പ്രാതൽ കഴിക്കാത്തവരിൽ ഹൃദയാഘാതസാധ്യത കൂടുതൽ, പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാൻ ഒരുകാരണംകൂടി

#Health Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രാതൽ ഒഴിവാക്കുന്നതിന് പലരും പല ന്യായങ്ങൾ പറയാറുണ്ട്. ചിലർക്ക് ജോലിത്തിരക്കിലുള്ള ഓ‌ട്ടത്തിനിടയിൽ സമയം കിട്ടുന്നില്ലെന്നാണെങ്കിൽ ഇനി ചിലർ വണ്ണംകുറയ്ക്കാൻ വേണ്ടിയാണ് പ്രാതൽ ഒഴിവാക്കുന്നത്. പ്രാതൽ ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ പ്രാതൽ കഴിക്കാതിരിക്കുന്നത് ഹൃദയാഘാതസാധ്യത കൂട്ടുമെന്നു വ്യക്തമാക്കുന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്.

ഹാർവാർഡ‍് സ്കൂൾ പബ്ലിക് ഹെൽത്തിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സർക്കുലേഷൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായമായ പുരുഷന്മാരിലാണ് പ്രാതലും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുള്ള പഠനം നടത്തിയത്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാൾ 27 ശതമാനം ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി.

പ്രഭാതഭക്ഷണം കഴിക്കാത്തവർക്ക് ദിവസത്തിന്റെ പിന്നീടുള്ള സമയത്ത് കൂടുതൽ വിശപ്പ് അനുഭവപ്പെടാനും വലിയ തോതിൽ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. അതുവഴി ശരീരത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കലോറിയെത്തും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ധമനികൾ അടഞ്ഞുപോകുന്നതിലേക്ക് നയിക്കുകയും ചെയ്തേക്കാമെന്നാണ് ഗവേഷകർ കരുതുന്നത്. പൊതുവെ പ്രഭാതഭക്ഷണം കഴിക്കുന്നവർ ആരോഗ്യകരമായ ആഹാരം കഴിക്കാൻ താല്പര്യപ്പെടുന്നവരാകുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

1992-ലാണ് പഠനം ആരംഭിച്ചത്. ഏകദേശം 27,000 പുരുഷന്മാരോട് അവരുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ച് സർവേ നടത്തിയാണ് പഠനം നടത്തിയത്. അവരിൽ ഏകദേശം 13 ശതമാനവും പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണെന്ന് പറഞ്ഞു. തുടർന്നുള്ള 16 വർഷത്തിനുള്ളിൽ 1,527 പേർക്ക് മാരകമായോ അല്ലാത്തതോ ആയ ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തി. ഹൃദയാഘാതം ഉണ്ടായവരിൽ പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നുവെന്നു പറഞ്ഞ 171 പേരും ഉൾപ്പെട്ടിരുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കിയ പുരുഷന്മാരിൽ 7 ശതമാനത്തിലധികം പേർക്ക് ഹൃദയാഘാതം ഉണ്ടായപ്പോൾ, പ്രഭാതഭക്ഷണം കഴിച്ചവരിൽ ഇത് ഏകദേശം 6 ശതമാനമായിരുന്നു. പ്രഭാതഭക്ഷണം ഒരു പ്രധാന ഭക്ഷണമാണെന്ന ലളിതസന്ദേശമാണ് പഠനം പങ്കുവെക്കുന്നതെന്നും ഒരുകാരണവശാലും ഒഴിവാക്കരുതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ

ശരീരഭാരം വർധിക്കൽ

ഉച്ചവരെ ഒന്നും കഴിക്കാതിരിക്കുന്നത് കൂടുതൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. ഇതുകൂടാതെ, മധുരം കൂടുതൽ അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണത്തെയും വിശപ്പടക്കാൻ കഴിക്കേണ്ടതായി വരും. ഇത് ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും.

പ്രമേഹം

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനാണിത്. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാൻ ഇടയാക്കിയേക്കും.

ഡിമെൻഷ്യ

പ്രഭാതഭക്ഷണം മുടങ്ങുമ്പോൾ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊർജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെൻഷ്യപോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മൈഗ്രേൻ

പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മർദം വർധിപ്പിക്കും. രക്തസമ്മർദം വർധിക്കുന്നത് തുടക്കത്തിൽ ചെറിയ തലവേദനയ്ക്ക് കാരണമാകും. പതിവായി ഭക്ഷണം മുടക്കുമ്പോൾ കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും.

രോഗപ്രതിരോധശേഷി കുറയ്ക്കും

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് പോഷകങ്ങൾ അടങ്ങിയ ആഹാരം അവശ്യഘടകമാണ്. ഇത് ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ബാക്ടീരിയകൾക്കെതിരേയും വൈറസിനെതിരേയുമുള്ള പോരാട്ടത്തിൽ ശരീരം തകരും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരിൽ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവർത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: New study reveals skipping breakfast may raise heart attack risk by 27% in older men, highlighting the importance of morning meals.