കടുത്ത പനി, തലവേദന, കുമിളകൾ; ചിക്കൻപോക്സ് ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മഴക്കാലരോ​ഗങ്ങൾക്കൊപ്പം പലയിടങ്ങളിലും ചിക്കൻപോക്സും പടരുന്നുണ്ട്. രോ​ഗവ്യാപനം തടയാൻ പ്രതിരോധം ശക്തമായിരിക്കണം. ചിക്കൻപോക്സ് പകരുന്ന മാർ​ഗങ്ങൾ ഏതൊക്കെയാണെന്നും ലക്ഷണങ്ങളും പ്രതിരോധമാർ​ഗങ്ങളും തിരിച്ചറിയാം. 

പകരുന്ന മാർഗങ്ങൾ

ചിക്കൻപോക്സുകളിലെ കുമിളകളിൽനിന്നുള്ള ദ്രവങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കൻപോക്സ് വൈറസിന്റെ ഇൻക്യുബേഷൻ സമയം 10 മുതൽ 21 ദിവസമാണ്. ശരീരത്തിൽ കുമിളകൾ പൊന്തിത്തുടങ്ങുന്നതിന്‌ രണ്ടുദിവസം മുൻപ് മുതൽ അവ ഉണങ്ങി പൊറ്റയാവുന്ന (അഞ്ച് മുതൽ എട്ട്) ദിവസം വരെ അണുബാധ പകരാം.

ലക്ഷണങ്ങൾ

ചൊറിച്ചിൽ ഉളവാക്കുന്ന തടിപ്പുകൾ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകളായി മാറും. പ്രാരംഭഘട്ടത്തിൽ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. വായിലെയും ജനനേന്ദ്രിയനാളിയിലെയും ശ്ളേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം. ഇവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ് മുതൽ-10 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകൾ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കുമിളകൾ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.

പ്രതിരോധ മാർഗങ്ങൾ

ചിക്കൻപോക്സ് ഉണ്ടെങ്കിൽ മറ്റുള്ളവരിൽനിന്ന് അകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാൻ സഹായിക്കും. ചിക്കൻപോക്സ് ബാധിച്ചവർ ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്കവിരി, പാത്രങ്ങൾ എന്നീ നിത്യോപയോഗ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ചിക്കൻപോക്സ് ഉണ്ടെങ്കിൽ പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളിൽ വിടാതിരിക്കുക. പരീക്ഷ എഴുതുന്ന ചിക്കൻപോക്സ് ബാധിച്ച കുട്ടികൾക്ക് വായുസഞ്ചാരമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കൻപോക്സ് ബാധിച്ച കുട്ടികൾ പരീക്ഷ എഴുതാൻ പോകുമ്പോൾ പൊതുഗതാഗതം ഉപയോഗിക്കരുത്.

Content Highlights: Learn about chickenpox symptoms, how it spreads, prevention tips, and treatment options.