കുട്ടികളിലും രക്തസമ്മർദം; വില്ലൻ ആഹാരമോ? UKയിൽ ഇരട്ടി കേസുകൾ, ഹൃദയം കാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഉയർന്ന രക്തസമ്മർദം ഇന്ന് ഒരു ആഗോള പൊതു ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്. ലോകത്താകമാനം 128 കോടി ജനങ്ങളിൽ രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അതിൽ പകുതിപേർക്കും തങ്ങൾക്ക് ഈ രോഗം ഉള്ള വിവരം അറിയില്ല എന്നതാണ് ദുഃഖകരം. ഇപ്പോഴിതാ, കുട്ടികളേയും ഉയർന്ന രക്തസമ്മർദം ബാധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പല കാരണങ്ങളാൽ യുകെയിലെ കുട്ടികൾക്കിടയിൽ ഉയർന്ന രക്തസമ്മർദത്തിന്റെ കേസുകൾ ഇരട്ടിയായതായാണ് റിപ്പോർട്ടുകൾ.
അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവയാണ് കുട്ടികളിൽ ബിപി ഉയരാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സാധാരണ നിലയിൽ കുട്ടികളിലെ ബിപി ലക്ഷണങ്ങൾ ശ്രദ്ധിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും. കടുത്ത തലവേദനയോ ക്ഷീണമോ കുട്ടി അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടാം. ഇത് വിഷയം ഗുരുതരമാകുന്നത് തയാൻ സഹായിക്കും. ബ്രിട്ടനിലെ 3-5% കുട്ടികളെ ഉയർന്ന രക്തസമ്മർദം ബാധിക്കുന്നണ്ട്. പത്ത് വർഷം മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം കുട്ടികളെ അവസ്ഥ ബാധിക്കുന്നു.
എവിടെയാണ് പ്രശ്നം?
അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കുട്ടികൾ ശീലമാക്കിയതാണ് പ്രധാന വില്ലൻ. ഉയർന്ന അളവിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. 2010നും 2020നും ഇടയിൽ അമിതവണ്ണം ഇരട്ടിയായി വർധിച്ചതായി ആരോഗ്യ സർവേകൾ പറയുന്നു.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ആവശ്യമെങ്കിൽ മരുന്ന് എന്നിവയിലൂടെ കുട്ടിക്കാലത്ത് തന്നെ നടപടികൾ സ്വീകരിക്കുന്നതിലൂടെ ഹൃദയത്തിനും രക്തക്കുഴലുകൾക്കും പൂർണ്ണമായ കേടുപാടുകൾ സംഭവിക്കുന്നത് പരിഹരിക്കാൻ കഴിയും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തുടർച്ചയായ തലവേദന
- രാവിലെയോ എന്തെങ്കിലും പ്രവർത്തനങ്ങൾക്ക് ശേഷമോ കുട്ടിക്ക് തലവേദനയുണ്ടെങ്കിൽ ശ്രദ്ധിക്കണം.
- 20-30% കേസുകൾ നേരത്തേ കണ്ടെത്താൻ ഇത് സഹായിക്കുന്നു.
- കഠിനമായ രക്തസമ്മർദ്ദം റെറ്റിനയേയും ബാധിച്ചേക്കാം.
ക്ഷീണവും ഉറക്കമില്ലായ്മയും
- മതിയായ വിശ്രമം ലഭിച്ചിട്ടും ക്ഷീണവും പകൽ ഉറക്കം തൂങ്ങുന്ന അവസ്ഥയും
- ഉറക്കത്തിലെ വലിയ ശബ്ദത്തിലുള്ള കൂർക്കംവലി.
- എപ്പോഴും അസ്വസ്ഥത.
മൂക്കിൽ നിന്ന് രക്തസ്രാവം
- കാരണങ്ങളില്ലാത്ത മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടാകുക.
- നിൽക്കുമ്പോഴോ കളിക്കുമ്പോഴോ തലകറങ്ങുന്നത് പോലുള്ള തോന്നൽ.
ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്
- ചെറിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പോലും ശ്വാസംമുട്ടൽ.
- വിശ്രമിക്കുമ്പോൾ നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക.
ജീവിതശൈലി ശ്രദ്ധിക്കാം
- ദിവസവും 2 ഗ്രാമിൽ കുറവ് ഉപ്പ് മാത്രം കഴിക്കുക.
- ധാരാളം മധുരം അടങ്ങിയ ശീതളപാനീയങ്ങൾ ഒഴിവാക്കുക.
- ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുക.
- അഞ്ച് ശതമാനം ഭാരം കുറയ്ക്കുന്നതുപോലും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Rising child high blood pressure in the UK. Discover causes like obesity & diet, learn about silent killer risks, and find early prevention tips for your child`s health.