യു.കെ.യിൽ നാലുവയസ്സുകാരന് ഡിമെൻഷ്യ; കുഞ്ഞുങ്ങളിലെ ചൈൽഡ്ഹുഡ് ഡിമെൻഷ്യക്ക് പിന്നിലെന്ത്?

യു.കെ.യിൽ നാലുവയസ്സുകാരന് ചൈൽഡ്ഹുഡ് ഡിമെൻഷ്യ സ്ഥിരീകരിച്ചു. ടാമ്മി മക്ഡെയ്ഡ് എന്ന അമ്മയാണ് ബിബിസിയിലൂടെ തന്റെ മകന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് പങ്കുവെച്ചത്. രണ്ടുവയസ്സിൽ ഓട്ടിസം സ്ഥിരീകരിച്ച മകന് നാലാംവയസ്സിൽ ചൈൽഡ്ഹുഡ് ഡിമെൻഷ്യയും സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ടാമ്മി പറഞ്ഞു.
2024 മാർച്ചിൽ നടത്തിയ എംആർഐ സ്കാനിങ്ങിനൊടുവിലാണ് മകന്റെ മസ്തിഷ്കത്തിൽ ഡിമെൻഷ്യയുടെ പ്രാരംഭലക്ഷണത്തിന് സമാനമായ തകരാറുകൾ കണ്ടതെന്ന് ടാമ്മി പറയുന്നു. തുടർന്നുള്ള പരിശോധനയിൽ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ ജനിതക തകരാറായ സാൻഫിലിപ്പോ സിൻഡ്രോമും സ്ഥിരീകരിച്ചു. സാൻഫിലിപ്പോ സിൻഡ്രോം ഉള്ളവരുടെ മസ്തിഷ്കം ക്രമേണ തകരാറിലാകുകയും പെരുമാറ്റപരവും ശാരീരികവും വൈജ്ഞാനികവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ക്ലിവ്ലാൻഡ‍് ക്ലിനിക്ക് വ്യക്തമാക്കുന്നുണ്ട്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടികളിൽ പിന്നീട് നടക്കുക, സംസാരിക്കുക തുടങ്ങിയ ശേഷികൾ ഇല്ലാതാകുകയും ചെയ്യും. ഇതുകൊണ്ടെല്ലാം ചൈൽഡ്ഹുഡ് ഡിമെൻഷ്യ എന്നാണ് സാൻഫിലിപ്പോ സിൻഡ്രോമിനെ വിളിക്കുന്നത്.
എന്താണ് ചൈൽഡ്ഹുഡ് ഡിമെൻഷ്യ?
നാഡീകോശങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്ന ഒരുകൂട്ടം ജനിതകപരമായ മസ്തിഷ്ക തകരറുകളെയാണ് ചൈൽഡ്ഹുഡ് ഡിമെൻഷ്യ എന്നുവിളിക്കുന്നത്. പൊതുവേ മുതിർന്നവരെയാണ് ഡിമെൻഷ്യ ബാധിക്കാറുള്ളതെങ്കിലും ഗുരുതരമായ മസിഷ്ക തകരാറുകൾ കുട്ടികളിലും ഡിമെൻഷ്യക്ക് കാരണമാവുകയും ഓർമക്കുറവ്, സംസാരം കുറയുക, ചലനം കുറയുക തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പ്രധാനലക്ഷണങ്ങൾ
- പെരുമാറ്റത്തിലെയും വ്യക്തിത്വത്തിലെയും വ്യത്യാസം
- ഉറക്കത്തിലുണ്ടാകുന്ന മാറ്റം
- ശ്രദ്ധകേന്ദ്രീകരിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും കഴിയാതിരിക്കുക.
- സംസാരം കുറയുക
- കാഴ്ചക്കുറവ്, കേൾവിക്കുറവ്
- ഓർമക്കുറവ്, ആശയക്കുഴപ്പം
- അസ്ഥികൾ, സന്ധികൾ, ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ ചില അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ
പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ചില ജനിതക തകരാറുകളാണ് ചൈൽഡ്ഹുഡ് ഡിമെൻഷ്യയുടെ പ്രധാനകാരണം. ചിലഘട്ടങ്ങളിൽ അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന്റെ വളർച്ചയ്ക്കിടെ രോഗകാരിയായ പുതിയൊരു ജനിതക വ്യതിയാനം ഉണ്ടാകുന്നതും കാരണമാകാം. ഏതാണ്ട് നൂറിലധികം ചൈൽഡ്ഹുഡ് ഡിമെൻഷ്യ വകഭേദങ്ങൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ ചൈൽഡ്ഹുഡ് ഡിമെൻഷ്യക്ക് മാത്രമായുള്ള ചികിത്സാരീതികൾ ലഭ്യമല്ലെങ്കിലും ജീൻ റീപ്ലേസ്മെന്റ് തെറാപ്പി, ജീൻ മോഡിഫൈഡ് സെൽ തെറാപ്പി, പ്രോട്ടീൻ റീപ്ലേസ്മെന്റ് തെറാപ്പി തുടങ്ങിയവയാണ് പ്രധാനമായും സ്വീകരിച്ചുവരുന്നത്.
Content Highlights: A UK mother shares her 4-year-old son`s diagnosis of Childhood Dementia, specifically Sanfilippo Syndrome