പുരുഷന്മാരിൽ കാൻസർ കേസുകൾ കൂടുന്നതിനു പിന്നിലെന്ത്? കാരണം പങ്കുവെച്ച് പഠനം

പുരുഷന്മാർക്കിടയിൽ അർബുദനിരക്കുകൾ കൂടുന്നതിനേക്കുറിച്ച് വിശകലനം ചെയ്ത് പഠനം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കിടയിൽ കാൻസർ കേസുകൾ കൂടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുകയായിരുന്നു ഗവേഷകർ. ജാമാ ഓങ്കോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനയിലെ ഷാങ്ഹായ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ചൈന, യുകെ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അർബൻ ഷാങ്ഹായിൽ നിന്നുള്ള 134,742 പേരുടെയും യുകെ ബയോബാങ്കിലെ 22 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള 455,024 പേരുടെയും വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ലിംഗഭേദമില്ലാതെ സ്ഥിരീകരിക്കുന്ന 34 തരം അർബുദങ്ങളെ പരിശോധിച്ചാണ് പഠനം നടത്തിയത്. പുരുഷന്മാരിൽ കാൻസർ കേസുകൾ കൂടുന്നതിൽ ജനിതകഘടകങ്ങൾ മുതൽ പാരിസ്ഥിതിക ഘടകങ്ങൾ വരെ കാരണമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
പുകവലി, മദ്യപാനം, ഭക്ഷണക്രമം, ചില ആരോഗ്യസ്ഥിതികൾ തുടങ്ങിയ 11 അപകടസാധ്യതാഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. ശേഷം പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കാവുന്ന അർബുദം ആർക്കൊക്കെ വരുന്നുവെന്ന് ട്രാക്ക് ചെയ്യുകയായിരുന്നു. 2020 മുതൽ 2021 വരെയുള്ള ദേശീയ, പ്രാദേശിക അർബുദ രജിസ്ട്രികളുടെ അടിസ്ഥാനത്തിലാണ് ട്രാക്ക് ചെയ്തത്.
ചൈനയിലെ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അർബുദനിരക്കിലുള്ള വ്യത്യാസത്തിന് പ്രധാനകാരണമാകുന്നത് ജീവിതശൈലിയാണെന്ന് ഗവേഷകർ പറയുന്നു. പുകവലിയാണ് അതിൽ ഏറ്റവും വലിയ ഘടകം. ഇതുകൂടാതെ മദ്യപാനവും കാരണമാകുന്നുവെന്ന് കണ്ടെത്തി. ഇവയ്ക്കു പുറമേ വിട്ടുമാറാത്ത കരൾ രോഗങ്ങളും പഴങ്ങളുടെ കുറഞ്ഞ ഉപഭോഗവും പുരുഷന്മാരിലെ കാൻസർ നിരക്ക് കൂട്ടുന്നുവെന്ന് ഗവേഷകർ പറയുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും പുകവലിയുടെയും മദ്യപാനത്തിന്റെയും കാര്യത്തിൽ വലിയ വ്യത്യാസം പുലർത്താത്ത യു.കെയിൽ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം പോലുള്ള മെറ്റബോളിക് ഘടകങ്ങളാണ് ഇവിടെ പുരുഷന്മാരിൽ കാൻസർ സാധ്യത കൂട്ടിയത്.
പുരുഷന്മാരും സ്ത്രീകളും തമ്മിൽ അർബുദനിരക്കിലുണ്ടാകുന്ന വ്യത്യാസത്തിനു പിന്നിൽ ശീലങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഉൾപ്പെട്ടിരിക്കുന്നുവെന്ന് പറയുകയാണ് ഗവേഷകർ. രാജ്യങ്ങൾക്കനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാമെന്നും അതിന് അനുയോജ്യമായ രീതിയിൽ അർബുദ പ്രതിരോധ പദ്ധതികൾ തയ്യാറാക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു.
Content Highlights: Researchers analyze why cancer rates in men are increasing compared to women, with findings published in JAMA Oncology.