മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഡയറ്റിൽ വരുത്താം ഈ മാറ്റം

ദീർഘസമയം ഇരിക്കുന്നവരിൽ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, രക്തസമ്മർദം, വിഷാദരോഗം, അർബുദങ്ങൾ തുടങ്ങി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പുകവലിക്ക് സമാനമാണ് മണിക്കൂറുകളോളം ഉള്ള ഇരിപ്പെന്നാണ് ഗവേഷകർ പറയുന്നത്. ജോലിയുടെ ഭാഗമായുംമറ്റും ദീർഘസമയം ഇരിക്കേണ്ടി വരുന്നവർക്ക് ആശ്വാസമാകുന്ന ഒരു ടിപ് പങ്കുവെക്കുകയാണ് ബിർമിങാം സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ. ആഹാരശീലത്തിൽ ചില മാറ്റങ്ങൾ വരുത്തി ഇരിക്കുന്നതുമൂലമുള്ള ദോഷവശങ്ങളെ ഇല്ലാതാക്കാമെന്ന് ഗവേഷകർ കണ്ടെത്തി.
ഫ്ലേവനോൾ ധാരാളം അടങ്ങിയ കൊക്കോ, ബെറീസ്, ആപ്പിൾ, ചായ, നട്സ് തുടങ്ങിയ നന്നായി കഴിക്കുന്നതിലൂടെ രക്തക്കുഴലുകളെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഫിസിയോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിലയിനം പോഷകങ്ങൾ കഴിക്കുന്നതിലൂടെ ഇരിക്കുന്നത് മൂലമുണ്ടാകുന്ന ഹൃദയത്തിൻറെയും രക്തക്കുഴലുകളുടെയും തകരാറുകളെ പ്രതിരോധിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
ദീർഘസമയം ഇരിക്കുകയും വ്യായാമം ഇല്ലാതിരിക്കുകയും ചെയ്യുന്നതിലൂടെ ശരീരം സമ്മർദത്തിലൂടെ കടന്നുപോവുകയാണെന്ന് ബിർമിങാം സർവകലാശാലയിലെ ന്യൂട്രീഷണൽ സയൻസസ് വിഭാഗം പ്രൊഫസറും പഠനത്തിന് നേതൃത്വം കൊടുത്തയാളുമായ കാറ്ററീന റെൻഡെയ്റോ പറഞ്ഞു. ആരോഗ്യവാന്മാരായ നാൽപതുപേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കാളികളായവർക്ക് ഫ്ലേവനോൾ കൂടുതലും കുറവും അടങ്ങിയ പാനീയങ്ങൾ കൊടുത്ത് രണ്ടുമണിക്കൂറോളം ഇരുത്തുകയാണ് ചെയ്തതത്. ശേഷം രക്തക്കുഴലുകളുടെ പ്രവർത്തനം, രക്തപ്രവാഹം, രക്തസമ്മർദം, മസിൽ ഓക്സിജൻ ലെവൽ എന്നിവ പരിശോധിച്ചു. ഇരിക്കുന്നതിന് മുമ്പും ശേഷവും ഈ നിലകളിലുള്ള മാറ്റങ്ങളാണ് പരിശോധിച്ചത്.
ദീർഘസമയം ഇരിക്കുകയും ഫ്ലേവനോൾ കുറഞ്ഞ പാനീയം കുടിക്കുകയും ചെയ്തവരിൽ രക്തധമനിയുടെ ഇലാസ്തികത കുറയുക, ഉയർന്ന ഡയസ്റ്റാോളിക് ബ്ലഡ് പ്രഷർ തുടങ്ങിയവ കണ്ടെത്തി. എന്നാൽ ഉയർന്ന അളവിൽ ഫ്ലേവനോൾ അടങ്ങിയ പാനീയം കുടിച്ചവരിൽ പ്രശ്നകരമായ ഫലം പുറത്തുവന്നില്ല. ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാത്തവരാണെങ്കിൽപ്പോലും ദീർഘസമയം ഇരിക്കുന്നുണ്ടെങ്കിൽ മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും ഫ്ലേവനോൾ അടങ്ങിയ ആഹാരപദാർഥങ്ങൾ കഴിക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവർ ശ്രദ്ധിക്കാൻ
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.
- കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം
- കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: Prolonged sitting linked to serious health issues. Discover how flavonoids in foods like cocoa, berries, and tea can protect your blood vessels and heart.