ചിക്കുൻഗുനിയ വന്നവരിൽ സന്ധിവാതം കൂടുന്നുവെന്ന് പഠനം

#എബി പി. ജോയി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: ചിക്കുൻഗുനിയ ബാധയെത്തുടർന്ന് സന്ധിവാതരോഗം (റുമറ്റോയ്ഡ് ആർത്രൈറ്റിസ്) വർധിക്കുന്നതായി പഠനം. പുണെ സെന്റർ ഫോർ റുമാറ്റിക് ഡിസീസസ് ഡയറക്ടറും ചീഫ് റുമാറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ചോപ്രയുടെ നേതൃത്വത്തിലായിരുന്നു പഠനം.

കോഴിക്കോട് മെഡിക്കൽകോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അധ്യക്ഷ ഡോ. അസ്മ റഹിം, പ്രൊഫ. ബിനയ് പോൾ, തിരുവനന്തപുരത്തെ ഡോ. ആശിഷ് മാത്യൂസ് എന്നിവർ പഠനത്തിൽ പങ്കാളികളായി.

കോഴിക്കോടും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഇന്റർനാഷണൽ ജേർണൽ ഓഫ് റുമാറ്റിക് ഡിസീസസിൽ പ്രസിദ്ധീകരിച്ചു.

ചിക്കുൻഗുനിയ വ്യാപകമായ 2006-2008 കാലയളവിലായിരുന്നു ആദ്യ സർവേ. 10 വർഷംകഴിഞ്ഞ് രണ്ടാംഘട്ട പഠനവും.

നേരത്തേയില്ലാതിരുന്നവർക്കും ചിക്കുൻ ഗുനിയയെത്തുടർന്ന് സന്ധിവാതരോഗം ഉണ്ടാകുന്നതായി കണ്ടെത്തി. നേരത്തേ വാതരോഗം ബാധിച്ചവർക്ക് അധികമാക്കി. പ്രമേഹവും രക്തസമ്മർദവും ഉള്ളവരിൽ ബുദ്ധിമുട്ട് കൂടി. വർഷങ്ങൾ പിന്നിടുമ്പോൾ ചിക്കുൻഗുനിയ മൂലം വാതരോഗ ബാധിതരായവരിൽ ചിലർക്ക് പൂർവസ്ഥിതി കൈവരിക്കാനായെന്ന് രണ്ടാംഘട്ട പഠനത്തിൽ വ്യക്തമായി.

ചിലരിൽ‌വിട്ടുമാറാത്ത രോഗാവസ്ഥയിലേക്കും കടുത്ത പേശി വേദനയിലേക്കും നീങ്ങുന്നതായും കണ്ടു. മുതിർന്ന പൗരരിലാണ് കൂടുതലും.

ജീവിതശൈലീരോഗങ്ങൾപോലെ സന്ധിവാതരോഗങ്ങളും ഹൃദയാരോഗ്യത്തെ ബാധിക്കും. ചില രോഗികളിൽ സങ്കീർണതകളുണ്ടാക്കും.

രാജ്യത്തെ 14 കേന്ദ്രങ്ങളിൽ 56,548 പേരിലാണ് ലോകാരോഗ്യസംഘടനയുടെ പിന്തുണയോടെ സർവേ നടത്തിയത്.

ഇന്ത്യയിലാകെ 19.5 കോടി പേർ‌ സന്ധിവാതസംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. 65 ശതമാനം സ്ത്രീകൾ. ഏകദേശം 42 ലക്ഷം പേർക്ക് റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉണ്ട്. കേരളത്തിൽ ഇത് 1.5 ലക്ഷമാണ്.

ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും മറ്റ് ആയുഷ് രീതികളും സംയോജിപ്പിച്ചുള്ള ചികിത്സ സന്ധിവാതരോഗങ്ങൾക്ക് ഫലപ്രദമാണെന്ന് പഠനത്തിൽ വ്യക്തമായതായി ഡോ. അസ്മ റഹിം പറഞ്ഞു.

Content Highlights: A multi-center national study led by rheumatology experts reveals that Chikungunya outbreaks have led to a significant rise in chronic Rheumatoid Arthritis, particularly affecting senior citizens and individuals with underlying conditions like diabetes and hypertension.