കഫീൻ ഗുളികകൾ അമിതമായി കഴിച്ചു, 25-കാരന് ദാരുണാന്ത്യം; കഫീൻ അപകടമാകുന്നതെങ്ങനെ ?

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കഫീൻ ഗുളികകൾ അമിതമായി കഴിച്ച ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. യു.കെ.യിലെ കോൾചെസ്റ്ററിൽ നിന്നുള്ള ആൽഫി ഗൊഡാർഡ് ആണ് മരിച്ചത്. കഫീൻ അമിതമായി ശരീരത്തിലെത്തിയതിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ചാണ് മരണമുണ്ടായതെന്ന് ദി മിറർ റിപ്പോർട്ട് ചെയ്തു. തെരുവിൽ രക്തം ഛർദിച്ച നിലയിലാണ് ആൽഫിയെ കണ്ടെത്തിയത്.

ഹൃദയാഘാത കാരണമാകുന്നത് എപ്പോൾ?

മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ കഫീൻ നേരിട്ട് ഹൃദയാഘാതത്തിന് കാരണമാകുന്നില്ല. എന്നാൽ അമിതമായ ഉപയോഗം ഹൃദയത്തിൽ കടുത്ത സമ്മർദ്ദം ചെലുത്തി ഹൃദയാഘാതത്തിന് കാരണമായേക്കാം. അഡ്രിനാലിൻ അമിതമായി ഉയരുന്നത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ഹൃദയപേശികളെ ചുരുക്കുകയും ചെയ്യും. രക്തസമ്മർദ്ദത്തിലെ പെട്ടെന്നുള്ള വർധനവ് രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനുമിടവരുത്തും.

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ തുടങ്ങിയവയിലൂടെയാണ് കഫീൻ ശരീരത്തിലെത്തുന്നതെങ്കിലും ഓവർ-ദി-കൗണ്ടർ കഫീൻ ഗുളികകൾ ഉപയോഗിക്കുന്നവരുമുണ്ട്. ഇതിലൂടെ അളവ് അമിതമാകുന്നതാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്.

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ, പ്രീ-വർക്ക്ഔട്ട് ഉത്പ്പന്നങ്ങൾ, കഫീൻ ഗുളികകൾ എന്നിവയിൽ കാണപ്പെടുന്ന കഫീൻ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഉത്തേജകങ്ങളിൽ ഒന്നാണ്. പൊതുവേ ഇവയുടെ ഉപേയാഗം പ്രശ്നകരമല്ലെങ്കിലും അത്യധികം ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നത് അപകടാവസ്ഥയിലേക്കു നയിക്കും.

ആരോഗ്യമുള്ള മുതിർന്നയാൾക്ക് പ്രതിദിനം 400 മില്ലിഗ്രാം വരെ കഫീൻ കഴിക്കുന്നതിൽ തെറ്റില്ലെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) പറയുന്നു. എന്നിരുന്നാലും ശരീരഭാരം, മരുന്നുകൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ഇതിൽ വ്യത്യാസമുണ്ടാവാനും ഇടയുണ്ട്.

അമിതമായി കഫീൻ കഴിക്കുന്നത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും കാലക്രമേണ കൂടുതൽ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കഫീൻ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് താൽക്കാലികമായി വർധിപ്പിക്കുകയും ചെയ്യും. രക്തസമ്മർദം താൽക്കാലികമായി വർധിക്കാനും കാരണമാകും. നിലവിൽ ബ്ലഡ് പ്രഷർ ഉള്ളവരാണെങ്കിൽ കഫീൻ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

ദീർഘകാലാടിസ്ഥാനത്തിലുള്ള അമിതമായ ഉപയോഗം ആസിഡ് റിഫ്‌ലക്‌സ് ഉൾപ്പെടെയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ദീർഘകാല ഉറക്ക പ്രശ്‌നങ്ങൾക്കും വൃക്കയുടെ ആരോഗ്യം തകരാറിലാവാനും ഇടയാക്കും.

കഫീൻ കൂടുന്നത് നാഡീവ്യൂഹത്തെ അമിതമായി ഉത്തേജിപ്പിക്കുന്നതുമൂലം ഉത്കണ്ഠ, ദേഷ്യം, അകാരണമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. പാനിക്ക് അറ്റാക്ക് അടക്കം ഉണ്ടാക്കിയേക്കാം. കഫീൻ കൂടുന്നതിന്റെ മറ്റൊരു പ്രധാന പാർശ്വഫലങ്ങളിലൊന്ന് തലവേദനയാണ്. തലവേദനയ്ക്കുള്ള ചില മരുന്നുകളിൽ ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ അമിതമായ അളവിൽ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.

ഇതുകൂടാതെ ദഹനവ്യവസ്ഥ തകരാറിലാവാനും സാധ്യതയുണ്ട്. കഫീൻ അമിതമായി കഴിക്കുന്നത് വയറിൽ അസ്വസ്ഥത ഉണ്ടാക്കുകയും ഓക്കാനം ഛർദി തുടങ്ങിയവയ്ക്കും നിർജലീകരണത്തിനും സാധ്യതയുണ്ട്. കഫീന്റെ അളവ് വളരെ ഉയർന്നാൽ അപസ്മാരത്തിനും കാരണമാകാം.

Content Highlights: A 25-year-old in Colchester, UK, dies from a heart attack after consuming excessive caffeine pills, highlighting the dangers of overdose.