'സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം ഇന്ന് അതീവ സൗമ്യൻ'; ബ്രൂസ് വില്ലിസിന്റെ ആരോഗ്യത്തെക്കുറിച്ച് മകൾ

ഹോളിവുഡ് ഇതിഹാസ നടൻ ബ്രൂസ് വില്ലിസിന്റെ ആരോഗ്യനിലയെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ച് മകൾ റൂമർ വില്ലിസ്. രോഗബാധിതനായശേഷം തന്റെ പിതാവ് മൃദുലനും വൈകാരികമായി കൂടുതൽ സൗമ്യനുമായെന്ന് റൂമർ വില്ലിസ് പറഞ്ഞു. 'ഡൈ ഹാർഡ്' പോലുള്ള ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയങ്കരനായ താരം, 2022-ലാണ് തനിക്ക് 'അഫാസിയ' (aphasia) എന്ന രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് അഭിനയരംഗത്തുനിന്ന് വിരമിച്ചത്.
ദി ഇൻസൈഡ് എഡിറ്റിലെ സംഭാഷണത്തിനിടെയാണ് റൂമർ വില്ലിസ് തന്റെ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. തന്റെ പിതാവിന്റെ വ്യക്തിത്വത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് റൂമർ വളരെ വികാരാധീനയായാണ് സംസാരിച്ചത്. വർഷങ്ങളോളം വെള്ളിത്തിരയിൽ പൗരുഷത്തിന്റെ പ്രതീകം എന്ന ഇമേജ് ഉണ്ടായിരുന്ന താരം, രോഗബാധിതനായ ശേഷം കൂടുതൽ സൗമ്യനും വികാരാധീനനുമായി മാറിയെന്ന് റൂമർ പറയുന്നു. പിതാവിന്റെ ഈ പുതിയ ഭാവത്തിൽ ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്നും അത് താൻ ഏറെ വിലമതിക്കുന്നുവെന്നും 37-കാരിയായ റൂമർ കൂട്ടിച്ചേർത്തു.
ഫ്രോണ്ടോടെമ്പോറൽ ഡിമെൻഷ്യ എന്ന അവസ്ഥ സമൂഹത്തിൽ എത്രത്തോളം വ്യാപകമാണെന്ന് പിതാവിന് രോഗം വരുന്നത് വരെ തനിക്ക് അറിയില്ലായിരുന്നുവെന്ന് റൂമർ സമ്മതിച്ചു. തന്റെ പിതാവിന്റെ അവസ്ഥ അറിഞ്ഞ ശേഷം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേർ തന്നെ സമീപിക്കാറുണ്ടെന്നും അവർ പറഞ്ഞു. ബ്രൂസ് വില്ലിസിന് രോഗം ബാധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നിലവിലെ ഭാര്യ എമ്മ ഹെമിംഗും മുൻഭാര്യ ഡെമി മൂറും അവരുടെ മക്കളും ഒത്തൊരുമിച്ചാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നത്.
നിലവിൽ ബ്രൂസ് വില്ലിസിന്റെ സംസാരശേഷി കുറഞ്ഞുവരികയാണെങ്കിലും ആശയവിനിമയത്തിനായി കുടുംബം പുതിയ രീതികൾ അവലംബിച്ചിട്ടുണ്ട്. 2023 ഫെബ്രുവരിയിലാണ് ബ്രൂസ് വില്ലിസിന് ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ സ്ഥിരീകരിച്ചത്. രോഗനിർണ്ണയം വേദന നിറഞ്ഞതാണെങ്കിലും, കൃത്യമായ രോഗാവസ്ഥ എന്താണെന്ന് തിരിച്ചറിയാൻ സാധിച്ചതിൽ കുടുംബം ആശ്വാസം പ്രകടിപ്പിച്ചിരുന്നു. നിലവിൽ ബ്രൂസ് വില്ലിസ് ശാരീരികമായി ആരോഗ്യവാനാണെങ്കിലും അദ്ദേഹത്തിന്റെ മസ്തിഷ്ക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്താണ് ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ?
ഡിമെൻഷ്യയുടെ അത്ര സാധാരണമല്ലാത്ത ഒരു രൂപമാണ് ഇത്. ചെറുപ്പക്കാരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. തീരുമാനമെടുക്കൽ, വൈകാരിക പ്രകടനങ്ങൾ, ഭാഷ എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഫ്രോണ്ടൽ, ടെംപോറൽ ലോബുകൾക്ക് സംഭവിക്കുന്ന നാശം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, സംസാരിക്കാനോ സംസാരം മനസ്സിലാക്കാനോ ഉള്ള ബുദ്ധിമുട്ട്, വ്യക്തിത്വത്തിലെ മാറ്റങ്ങൾ, വിവേചനബുദ്ധി നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടെ പലതരം ലക്ഷണങ്ങളിലേക്ക് ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ നയിച്ചേക്കാം. ഇതിന് നിലവിൽ മരുന്നുകളൊന്നുമില്ല. രോഗലക്ഷണങ്ങൾ നിയന്ത്രിച്ച് രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്.
എന്താണ് അഫേസിയ?
ആശയവിനിമയത്തിന് സഹായിക്കുന്ന തലച്ചോറിന്റെ വിവിധ ഭാഗങ്ങൾക്ക് തകരാറുണ്ടാകുമ്പോൾ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് അഫേസിയ. പ്രധാനമായും തലച്ചോറിന്റെ ഇടതുവശത്തെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇത് ഭാഷ പ്രകടിപ്പിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡെഫ്നസ് ആൻഡ് അതർ കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, അഫേസിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് പക്ഷാഘാതമാണ് (സ്ട്രോക്ക്).
Content Highlights: Rumer Willis shared a heartfelt update on her father, action icon Bruce Willis, revealing that his frontotemporal dementia (FTD) diagnosis has made him noticeably softer and more emotionally tender, moving away from his classic "macho dude" persona.