കുട്ടിയുടെ രോഗപ്രതിരോധശേഷി ദുർബലമോ?; കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധവേണം, ഡോക്ടർ പറയുന്നു

കുട്ടികളുടെ കുടലിന്റെ ആരോഗ്യം മോശമാകുന്നത് അവരുടെ രോഗപ്രതിരോധശേഷിയേയും ദുർബലപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ലവ്നീത് ബത്ര. ഗട്ട് മൈക്രോബയോമിനെക്കുറിച്ചും അവ രോഗപ്രതിരോധശേഷിയെ എങ്ങിനെ ബാധിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ കുട്ടിയുടെ ശരീരത്തിലുണ്ടെന്നാണ് ഡോക്ടർ പറയുന്നത്. ഇവ കുട്ടിയുടെ ഭാവിയിലെ ആരോഗ്യത്തെപ്പോലും സംരക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ജങ്ക് ഫുഡ് കഴിക്കുന്നത്, ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം, വർധിച്ച സ്ക്രീൻ സമയം എന്നിവ അടങ്ങുന്ന ജീവിതശൈലി ഈ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. അതുവഴി, ഇത് നമ്മുടെ കുടലിന്റെ ആരോഗ്യത്തേയും നേരിട്ട് ബാധിക്കുന്നു.
ഈ ജീവിതശൈലി കുടലിന്റെ ആരോഗ്യത്തിന് ഒട്ടം ഗുണകരമല്ലെന്ന് അവർ പറയുന്നു. ചിപ്സ്, ബിസ്ക്കറ്റ്, മധുരപാനീയങ്ങൾ, അമിതമായി സംസ്കരിച്ച ഭക്ഷണം എന്നിവയെല്ലാം നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും ശരീരത്തിൽ ഇൻഫ്ലമേഷന് കാരണമാക്കുകയും ചെയ്യുന്നു. ജീവൻ രക്ഷിക്കാൻ സഹായിക്കുമെങ്കിലും ആന്റിബയോട്ടിക്കുകൾ ഉപകാരപ്രദമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.
അതിനാൽ, കുട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് മാതാപിതാക്കളെ ഓർമിപ്പിച്ചുകൊണ്ടാണ് അവർ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ലക്ഷണങ്ങൾ വഷളായി വിട്ടുമാറാത്ത പ്രശ്നങ്ങളായി മാറുന്നതിന് മുമ്പ് കുട്ടികളുടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു.
Content Highlights: Child Immunity and Gut Health: Expert Advice for Parents