താരനെ തുരത്താനും മുടികൊഴിച്ചിൽ തടയാനും കോഫി, ഈസി ടിപ് പങ്കുവെച്ച് ഹെയർസ്റ്റൈലിസ്റ്റ്

താരനും മുടികൊഴിച്ചിലും മൂലം ദുരിതം അനുഭവിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. ഭക്ഷണരീതി, അന്തരീക്ഷ മലിനീകരണം, സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നുതുടങ്ങി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മുടികൊഴിച്ചിലും താരനും പ്രതിരോധിക്കാനുള്ള ഒരു ടിപ് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.
ഷാംപൂവിൽ അൽപം കോഫി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് താരനും മുടികൊഴിച്ചിലും നിയന്ത്രിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യണമെന്നും ജാവേദ് ഹബീബ് പറയുന്നു. പോസ്റ്റിനുകീഴെ ഉപയോഗിക്കേണ്ടതിന്റെ അളവിനേക്കുറിച്ചുവന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. ഒരു സ്പൂൺ ഷാംപൂവിൽ അര സ്പൂൺ കോഫിയാണ് മിക്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറയുന്നു. കോഫിക്ക് പകരം കോഫി പൗഡറും ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്.
ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഡിഎച്ച്ടി രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിയാനും കാരണമാകും. കഫീന്റെ ഉപയോഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
താരനെ തുരത്താൻ വീട്ടിൽ ചെയ്യാവുന്ന ചില ഈസി ടിപ്സ്
ആര്യവേപ്പ്: ആര്യവേപ്പിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ താരനകറ്റാൻ മികച്ച മാർഗങ്ങളിലൊന്നാണ്. ഒരു കപ്പ് വെള്ളത്തിൽ അൽപം ആര്യവേപ്പിന്റെ ഇലകളെടുത്ത് തിളപ്പിക്കുക. ശേഷം വെള്ളം തണുത്തു വരുമ്പോൾ ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ മൂന്നുതവണ ഇപ്രകാരം ചെയ്യുന്നത് ഗുണം ചെയ്യും.
നാരങ്ങയും വെളിച്ചെണ്ണയും: വീട്ടിൽ സുലഭമായി ലഭിക്കുന്ന നാരങ്ങയും വെളിച്ചെണ്ണയും ഉപയോഗിച്ചും താരനകറ്റാൻ വഴിയുണ്ട്. ആദ്യം രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക. ശേഷം അത്രതന്നെ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിൽ പുരട്ടുക. ഇരുപതു മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉലുവ: നിരവധി ഔഷധ ഗുണങ്ങളുള്ള ഉലുവ കൊണ്ട് താരനെ തുരത്താൻ വഴിയുണ്ട്. ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേക്ക് അൽപം ഉലുവയെടുത്ത് കുതിർക്കാൻ വെക്കുക. ഒരു രാത്രി കുതിർത്തതിനു ശേഷം അടുത്തദിവസം രാവിലെ അരച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇതിലേക്ക് അൽപം നാരങ്ങാനീരു കൂടി ചേർക്കുക. ഇനി ഈ മിശ്രിതം അരമണിക്കൂറോളം തലയിൽ പുരട്ടിവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തൈര്: താരനെ എളുപ്പത്തിൽ അകറ്റാനുള്ള വഴികളിലൊന്നാണ് തൈര്. ആദ്യം അൽപം തൈരെടുത്ത് ശിരോചർമത്തിൽ പുരട്ടാം. ഒരുമണിക്കൂറോളം തലയിൽ വച്ചതിനുശേഷം ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാം.
മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള ബയോട്ടിൻ താരനെ തുരത്താൻ മികച്ചതാണ്. മുടിയിലെയും ശിരോചർമത്തിലെയും നനവ് പൂർണമായും നീക്കം ചെയ്തതിനുശേഷമാണ് മുട്ടയുടെ മഞ്ഞ പുരട്ടേണ്ടത്. പുരട്ടിയതിനുശേഷം ഒരു പ്ലാസ്റ്റിക് കവറോ മറ്റോ ഉപയോഗിച്ച് ഒരുമണിക്കൂർ കവർ ചെയ്തുവെക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകിക്കളയാം. ദുർഗന്ധം ഇല്ലെന്നും ഉറപ്പുവരുത്തണം.
Content Highlights: Fight hair loss and dandruff with this simple coffee shampoo trick