിക്കപ്പോഴും നിസ്സാരമാക്കി വിടുന്നവരാണ് ഏറെയും. അത്തരത്തിൽ ഹീമോഗ്ലോബിൻ അപകടകരമായ വിധത്തിൽ കുറഞ്ഞ അളവുമായി തന്നെ കാണാനെത്തിയ ഒരു രോഗിയേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. പ്രിയം ബൊർദൊലോയ്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം 1.9 g/dL എന്ന വളരെയധികം താഴ്ന്ന ഹീമോഗ്ലോബിൻ നിലയുമായെത്തിയ യുവതിയേക്കുറിച്ച് പങ്കുവെച്ചത്.

ഏകദേശം മൂന്നു വർഷത്തോളമായി ഗുരുതരമായ ക്ഷീണവും കഴിഞ്ഞ ആറു മാസമായി ശ്വാസംമുട്ടലും ആ സ്ത്രീക്ക് അനുഭവപ്പെട്ടിരുന്നുവെന്ന് ഡോക്ടർ കുറിക്കുന്നു. ബോധംപോലും നഷ്ടമാകും വിധത്തിൽ ഗുരുതരമായി താഴ്ന്ന ഹീമോഗ്ലോബിൻ നിലയായിരുന്നിട്ടും അവർ നടന്നാണ് ക്ലിനിക്കിലേക്ക് എത്തിയത്. പ്രായപൂർത്തിയായ സ്ത്രീകൾക്ക് സാധാരണ ഹീമോഗ്ലോബിൻ അളവ് 12 മുതൽ 15 g/dL വരെയാണ് വേണ്ടത്.

യുവതിയുടെ രക്തപരിശോധനാഫലവും ഡോക്ടർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ചുവന്ന രക്താണുക്കളുടെ എണ്ണവും പിസിവിയും (packed cell volume) വളരെ കുറവായിരുന്നു. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ചയെ സൂചിപ്പിക്കുന്നതായിരുന്നു ഫലമെന്ന് ഡോ.പ്രിയം കുറിച്ചു. 

രക്തത്തിന്റെ എത്രത്തോളം ഭാഗം ചുവന്ന രക്താണുക്കൾ ഉൾക്കൊള്ളുന്നു എന്നതിന്റെ അളവായ പിസിവി അപകടകരമാം വിധം താഴ്ന്ന നിലയിൽ 7.9% ആയിരുന്നു. ഇത്തരം അളവുകൾ ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് വേണ്ടത്ര ഓക്സിജൻ എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്നതിനെ സൂചിപ്പിക്കുന്നതാണ്.

മൂന്നുവർഷത്തോളം ശാരീരിക ബുദ്ധിമുട്ടുകൾ പിന്തുടർന്നിട്ടും കഴിഞ്ഞ ആറുമാസമായി നടക്കുമ്പോൾ കിതപ്പുണ്ടായിട്ടും അവർ ചികിത്സ തേടാൻ വൈകിയതിനേക്കുറിച്ചും ഡോക്ടർ പറയുന്നുണ്ട്. ആദ്യം കുട്ടികളുടെ പരീക്ഷയായിരുന്നു തടസ്സം, പിന്നീട് ആശുപത്രിയിൽ അഡ്മിറ്റാക്കാൻ ഭർത്താവിനുള്ള വിമുഖതയും. അവരുടെ ആരോഗ്യം ആരും വകവെച്ചില്ല. കൂടുതൽ ചോദിച്ചറിഞ്ഞപ്പോഴാണ് ഒരുവർഷം മുമ്പ് അവരുടെ എച്ച്ബി നില 6.4 g/dL ആയിരുന്നുവെന്നും അഡ്മിഷൻ ഉടൻ വേണമെന്നും മറ്റൊരു ഡോക്ടർ അറിയിച്ചിരുന്നു എന്നറിഞ്ഞത്. പക്ഷേ കുടുംബം അത്യാവശ്യത്തിനുള്ള അയേൺ ഗുളിക മാത്രം വാങ്ങി തിരികെപോയി. രണ്ടാഴ്ചയോളം അവ കഴിക്കുകയും പിന്നീട് യുവതി തന്നെ അത് മറക്കുകയും ആരും അവളെ ഓർമിപ്പിക്കുകയും ചെയ്തില്ല എന്ന് ഡോക്ടർ പറയുന്നു.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായതുകൊണ്ടല്ല തന്നെ കാണാൻ ക്ലിനിക്കിലെത്തിയതെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. മറിച്ച് മാസങ്ങളായി തന്റെ ആർത്തവം വരുന്നില്ലെന്ന പരാതിയുമായായിരുന്നു. ശരീരത്തിൽ ഇരുമ്പിന്റെയും ഓക്സിജന്റെയും അളവ് കുറഞ്ഞതോടെ പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുകയായിരുന്നു.

ഹൃദയഭേദകമായിരുന്നു ആ അനുഭവമെന്നും ഡോ. പ്രിയം പറയുന്നു. രക്തം ശരീരത്തിൽ നിന്ന് വാർന്നിട്ടും വർഷങ്ങളോളം വായുവിനുവേണ്ടി ബുദ്ധിമുട്ടിയിട്ടും നിശബ്ദം തന്റെ ജാേലി തുടർന്നു. സാധാരണ നടക്കുന്ന പ്രവർത്തനങ്ങൾപോലും തടസ്സപ്പെട്ടപ്പോഴാണ് ഡോക്ടറെ കാണാനെത്തിയത്. നിങ്ങളുടെ വീട്ടിലെ സ്ത്രീകളെ ദയവുചെയ്ത് ശ്രദ്ധിക്കണമെന്നും കടുത്തക്ഷീണം സാധാരണവൽക്കരിക്കാൻ അനുവദിക്കരുതെന്നും പറഞ്ഞാണ് ഡോ.പ്രിയം കുറിപ്പ് അവസാനിപ്പിക്കുന്നത്.

രക്തത്തിലെ ഓക്‌സിജൻ വാഹകരാണ് ഹീമോഗ്ലോബിൻ. ‌പ്രായപൂർത്തിയായ ഒരു പുരുഷന് 13.5-17.5 gm/dl ഹീമോഗ്ലോബിൻ ആവശ്യമാണ്. സ്ത്രീകളിൽ ഇത് 12-15.5 gm/dl ആണ് വേണ്ടത്. ഈ അളവിൽ ഹീമോഗ്ലോബിൻ നിലനിർത്താൻ ആയില്ലെങ്കിൽ അനീമിയ ഉണ്ടാവുകയും അതിന്റെ ഭാഗമായി തളർച്ച, ശ്വാസതടസ്സം, ബോധക്ഷയം, ക്രമരഹിതമായ ആർത്തവം, പഠനത്തിൽ അശ്രദ്ധ, പ്രസവസമയത്ത് അമിത രക്തസ്രാവം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. ഇതൊഴിവാക്കാനായി ഇരുമ്പും വൈറ്റമിൻ സിയും അടങ്ങിയ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. സപ്ലിമെന്റുകൾ നൽകിയാണ് ഹീമോഗ്ലോബിൻ കുറവിനെ ചികിത്സിക്കാറുള്ളത്. ഇരുമ്പിന്റെ അളവ് ഉയർന്നാൽ ശരീരത്തിന് സുഖം അനുഭവപ്പെട്ടു തുടങ്ങും.

Content Highlights: Why Ignoring Chronic Fatigue Can Be Fatal: A Doctor’s Warning