എരിവുള്ള ഭക്ഷണങ്ങൾ മാത്രമല്ല നെഞ്ചെരിച്ചിലിന് കാരണം, സാധാരണമെന്ന് കരുതുന്ന ഈ ശീലങ്ങൾ കൂടിയാണ്

നെഞ്ചെരിച്ചിൽ മൂലം വലയുന്നവർ ഏറെയുണ്ട്. ഭക്ഷണം കഴിച്ചാലുടൻ നെഞ്ചെരിയുകയും വയറുവീർക്കുകയുമൊക്കെ ചെയ്യുന്നത് എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് മാത്രമാണെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ എപ്പോഴും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതു മാത്രമല്ല മറിച്ച് സാധാരണമെന്നു കരുതുന്ന ചില ശീലങ്ങളും നെഞ്ചെരിച്ചിലിലേക്ക് നയിക്കുമെന്ന് പറയുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ആയിരക്കണക്കിന് പേരിൽ എൻഡോസ്കോപ്പി ചെയ്ത അനുഭവത്തിൽ നിന്ന് നെഞ്ചെരിച്ചിലിനും വയറുവീർക്കുന്നതിനും കാരണം എരിവുള്ള ഭക്ഷണങ്ങൾക്ക് പകരം ചില ശീലങ്ങളാണെന്ന് അദ്ദേഹം പറയുന്നു. അതിൽ ആദ്യത്തേതായി ഡോ. സൗരഭ് സേഥി പറയുന്നത് വേഗത്തിൽ കഴിക്കുന്ന ശീലമാണ്. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ വായു വിഴുങ്ങും, ഇത് വയറു വീർക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് അദ്ദേഹം പറയുന്നു.
മറ്റൊന്ന് ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നതാണ്. ഭക്ഷണം കഴിച്ച് രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ കിടന്നുറങ്ങുന്നത് ആസിഡ് റിഫ്ലക്സ് സാധ്യത കൂട്ടും. വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ രോഗികളിൽ ഈ ശീലം സ്ഥിരമായി കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിനയുടെ തെറ്റായ ഉപയോഗവും പ്രശ്നമാണെന്ന് ഡോ. സൗരഭ് പറയുന്നു. വയറുവീർക്കുന്നത് കുറയ്ക്കാൻ പുതിനയിട്ട ചായ സഹായിക്കും. എന്നാൽ ഇതുതന്നെ നെഞ്ചെരിച്ചിലിനും കാരണമാകാം. കൂടാതെ വിട്ടുമാറാത്ത സമ്മർദവും നെഞ്ചെരിച്ചിലും വയറു വീർക്കുന്നതിനും കാരണമാകും. സമ്മർദ്ദം കുടലിന്റെ ചലനത്തെ മാറ്റുകയും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. ഇതുവഴി വയറു വീർക്കലും നെഞ്ചെരിച്ചിലും കൂടുമെന്നും അദ്ദേഹം പറയുന്നു.
നാരുകളടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണെങ്കിലും പലരും അതിന് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഇതും നെഞ്ചെരിച്ചിലിനും വയറുവീർക്കാനും കാരണമാകുമെന്ന് ഡോ.സൗരഭ് പറയുന്നു. നാരുകൾ കുറഞ്ഞ ഭക്ഷണരീതി കുടലിൽ തെറ്റായ സൂക്ഷ്മാണുക്കളുടെ വളർച്ച കൂട്ടുകയും ഗ്യാസുണ്ടാവാനും വയറുവീർക്കാനും കാരണമാകും.
Content Highlights: Eating too fast leads to air swallowing and bloating., Lying down immediately after meals increases acid reflux risk