ആ നിഗൂഢതയ്ക്ക് അവസാനം, ആഫ്രിക്കയിലെ അജ്ഞാതരോഗത്തിനു പിന്നിൽ ഡിസീസ് എക്സ് അല്ല

Representative Image| Photo: AFP
Representative Image| Photo: AFP

കോം​ഗോയിൽ 143 പേരുടെ മരണത്തിനും നിരവധി പേർ രോ​ഗബാധിതരായതിനും പിന്നിൽ മലേറിയ ആണെന്ന് സ്ഥിരീകരണം. തുടക്കത്തിൽ രോ​ഗംസംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നതിനാൽ ഡിസീസ് എക്സ് എന്ന പേരിലാണ് രോ​ഗവ്യാപനത്തെ പരാമർശിച്ചിരുന്നത്. എന്നാൽ മലേറിയയുടെ ​ഗുരുതരമായ വിഭാ​ഗമാണ് കോം​ഗോയിൽ പടരുന്നതെന്നും ഇതിനകം അറുന്നൂറോളം പേർ രോ​ഗബാധിതരാണെന്നും ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. 

ഒടുവിൽ ആ നി​ഗൂഢത അവസാനിച്ചുവെന്നും ശ്വാസകോശ രോ​ഗത്തിന്റെ രൂപത്തിലുള്ള ​ഗുരുതരമായ മലേറിയയാണ് രോ​ഗവ്യാപനത്തിനു പിന്നിലെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ മുതൽ 592 പേരിൽ രോ​ഗം സ്ഥിരീകരിച്ചുവെന്നും മരണനിരക്ക് 6.2 ശതമാനമാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. 

ലോകത്ത് ഏറ്റവുമധികം മലേറിയ ബാധിക്കുന്ന രാജ്യങ്ങളിലൊന്നായാണ് കോം​ഗോയെ ലോകാരോ​ഗ്യസംഘടന കണക്കാക്കുന്നത്. ആ​ഗോളതലത്തിലുള്ള മലേറിയ രോ​ഗബാധകളുടെയും മരണനിരക്കിന്റെയും പതിനൊന്ന് ശതമാനവും കോം​ഗോയിൽ നിന്നാണ്. 2023-ൽ മാത്രം ആ​ഗോളതലത്തിൽ 263 ദശലക്ഷം മലേറിയ കേസുകളും 597,000 മലേറിയ മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ലോകാരോ​ഗ്യസംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

കോം​ഗോയിലെ മലേറിയ വ്യാപനത്തിൽ മരിച്ചവരിലേറെയും കുട്ടികളാണ്. തിരിച്ചറിയപ്പെടാത്ത രോ​ഗം എന്ന നിലയിൽ ഡിസീസ് എക്സ് എന്നാണ് വിദ​ഗ്ധർ രോ​ഗത്തെ കണക്കാക്കിയിരുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാകേസുകളിലും പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ​ഗുരുതര ഭക്ഷ്യദൗർലഭ്യം നേരിടുന്നതും രോ​ഗനിർണയമോ, ചികിത്സയോ ലഭ്യമാവാത്തതും, വാക്സിനേഷൻ നിരക്ക് കുറഞ്ഞകുമായ പ്രദേശങ്ങളിലാണ് പകർച്ചവ്യാധി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. മലേറിയയ്ക്കെതിരെയുള്ള പ്രതിരോധമാർ​ഗങ്ങൾ ഫലപ്രദമായി നടത്തുന്നതിൽ പരാജയം നേരിട്ടതും സ്ഥി​ഗതികൾ വഷളാവാൻ കാരണമായി. 

