25 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, രണ്ടുവയസ്സുള്ള സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

#Health Desk
ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തിയപ്പോൾ| Photo: SSM Health Cardinal Glennon Children's Hospital
ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തിയപ്പോൾ| Photo: SSM Health Cardinal Glennon Children's Hospital

25 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്ക്കൊടുവിൽ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി. ഇത്യോപ്യയിൽ നിന്നുള്ള രണ്ടുവയസ്സുപ്രായമുള്ള പെൺകുഞ്ഞുങ്ങളെയാണ് അമേരിക്കയിലെ എസ്എസ്എം ഹെൽത്ത് കാർഡിനൽ ഗ്ലെന്നൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ വേർപെ‌ടുത്തിയത്. തല ഒട്ടിച്ചേർന്ന നിലയിലായിരുന്നു ഇരുവരും ജനിച്ചിരുന്നത്.

മാസങ്ങൾ നീണ്ട ശസ്ത്രക്രിയകളുടെ പരമ്പരയ്ക്കൊടുവിലാണ് 25 മണിക്കൂർ നീണ്ട അവസാന ശസ്ത്രക്രിയ നടത്തിയത്. ഹിയാബ്, വുഹ്ബ്തൊ എന്നീ ഇരട്ടക്കുട്ടികളാണ് ക്രാനിയോപാഗസ് എന്ന തല ഒട്ടിച്ചേർന്ന രീതിയിൽ ജനിച്ചത്. 2026 ഫെബ്രുവരിയിലാണ് അവസാന ശസ്ത്രക്രിയ നടത്തിയത്. ഇതിനു മുമ്പെ ആറു ശസ്ത്രക്രിയകളും നടത്തിയിരുന്നു. ശസ്ത്രക്രിയ വിജയകരമായ കാര്യം സെപ്തംബർ പതിനാറിനാണ് ഡോക്ടർമാർ പങ്കുവെച്ചത്.

സങ്കീർണ്ണമായ ആറ് ന്യൂറോളജിക്കൽ, പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ് ശസ്ത്രക്രിയകൾ നടത്തിയെന്നും ഏകദേശം 24 മണിക്കൂർ നീണ്ട അവസാന ശസ്ത്രക്രിയയിലൂടെ കുട്ടികളെ വേർപെടുത്തിയെന്നും ചീഫ് പീഡിയാട്രീഷ്യൻ ഡോ. ആൻഡ്രൂ വൈറ്റ് ബുധനാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. കുട്ടികളുടെ ആരോഗ്യനില ഉറപ്പുവരുത്തുന്നതിനായാണ് പ്രഖ്യാപനം വൈകിച്ചത്.

തലയോട്ടിക്കു ചുറ്റും വ്യാപിച്ചുകിടക്കുന്ന പരസ്പരബന്ധിതമായ സിരകളുടെ ശൃംഖലയാണ് ശസ്ത്രക്രിയാസമയത്ത് നേരിട്ട വലിയ വെല്ലുവിളിയെന്ന് ന്യൂറോ സർജൻ ഡ‍ോ. ജൊവാന്ന കെമ്പ് പറഞ്ഞു. അവയെ വിജയകരമായി വേർപ്പെടുത്താൻ ഈ സിരകളിൽ ചിലത് ഒരു കുട്ടിക്ക് മാത്രമായും മറ്റുചിലത് മറ്റേ കുട്ടിക്ക് മാത്രമായും മാറ്റിവെക്കേണ്ടി വന്നുവെന്നും അവർ പറഞ്ഞു. പെൺകുട്ടികളുടെ തലയോട്ടി പുനർനിർമ്മിക്കുക എന്നത് ശസ്ത്രക്രിയയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ ഒന്നായിരുന്നുവെന്ന് പ്ലാസ്റ്റിക് സർജൻ ഡോ. കെവിൻ ചെൻ പറഞ്ഞു.

കുട്ടികൾക്കായുള്ള ചാരിറ്റി സംഘടനകളുടെ സഹായത്തോടെയാണ് 2025-ൽ ഇത്യോപ്യയിലെ മെക്കെല്ലെയിൽ നിന്ന് കുഞ്ഞുകളെയുംകൂട്ടി മാതാപിതാക്കൾ അമേരിക്കയിലെ സെന്റ് ലൂയിസിൽ എത്തിച്ചേർന്നത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ റാങ്കൻ ജോർദാൻ പീഡിയാട്രിക് ബ്രിഡ്ജ് ഹോസ്പിറ്റലിൽ വിശ്രമജീവിതം നയിക്കുന്ന കുട്ടികളു‌ടെ അ ചിത്രങ്ങളും വീഡിയോകളും പിന്നീട് പുറത്തുവന്നിരുന്നു.

Content Highlights: After a 25-hour surgery, Ethiopian conjoined twins were successfully separated at SSM Health Cardinal Glennon Children's Hospital in America.