കാൻസർ രോഗികൾക്ക് പകൽ പരിചരണ കേന്ദ്രങ്ങൾ; എല്ലാ ജില്ലാആശുപത്രികളിലും കാൻസർ ഡേ കെയർ സെന്ററുകൾ

കണ്ണൂർ: രാജ്യത്തെ എല്ലാ ജില്ലയിലും കാൻസർ ഡേ കെയർ സെന്ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് പ്രാധാന്യമേറെ. അഡ്മിറ്റ് ചെയ്യാതെ പകൽമാത്രം സേവനം നൽകുന്നതാണിവ. ആരോഗ്യസേവനങ്ങളിലെ വിടവുകൾ നികത്താനും രോഗികൾക്കും കുടുംബത്തിനും പിന്തുണ നൽകാനുമാണ് ലക്ഷ്യമിടുന്നത്.
ജില്ലാ ആശുപത്രികളിൽ പൂർണസജ്ജമായ കേന്ദ്രങ്ങളിൽ പരിചരണം ലഭ്യമാവുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമാവും. രാജ്യത്ത് പുതിയ കാൻസർ രോഗികളെ ഏറ്റവുമധികം കണ്ടെത്തുന്നത് കേരളത്തിലാണ്.
കഴിഞ്ഞ വർഷംമാത്രം അമ്പതിനായിരത്തിലധികം രോഗബാധിതരാണ് പുതിയതായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയതെന്നാണ് കണക്കുകൾ.
സേവനം അരികിൽ
ചിലതരം കീമോതെറാപ്പി, അനുബന്ധ കുത്തിവെപ്പുകൾ, തുടർചികിത്സകൾ, പാലിയേറ്റീവ് ചികിത്സ എന്നിവയ്ക്കായി രോഗികൾക്ക് പ്രധാന കാൻസർ ചികിത്സാകേന്ദ്രത്തിൽ എത്തേണ്ടിവരില്ല. വലിയ നിരീക്ഷണം ആവശ്യമില്ലാത്ത കീമോ മരുന്നുകൾ ഇത്തരത്തിൽ നൽകാം.
കീമോ തെറാപ്പിക്കുശേഷം രക്തകോശങ്ങൾ കുറയുന്ന അവസ്ഥ വരാം. അതിനുള്ള മരുന്നുകളും നൽകാം. ചില തുടർചികിത്സകൾ, ശസ്ത്രക്രിയയ്ക്കുശേഷം നീരുപോലുള്ള പ്രശ്നങ്ങൾ എന്നിവ കൈകാര്യംചെയ്യാം. സാന്ത്വനചികിത്സ തേടുന്നവർക്കും ആശ്വാസമാവും. തുടർചികിത്സയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപദേശ, നിർദേശങ്ങളും സ്വീകരിക്കാനുമാവും.
കാൻസർ നിർണയത്തിനുള്ള പരിശോധനകൾ നടത്താമെന്നതാണ് മറ്റൊരു ഗുണം. സ്തനങ്ങൾ, ഗർഭാശയഗളം, വായ തുടങ്ങിയവയെ ബാധിക്കുന്ന പല കാൻസറുകളും നേരത്തേ കണ്ടെത്താൻ സ്‌ക്രീനിങ് പരിശോധനകൾ സഹായിക്കും.
Content Highlights: cancer day care centers offering daytime services