രോഗം കൊതുകുവഴി

കൊതുകുകളിലൂടെ പകരുന്ന അസുഖമാണ് മലേറിയ. രോഗബാധിതനായ ഒരു വ്യക്തിയെ കടിക്കുന്ന കൊതുകിന്റെ ശരീരത്തില്‍ പരാദം പ്രവേശിക്കുന്നു. പിന്നീട് ഇതേ കൊതുക് ആരോഗ്യവാനായ ഒരു വ്യക്തിയെ കടിക്കുമ്പോള്‍ ഈ പരാദം അയാളിലേക്കും പകരുന്നു. ഈ പരാദങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, കരളിലേക്ക് എത്തുകയും ഏകദേശം ഒരു വര്‍ഷം വരെ പ്രവര്‍ത്തനരഹിതമായി അവിടെ തുടരുകയും ചെയ്യാം. ഇവ വലുതായിക്കഴിയുമ്പോള്‍ ശരീരത്തിലെ റെഡ് ബ്ലഡ് സെല്ലുകളെ ബാധിക്കുകയും പതിയെ മലേറിയയുടെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ തുടങ്ങുകയും ചെയ്യും.

ഈ പരാദങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുന്നതുവരെയുള്ള കാലയളവില്‍ ഏതെങ്കിലും കൊതുകുകള്‍ ആ വ്യക്തിയെ കടിച്ചാല്‍ വീണ്ടും ആ പരാദങ്ങള്‍ മറ്റ് മനുഷ്യരിലേക്കും പകര്‍ന്നുനല്‍കപ്പെടാന്‍ സാധ്യതയുണ്ട്. അമ്മയില്‍നിന്നും രക്തത്തിലൂടെ ഗര്‍ഭസ്ഥശിശുവിലേക്കും മലേറിയ പകരാം. കുത്തിവെയ്ക്കാനുപയോഗിക്കുന്ന സൂചികള്‍ മാറ്റി ഉപയോഗിക്കുന്നതുവഴിയും ഇത് സംഭവിക്കാം.

എന്താണ് ഡിസീസ് എക്‌സ്?

ഡിസീസ് എക്‌സിലെ, എക്‌സ് എന്നത് അര്‍ഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാല്‍ തന്നെ അത് ഏതു വിധത്തില്‍ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരിക്കും. എപ്പോള്‍ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്‌സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.

ഡിസീസ് എക്‌സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018-ലാണ് ലോകാരോഗ്യസംഘടന ആദ്യമായി ഡിസീസ് എക്‌സ് എന്ന പദം ഉപയോഗിക്കുന്നത്.  ഒരുവര്‍ഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്‌സ് എന്ന് മുന്നറിയിപ്പ് നല്‍കി ആഗോളതലത്തില്‍ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.

എബോളയെയും കോവിഡിനെയും പോലെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂണോട്ടിക് വിഭാഗത്തില്‍ ഉള്ളവയായിരിക്കും ഈ രോഗമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം മനുഷ്യനിര്‍മിതിയാല്‍ തന്നെ ഉണ്ടായേക്കാവുന്ന രോഗകാരിയാകാം ഡിസീസ് എക്‌സ് എന്ന വാദം പുലര്‍ത്തുന്നവരുമുണ്ട്. അടുത്തൊരു മഹാമാരിയെ നിര്‍ണായകവും ഉചിതവും കൂട്ടായതുമായ ഇടപെടലുകളിലൂടെ നേരിടാന്‍ ലോകരാജ്യങ്ങള്‍ സജ്ജരാകണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. 

കഴിഞ്ഞ ജൂണില്‍ ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരും ഡിസീസ് എക്‌സ് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടനിലെ മലിനജലത്തില്‍ നിന്നു ശേഖരിച്ച സാമ്പിളില്‍ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തുകയും, മങ്കിപോക്‌സ്, ലാസ ഫീവര്‍, പക്ഷിപ്പനി തുടങ്ങിയവ അടുത്ത കാലങ്ങളിലായി കൂടുതല്‍ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നത്. കൊയലിഷന്‍ ഫോര്‍ എപിഡെമിക് പ്രിപയേഡ്‌നസ് ഇന്നവേഷന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസീസ് എക്‌സ് മനുഷ്യരാശിക്ക് ഭീഷണിയാകാം എന്നും മുമ്പുണ്ടായിരുന്നവയേക്കാള്‍ ദ്രുതഗതിയില്‍ ലോകമെമ്പാടും വ്യാപിക്കാമെന്നും പറയുന്നുണ്ട്.
 

Content Highlights: Disease X In Congo Revealed To Be Malaria