‘കാമുകിയുടെ ആർത്തവരക്തം ഫ്രീസറിൽ സൂക്ഷിച്ചിട്ടുണ്ട്’, കാരണം പങ്കുവെച്ച് ബ്രയാൻ ജോൺസൺ

പ്രായം കൂടുന്നത് തടയാനും യുവത്വം കാത്തുസൂക്ഷിക്കാനുമായി കോടികൾ ചെലവിട്ട് വാർത്തകളിൽ നിറഞ്ഞ ശതകോടീശ്വരനാണ് ബ്രയാൻ ജോൺസൺ. 2039 ആകുന്നതോടെ അമരത്വം കൈവരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബ്രയാൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാമുകിയുടെ ആർത്തവരക്തം ഗവേഷണത്തിനായി ഫ്രീസറിൽ സൂക്ഷിക്കാറുണ്ടെന്ന ബ്രയാന്റെ തുറന്നുപറച്ചിലാണ് ശ്രദ്ധനേടുന്നത്.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ബ്രയാൻ ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ ഗവേഷണത്തിന്റെ ഭാഗമായി കാമുകിയുടെ ആർത്തവരക്തം ലബോറട്ടറി ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് ബ്രയാൻ പറഞ്ഞത്. കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവ രക്തത്തിന്റെ 10 മില്ലി സാമ്പിൾ -80 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ചിട്ടുള്ള ഒരു ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു ബ്രയാൻ തുറന്നെഴുതിയത്.
പോസ്റ്റ് വൈറലായതിനു പിന്നാലെ പലരും ഈ രീതിക്കുപിന്നിലെ കാരണമെന്തെന്ന ചോദ്യങ്ങൾ പങ്കുവെച്ചതോടെ അതിനുള്ള മറുപടിയും ബ്രയാൻ നൽകി. ഗർഭപാത്രത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്നതിനാൽ സാധാരണ രക്തപരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങളേക്കാൾ കൂടുതൽ ആർത്തവരക്തത്തിൽ നിന്നു ലഭിക്കുമെന്നാണ് ബ്രയാൻ ഇതിനുകാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ ഗവേഷകർക്ക് ഗർഭാശയ കോശങ്ങൾ, പ്രതിരോധ കോശങ്ങൾ, സ്റ്റെം സെല്ലുകൾ എന്നിവയേക്കുറിച്ച് ഗവേഷണം ചെയ്യാനാകും. കൂടാതെ മൈക്രോപ്ലാസ്റ്റിക്കുകളും ഹോർമോണുകളുടെ പ്രവർത്തനത്തിനു തടസ്സമാകുന്ന കെമിക്കലുകളുമൊക്കെ ആർത്തവരക്തത്തിൽ അടങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കാനും കഴിയുമെന്നും ബ്രയാൻ കൂട്ടിച്ചേർക്കുന്നു.
മൂല്യവത്തായതും എന്നാൽ വേണ്ടത്ര പ്രയോജനപ്പെടുത്താത്തതുമായ ഒന്നാണ് ആർത്തവരക്തമെന്നും ബ്രയാൻ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. ആർത്തവസമയത്ത് അവ ശേഖരിച്ചുവെച്ച് ഗവേഷണം നടത്തുന്നതിലൂടെ ബയോപ്സി പോലുള്ള രീതികളില്ലാതെ ഗർഭപാത്രത്തിന്റെ ആരോഗ്യം വിലയിരുത്താനാകുമെന്നും ബ്രയാൻ പറയുന്നു.
കുറിപ്പു പങ്കുവെച്ചതിനു പിന്നാലെ ശരിതെറ്റുകൾ ചൂണ്ടിക്കാട്ടി പോസ്റ്റ് വൈറലാവുകയും ചെയ്തു. ശാസ്ത്രീയമേഖലയിലെ പരമ്പരാഗതരീതികൾക്കപ്പുറം ചിന്തിക്കുന്നുവെന്ന് ചിലർ പ്രശംസിച്ചപ്പോൾ മറ്റുചിലർ യാതൊരു അടിസ്ഥാനവുമില്ലാത്ത മാർഗങ്ങൾ അവലംബിക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു.
Kate’s period blood is in my -80 °C freezer.
Around 10 mL. pic.twitter.com/OdLxO9qyJu— Bryan Johnson (@bryan_johnson) July 31, 2026
പ്രായം കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത ഡയറ്റുകൾ, വ്യായാമം, ഉറക്കത്തിന്റെ രീതി, പരീക്ഷണ ചികിത്സകൾ എന്നിവയ്ക്കായി ബ്രയാൻ ജോൺസൺ ഇതിനകം പതിനെട്ടുകോടിയോളം ചെലവഴിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കർശനമായ ആരോഗ്യചിട്ടകളിലൂടെയും ഹെൽത്ത് സപ്ലിമെന്റുകളിലൂടെയും തന്റെ പ്രായം അഞ്ചുവയസ്സുവരെ കുറച്ചതായി ബ്രയാൻ നേരത്തെ അവകാശപ്പെട്ടിരുന്നു.
Content Highlights: Bryan Johnson is storing 10ml of his girlfriend's menstrual blood at -80°C., The goal is to research uterine cells, stem cells, and hormonal disruptions., Johnson claims menstrual blood is an underutilized resource for assessing uterine health.