കുടുംബത്തിൽ കൊളസ്ട്രോൾ ഉള്ളവരുണ്ടോ? ആഹാരരീതി നല്ലതായാൽ അപകടസാധ്യത കുറയ്ക്കാമെന്ന് പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലാണെന്നാണ് അടുത്തിടെ ഐ.സി.എം.ആർ. നടത്തിയ പഠനം വ്യക്തമാക്കിയത്. നേരത്തേ തിരിച്ചറിഞ്ഞ് നിയന്ത്രിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആഹാരശീലവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. ചില ജനിതക വകഭേദങ്ങൾ ഉള്ളവരിൽ ആഹാരശീലം മോശമാകുമ്പോൾ മാത്രമാണ് കൊളസ്ട്രോൾ നില ഉയരുന്നതെന്നാണ് പഠനം പറയുന്നത്. ജനിതക വകഭേദങ്ങളുണ്ടെങ്കിലും പതിവായി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ കൊളസ്ട്രോൾ സാധ്യത വൈകിക്കാനാവുമെന്നും പഠനം പറയുന്നു.

ചെന്നൈയിലെ മദ്രാസ് ഡയബറ്റസ് റിസർച്ച് ഫൗണ്ടേഷനും (MDRF) യുകെയിലെ റെഡിങ് സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ജനിതക ഘടകങ്ങളും ഭക്ഷണശീലങ്ങളും എങ്ങനെയാണ് പരസ്പരം സ്വാധീനിച്ച് കൊളസ്ട്രോളിന്റെ അളവിനെ നിർണ്ണയിക്കുന്നതെന്നും അതെങ്ങനെ ഒഴിവാക്കാമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

25-നും 80-നും ഇടയിൽ പ്രായമുള്ള 452 പുരുഷന്മാരും 568 സ്ത്രീകളും ഉൾപ്പെടെ 1,020 മുതിർന്നവരെ നിരീക്ഷിച്ചാണ് വിലയിരുത്തലിലെത്തിയത്. പ്രമേഹവുമായും ഉപാപചയ തകരാറുകളുമായും ബന്ധപ്പെട്ടിരിക്കുന്ന TCF7L2, FTO എന്നീ രണ്ട് ജീനുകളിലെ മൂന്ന് ജനിതക വകഭേദങ്ങളെയാണ് ഗവേഷകർ പരിശോധിച്ചത്. ജനിതക സാധ്യതയുള്ളവരിൽ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ കൊളസ്ട്രോൾ കൂടുന്നുവെന്നാണ് വിലയിരുത്തൽ. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ ഇതിന്റെ തോത് കുറയുകയും ചെയ്തു. കൊളസ്ട്രോളിനുള്ള ജനിതക സാധ്യതയുണ്ടെന്നു കരുതി മാത്രം കൊളസ്ട്രോൾ നില ഉയരണമെന്നില്ലെന്നും ഒപ്പം അനാരോഗ്യകരമായ ആഹാരരീതി കൂടിയാകുമ്പോഴാണ് അപകടസാധ്യത കൂടുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

പാരമ്പര്യമായി കിട്ടിയ ജീനുകളെ മാറ്റാൻ കഴിയില്ലെങ്കിലും ഭക്ഷണ ശീലങ്ങൾ മെച്ചപ്പെടുത്തി കൊളസ്ട്രോൾ സാധ്യത കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും ധാരാളം കഴിക്കുകയുമാണ് ചെയ്യേണ്ടതെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

കൊളസ്ട്രോൾ പ്രതിരോധം; ശ്രദ്ധിക്കേണ്ടത്

പണ്ടുകാലത്തേതുപോലെ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഉയർന്ന കൊളസ്ട്രോൾ. മെലിഞ്ഞവർക്കും ഉയർന്ന കൊളസ്ട്രോൾ വരാം. വ്യായാമം ചെയ്യുന്നവരിൽ ഭക്ഷണക്രമം ശരിയല്ലെങ്കിലും ശ്രദ്ധവേണം. സമ്മർദ്ദം, ഉറക്കം, പുകവലി എന്നിവയും ശ്രദ്ധിക്കണം.

കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക

കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. എന്നാൽ, എല്ലാ കൊഴുപ്പും ശരീരത്തിനെ സംബന്ധിച്ച് മോശമല്ല. റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. അതിനാൽ, എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വ്യായാമം

ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥിരമായ വ്യായാമം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും.

മദ്യപാനവും പുകവലിയും ഒഴിവാക്കാം

കൊളസ്ട്രോൾ നില ഉയർത്തുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. എത്രയും പെട്ടെന്ന് പുകവലി നിർത്തുന്നുവോ അത്രയും വേഗം ആരോഗ്യം മെച്ചപ്പെടും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.

കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങൾ

1. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ

കൺപോളകളിൽ ചെറുതും മൃദലവും മഞ്ഞനിറമുള്ളതുമായ മുഴകളുണ്ടെങ്കിൽ ശ്രദ്ധവേണം. സാന്തലാസ്മ(Xanthelasma) എന്നാണ്‌ ഇവയെ പറയുക. ചർമത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഈ വിഷയം ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുതലാണെന്നും ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റേയും സൂചനയാണ്. പലപ്പോഴും, സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമാണ് ഇതെന്ന് പല സ്ത്രീകളും കരുതുന്നു.

2. ക്ഷീണം

നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് കൊളസ്‌ട്രോൾ ധമനികളെ ബാധിച്ചത് മൂലമാകാം. രക്തത്തിന്റേയും ഓക്സിജന്റേയും ഒഴുക്ക് കുറയുന്നത് നിങ്ങളെ വല്ലാതെ ക്ഷീണതരാക്കും. എന്നാൽ, തിരക്ക് നിറഞ്ഞ സമയക്രമോ സമ്മർദമോ ആയിരിക്കാം ഈ ക്ഷീണത്തിന്റെ കാര്യമെന്ന് പലരും കരുതുന്നു.

3. ശ്വാസംമുട്ടൽ

പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം. ഇത് ധമനികൾ ചുരുങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നത്തിലാണെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും ഉത്കണ്ഠയോ ശാരീരികക്ഷമത കുറവോ ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യും.

4. കൈകളിലും കാലുകളിലും തണുപ്പോ മരവിപ്പോ അനുഭവപ്പെടുക

ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടത്തിലുണ്ടാകുന്ന കുറവാകാം ഇതിന് കാരണം.

5. ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ

കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ കൂടാതെ, കൈകൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞനിറത്തിലുള്ള പാടുകൾ കൊളസ്ട്രോളിൻ്റെ സൂചനയാകാം.

6. താടിയെല്ല്‌, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദന

താടിയെല്ല്‌, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, നെഞ്ചിലെ അസ്വസ്ഥയും ഇതിനോടപ്പമുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. പേശിവേദനയായോ ദഹനപ്രശ്നമായോ ഇത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

Content Highlights: Recent study reveals how diet and genetic factors influence cholesterol levels in India, impacting heart disease risk among adults aged 25 to 80.