ചുമയിൽ തുടക്കം, 18ാം വയസ്സിൽ കാൻസർ; പോരാട്ടത്തിനൊടുവിൽ ഫിറ്റ്നസ് രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ്

പരസ് ബജാജ്| Photos: instagram.com/iparasbajaj_/
പരസ് ബജാജ്| Photos: instagram.com/iparasbajaj_/

പതിനെട്ടാം വയസ്സിലാണ് പരസ് ബജാജ് എന്ന ഉത്തരാഖണ്ഡ് സ്വദേശിക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ഫിറ്റ്നസ് മേഖലയിൽ പുതിയ സ്വപ്നങ്ങൾ കാണുന്നതിനിടെയായിരുന്നു അർബുദം ഒരു കരിനിഴലായി പരസിന്റെ ജീവിതത്തിലെത്തിയത്. എന്നാൽ തോറ്റുപിന്മാറാൻ പരസ് ഒരുക്കമായിരുന്നില്ല. രോ​ഗത്തോട് പോരാടി വീണ്ടും ജീവിതം കെട്ടിപ്പടുക്കുമെന്ന് ദൃഢനിശ്ചയമെടുത്തു. ഒടുവിൽ അത് സാധ്യമാവുക തന്നെ ചെയ്തു. ഇന്ന് കാൻസർ മുക്തനായ പരസ് ബോഡിബിൽഡിങ് രം​ഗത്ത് നേട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 

ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് പരസിന്റെ ജീവിതകഥ പുറത്തുവന്നിരിക്കുന്നത്. പന്ത്രണ്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് പരസ് പഠനം നിർത്തുന്നത്. ഫിറ്റ്നസ് മേഖലയോടുള്ള താൽപര്യമാണ് പഠനത്തിൽ നിന്നു വിട്ടുനിർത്തിയത്. വൈകാതെ ഡൽഹിയിലേക്ക് പോവുകയും ഒരു അക്കാദമിയിൽ ചേർന്ന് ഫിറ്റ്നസ് പരിശീലനം ആരംഭിക്കുകയും ചെയ്തു. വെറും ബോഡിബിൽഡിങ്ങിൽ മാത്രം ഒതുങ്ങാതെ സർക്കാർ സഹായത്തോടെ വായ്പയെടുത്ത് സിതാർ​ഗഞ്ചിൽ സ്വന്തമായൊരു ജിം ആരംഭിക്കുകയും ചെയ്തു. ഫിറ്റ്നസ് രം​ഗത്ത് പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് പരസിന് അർബുദം സ്ഥിരീകരിക്കുന്നത്. 

ജിം ആരംഭിച്ച് രണ്ടുമാസത്തിനുള്ളിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ചുമയുടെ രൂപത്തിലായിരുന്നു തുടക്കം. സാധാരണ ജലദോഷത്തിന്റേത് ആകുമെന്നാണ് കരുതിയത്. എന്നാൽ മരുന്ന് കഴിച്ചിട്ടും മാറാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. കുടുംബമാകെ ഞെട്ടലിലായിരുന്നു. ജിമ്മിന്റെയും ഫിറ്റ്നസ് യാത്രയുടെയും ഭാവി എന്താകുമെന്നാണ് ചിന്തിച്ചത്. ചണ്ഡി​ഗഡിലെ ചികിത്സയ്ക്കിടെയാണ് ട്യൂമർ വലത് ശ്വാസകോശത്തെ തകരാറിലാക്കിയെന്ന് ഡോക്ടർമാർ പറഞ്ഞത്. വൈകാതെ കീമോ ആരംഭിച്ചു- പരസ് പറയുന്നു.

കീമോതെറാപ്പി ആരംഭിച്ചതോടെ പരസിന്റെ ശരീരത്തിന്റെ കരുത്ത് നഷ്ടപ്പെട്ടുതുടങ്ങി. ലളിതമായ കാര്യങ്ങൾ പോലും ചെയ്തുതീർക്കാൻ ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ തോൽവിസമ്മതിക്കാൻ പരസ് ഒരുക്കമായിരുന്നില്ല. 2024 ഏപ്രിൽ മുപ്പതിന് ചണ്ഡിഗഢില്‍ വച്ചു നടത്തിയ സർജറിക്കു ശേഷം പരസ് കാൻസർ മുക്തനായി. സർജറി കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ശരീരം ആരോ​ഗ്യം കൈവരിക്കുന്നതിനിടെ തന്നെ പരസ് ജിമ്മിലേക്ക് തിരികെയെത്തി. തുടർച്ചയായ പരിശീലനത്തിന്റെ ഭാ​ഗമായി പരസ് പഴയ കരുത്ത് വീണ്ടെടുത്തു. ഇന്ന് 220 കി.​ഗ്രാം ഡെഡ്ലിഫ്റ്റ് എടുത്ത് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പരസ്. 

ഇന്ന് പിന്നിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ തന്റെ മുറിപ്പാടുകളെയോർത്ത് അഭിമാനമുണ്ടെന്ന് പറയുകയാണ് പരസ്. കാൻസർ തന്റെ സ്വപ്നങ്ങളെ പിഴുതെടുത്തില്ല. അത് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്തത്. സമയത്തിന് എല്ലാം മാറ്റാനാവുമെന്നാണ് ഈ യാത്രയിൽ തിരിച്ചറിഞ്ഞു. ഇച്ഛാശക്തി ശക്തമാണെങ്കിൽ എന്തും പുനർനിർമിക്കാനാവുമെന്ന് മനസ്സിലാക്കി.- പരസ് പറയുന്നു. 

Content Highlights: Paras Bajaj, diagnosed with cancer at 18, fought back to achieve bodybuilding success